കാലഫോര്‍ണിയ: കള്ളന്‍മാര്‍ എന്ന് കേട്ടാല്‍ തന്നെ നെഞ്ചിലൊരാളലാണ് മിക്കവര്‍ക്കും. ജീവിതത്തോട് പൊരുതി നേടിയ പലതും ഒരൊറ്റ നിമിഷം കൊണ്ട് അപഹരിക്കാന്‍ കഴിവുള്ളതുകൊണ്ടാണ് കള്ളന്‍മാരെ നമുക്ക് പേടി. എന്നാല്‍ ഇതില്‍ നിന്നെല്ലാം വിത്യസ്തനാണ് ഒരു അമേരിക്കന്‍ കള്ളന്‍.ഒരു മൊട്ടുസൂചിപോലും മോഷ്ടിക്കാതെയാണ് അജ്ഞാതനായ ഈ കള്ളന്‍ താരമായത്.
നാത് റോമന്‍ എന്ന 44കാരന്റെ വീട്ടിലാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി ഈ സംഭവം നടന്നത്. അമേരിക്കയിലെ മസാച്ചുസെറ്റ്‌സില്‍ താമസിക്കുന്ന നാത് മെയ് 15നാണ് വീട് വിട്ട് പുറത്തുപോവുന്നത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തി. എന്നാല്‍ വീട്ടില്‍ നിന്നും ഇറങ്ങിയ പോലെയായിരുന്നില്ല തിരച്ചെത്തിയപ്പോള്‍ ! വീടിനുള്ളില്‍ അലങ്കോലമാക്കി കിടന്ന റൂം വൃത്തിയാക്കി വച്ചിരിക്കുന്നു. ഒരു ബാച്ച്‌ലര്‍ ആയി ജീവിക്കുന്നതിന്റെ എല്ലാ അലങ്കോലങ്ങളും നിറഞ്ഞുനിന്ന വീടാണ് മണിക്കൂറുകള്‍ക്കുള്ളില്‍ അടുക്കും ചിട്ടയുമുള്ള ഒരിടമായത്. ബെഡ്ഡ് ഷീറ്റ് ഭംഗിയായി വിരിച്ചതുമുതല്‍ കക്കൂസ് വൃത്തിയാക്കിയതുവരെ സംഭവിച്ചിരിക്കുന്നു. കൂടാതെ അഥിതിയെ സ്വീകരിക്കാനെന്ന മട്ടില്‍ ബാത്ത്‌റൂമില്‍ ടോയ്‌ലറ്റ് പേപ്പര്‍ കൊണ്ട് റോസാപ്പൂക്കളും ഉണ്ടാക്കി വച്ചിരിക്കുന്നു. ഇതെല്ലാം കണ്ട് അന്തംവിട്ട് നാത് പോലിസിനെ വിവരം അറിയിച്ചു. പോലിസ് വന്ന് പരിശോധിച്ചെങ്കിലും ഒരു മൊട്ടുസൂചി പോലും മോഷ്ടിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ പരാതി എടുത്തില്ല. വളരെ വിചിത്രമായ സംഭവമാണെന്നും ഇതുവരെ മേഖലയില്‍ ഇങ്ങനെയൊരു സംഭവം റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും പോലിസ് പറയുന്നു. അതേസമയം, വീട് വൃത്തിയാക്കുന്ന ജോലിക്കാര്‍ വീട് മാറി കയറിയതാകുമെന്നാണ് പോലിസ് നിഗമനം.
എന്നാല്‍ എല്ലാ മാസവും കള്ളന്‍ കയറിയാല്‍ നല്ലതാണെന്നാണ് നാത് ആഗ്രഹിക്കുന്നത്.