കാബൂള്‍ സര്‍വകലാശാലയില്‍ സായുധാക്രമണം: 19 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു, 22 പേര്‍ക്ക് പരിക്ക്

അക്രമികള്‍ ഏതാനും വിദ്യാര്‍ഥികളെയും അധ്യാപകരെയും ബന്ധികളാക്കി. പോലിസുമായി മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ മോചിപ്പിക്കാനായത്.

Update: 2020-11-02 15:04 GMT

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ സര്‍വകലാശാലയിലുണ്ടായ സായുധാക്രമണത്തില്‍ 19 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായും 22 ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ട്. സുരക്ഷാസേനയും സായുധരുമായി മണിക്കൂറുകളോളം ഏറ്റുമുട്ടലുണ്ടായതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച രാവിലെ 11.30 ഓടെയായിരുന്നു ആക്രമണം. മൂന്നുപേരാണ് ആക്രമണം നടത്തിയത്. അക്രമികളില്‍ ഒരാള്‍ സര്‍വകലാശാലയുടെ ഗേറ്റില്‍ സ്‌ഫോടനം നടത്തുകയും മറ്റുരണ്ടുപേര്‍ കാംപസില്‍ പ്രവേശിച്ച് വിദ്യാര്‍ഥികള്‍ക്കുനേരേ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് താരിഖ് ഏരിയന്‍ എഎഫ്പിയോട് പറഞ്ഞു.

കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണെന്ന് കാബൂള്‍ പോലിസ് വക്താവ് ഫെര്‍ദോസ് ഫാരമേഴ്‌സ് പറഞ്ഞു. അക്രമികള്‍ ഏതാനും വിദ്യാര്‍ഥികളെയും അധ്യാപകരെയും ബന്ധികളാക്കി. പോലിസുമായി മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ മോചിപ്പിക്കാനായത്. വെടിവയ്പില്‍നിന്ന് രക്ഷപ്പെടാനായി നൂറുകണക്കിനാളുകള്‍ കാംപസിലെ മതിലുകള്‍ ചാടിക്കടന്നതായും റിപോര്‍ട്ടുകളുണ്ട്. കാംപസില്‍ സംഘടിപ്പിച്ച ഇറാനിയന്‍ പുസ്തകമേളയുടെ ഉദ്ഘാടനത്തിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെത്താനിരിക്കെയാണ് ആക്രമണമുണ്ടായതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയ വക്താവ് ഹമീദ് ഒബൈദി പറഞ്ഞു. ആക്രമണം നടക്കുന്നതിനിടെ അഫ്ഗാന്‍ സുരക്ഷാസേന പ്രദേശത്തെ വളഞ്ഞു.

സര്‍വകലാശാലയിലേക്കുള്ള എല്ലാ റോഡുകളും അടച്ചു. കാബൂള്‍ സര്‍വകലാശാലയില്‍ തിങ്കളാഴ്ച നടന്ന അക്രമത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് താലിബാന്‍ പ്രതികരിച്ചു. സര്‍വകലാശാലയില്‍ വെടിവയ്പ്പ് നടക്കുമ്പോള്‍ ഞങ്ങള്‍ ക്ലാസ് മുറികളില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് 23 കാരനായ ഫ്രൈഡൂണ്‍ അഹ്മദി പറഞ്ഞു. തന്നെയും മറ്റ് നിരവധി വിദ്യാര്‍ഥികളെയും രണ്ടുമണിക്കൂറിലധികം അക്രമികള്‍ തടഞ്ഞുവച്ചുവെന്നും അഹ്മദി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞയാഴ്ച പടിഞ്ഞാറന്‍ കാബൂളിലെ ഒരു വിദ്യാഭ്യാസ കേന്ദ്രത്തിന് നേരെ നടന്ന സായുധാക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Tags:    

Similar News