ജിഷ്ണു പ്രണോയ് മറഞ്ഞിട്ട് രണ്ടാണ്ട്; ഇനിയും നീതി ലഭിക്കാതെ കുടുംബം

മകന്റെ മരണത്തിന് ഉത്തരവാദികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിപ്പ് തുടരുകയാണ് ജിഷ്ണുവിന്റെ കുടുംബം

Update: 2019-01-06 05:28 GMT

കോഴിക്കോട്: പാമ്പാടി നെഹ്രു എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് (17) ഓര്‍മകളിലേക്ക് മറഞ്ഞിട്ട് ഇന്നേക്ക് രണ്ടാണ്ട് തികയുന്നു. ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയാക്കിയ സംഭവത്തില്‍ മകന്റെ മരണത്തിന് ഉത്തരവാദികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിപ്പ് തുടരുകയാണ് ജിഷ്ണുവിന്റെ കുടുംബം. ചരമദിനത്തില്‍ ജന്‍മനാട്ടില്‍ ജിഷ്ണുവിന്റെ കുടുംബം പങ്കെടുക്കുന്ന അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 2017 ജനുവരി ആറിനു വൈകീട്ടാണു ഹോസ്റ്റലിലെ ശുചിമുറിയിലെ കൊളുത്തിലെ തോര്‍ത്തില്‍ തൂങ്ങിയ നിലയില്‍ ജിഷ്ണുവിനെ കൂട്ടുകാര്‍ കാണുന്നത്. വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോപ്പിയടിച്ചെന്നാരോപിച്ചു കോളജ് അധികൃതരെടുത്ത നടപടികളെ തുടര്‍ന്ന് ജിഷ്ണു ആത്മഹത്യ ചെയ്‌തെന്നായിരുന്നു പോലിസ് ഭാഷ്യം. എന്നാല്‍, കോളജിലെ ഇടിമുറിയും കണ്ടെത്തിയ രക്തക്കറയും ദുരൂഹതകള്‍ക്കിടയാക്കി. വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. ജിഷ്ണുവിന്റെ മരണത്തോടെ സ്വാശ്രയ കോളജ് മാനേജ്‌മെന്റുകള്‍ക്കെതിരേ സംസ്ഥാനത്തു വിദ്യാര്‍ഥി പ്രക്ഷോഭം വ്യാപകമായി. നെഹ്‌റു കോളജ് അടിച്ചുതകര്‍ക്കപ്പെട്ടതോടെ അനിശ്ചിതകാലത്തേക്കു കോളജ് അടച്ചു. ജിഷ്ണുവിന്റെ മരണത്തിനിടയാക്കിയവരെ അറസ്റ്റുചെയ്യണമെന്നും കുറ്റാരോപിതരായവരെ കോളജില്‍നിന്നു പുറത്താക്കണമെന്നുമാവശ്യപ്പെട്ട് വിദ്യാര്‍ഥി- യുവജന സംഘടനകള്‍ സമരം ശക്തമാക്കി. തുടര്‍ന്നു കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു.

ജിഷ്ണുവിന്റെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളെപ്പറ്റി പോലിസ് അന്വേഷണങ്ങളെല്ലാം വഴിമുട്ടി. ജിഷ്ണുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ നേതാക്കളുടെ ഒഴുക്കായിരുന്നു. കോഴിക്കോട് ജില്ലയില്‍ പലതവണ ഉണ്ടായിട്ടും ജിഷ്ണുവിന്റെ വളയത്തെ വീട്ടിലെത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടാക്കാത്തതും വിവാദമായി.

ഒടുവില്‍ മകന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താന്‍ സഹായം ചോദിച്ച് ഡിജിപിയെ കാണാനെത്തിയ അമ്മ മഹിജയെയും കുടുംബത്തെയും പോലിസ് റോഡിലൂടെ വലിച്ചിഴച്ചതിനെതിരേ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം കത്തിപ്പടര്‍ന്നു. മുഖ്യമന്ത്രിയെ നേരിട്ടുകാണാനുള്ള കുടുംബത്തിന്റെ ആവശ്യവും ആദ്യം നിരസിച്ചു. ഇതിനെതിരേ പ്രതിഷേധം ശക്തമായതോടെയാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് കുടുംബത്തിന് വഴിയൊരുങ്ങിയത്. ഏറെ ദുരൂഹതകള്‍ നിറഞ്ഞ കേസ് സിബിഐ ഏറ്റെടുത്തെങ്കിലും പിന്നീട് പിന്‍മാറി. സുപ്രിംകോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് വീണ്ടും മനസ്സില്ലാ മനസ്സോടെ സിബിഐ അന്വേഷണത്തിന് തയ്യാറായത്. പി കൃഷ്ണദാസ് അടക്കമുള്ള മാനേജ്‌മെന്റ് പ്രതിനിധികള്‍ കേസില്‍നിന്ന് ഊരാനുള്ള നെട്ടോട്ടത്തിലാണ്. അതേസമയം, കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് സാക്ഷികളെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന ആരോപണവുമായി സിബിഐ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. കേസില്‍ സാക്ഷികളായ വിദ്യാര്‍ഥികളെ തോല്‍പ്പിക്കുന്നത് അടക്കമുള്ള നടപടികളാണ് കോളജ് സ്വീകരിക്കുന്നത്. ജിഷ്ണുവിന്റെ കേസുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം നശിപ്പിക്കപ്പെട്ടെന്നും സിബിഐ പറയുന്നു. സിബിഐ അന്വേഷണത്തിലൂടെ തങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന വിശ്വാസത്തിലാണ് കുടുംബം.




Tags:    

Similar News