ന്യൂഡല്‍ഹി: വാടക ഗര്‍ഭധാരണത്തിന് താല്‍പര്യമുള്ള ദമ്പതിമാര്‍ അഞ്ചു വര്‍ഷത്തെ കാലാവധി പാലിക്കണമെന്ന നിബന്ധന രണ്ടു വര്‍ഷമായി ചുരുക്കണമെന്ന് കെ സോമപ്രസാദ് എംപി. വാടക ഗര്‍ഭധാരണ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്ധ്യത കണ്ടെത്താന്‍ ഇന്ന് ഫലപ്രദമായ മാര്‍ഗങ്ങള്‍ വൈദ്യശാസ്ത്രത്തിന് ലഭ്യമാണെന്നതിനാല്‍ അഞ്ചു വര്‍ഷത്തെ കാലാവധി എന്നത് രണ്ടു വര്‍ഷമായി ചുരുക്കണമെന്നാണ് അദ്ദേഹം ലോക്‌സഭയില്‍ ആവശ്യപ്പെട്ടത്. ഏറ്റവും അടുത്ത ബന്ധു എന്നത് ബില്ലില്‍ കൃത്യമായി നിര്‍വചിച്ചിട്ടില്ലെന്നും ഇതുമൂലം മതപരവും വിശ്വാസപരവുമായ കാരണങ്ങളാല്‍ അടുത്ത ബന്ധുവെന്ന പരിഗണന വാടക ഗര്‍ഭധാരണത്തിന് തടസ്സമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സറോഗസി ബോര്‍ഡില്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്നും സുപ്രിം കോടതിയും ഭരണഘടനയും അംഗീകരിച്ചിട്ടുള്ള ലൈംഗിക ന്യൂനപക്ഷങ്ങള്‍, ഭിന്ന ലൈംഗിക വ്യക്തികള്‍ എന്നിവരെക്കുറിച്ച് ബില്ല് മൗനം പാലിക്കുന്നുണ്ടെന്നും ഈ ന്യൂനതകള്‍ ബില്ലിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.