അമേരിക്കയില്‍ തോക്കുധാരി 20 പേരെ വെടിവച്ചുകൊന്നു; വംശീയതയെന്ന് സംശയം
സംഭവത്തിന് പിന്നില്‍ വംശീയ വിദ്വേഷമാണോ എന്ന കാര്യം പോലിസ് അന്വേഷിച്ചുവരികയാണ്. ഡള്ളസിനു പരിസരത്തെ അലനില്‍ നിന്നുള്ള 21കാരനെ പോലിസ് അറസ്റ്റ് ചെത്തയായി എല്‍പാസോ പോലിസ് മേധാവി ഗ്രെഗ് അലന്‍ പറഞ്ഞു.
വാഷിങ്ടണ്‍: ടെക്‌സസിലെ എല്‍ പാസ്‌കോയിലുള്ള വാള്‍മാര്‍ട്ട് സ്‌റ്റോറില്‍ നടന്ന വെടിവയ്പ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ടെക്‌സസിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകര ദിനമെന്ന് സംഭവത്തെ ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് വിശേഷിപ്പിച്ചു. ചെവി മറച്ച് കറുത്ത ടീഷര്‍ട്ട് ധരിച്ചയാള്‍ തുരുതുരാ വെടിയുതിര്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എകെ-47 തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്നാണ് കരുതുന്നത്.
സംഭവത്തിന് പിന്നില്‍ വംശീയ വിദ്വേഷമാണോ എന്ന കാര്യം പോലിസ് അന്വേഷിച്ചുവരികയാണ്. ഡള്ളസിനു പരിസരത്തെ അലനില്‍ നിന്നുള്ള 21കാരനെ പോലിസ് അറസ്റ്റ് ചെത്തയായി എല്‍പാസോ പോലിസ് മേധാവി ഗ്രെഗ് അലന്‍ പറഞ്ഞു. പാട്രിക് ക്രുസീയസ് എന്ന വെളുത്ത വംശജനാണ് അറസ്റ്റിലായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
പ്രാദേശിക സമയം രാവിലെ 10.30ഓടെയായിരുന്നു സംഭവം. ആറ് മിനിറ്റിനകം പോലിസ് സംഭവ സ്ഥലത്തെത്തി. വാള്‍മാര്‍ട്ടില്‍ സ്‌കൂളിലേക്കുള്ള സാമഗ്രികള്‍ വാങ്ങാനെത്തിയ ഉപഭോക്താക്കളുടെ നല്ല തിരക്കായിരുന്നു ആ സമയത്ത്.
ഓണ്‍ലൈന്‍ ഫോറത്തില്‍ പോസ്റ്റ് ചെയ്ത വെളുത്ത വംശമേധാവിത്വത്തെ പ്രകീര്‍ത്തിക്കുന്ന മാനിഫെസ്റ്റോയെക്കുറിച്ച് പോലിസ് അന്വേഷിച്ചുവരികയാണ്. വിദ്വേഷ കുറ്റകൃത്യ സംഘത്തിന്റെ ഭാഗമാണ് അക്രമിയെന്നാണ് നിലവിലെ സൂചനയെന്ന് പോലിസ് മേധാവി പറഞ്ഞു.
ഹിസ്പാനിക് വിഭാഗത്തെ ലക്ഷ്യമിട്ടുള്ളതാണ് ആക്രമണമെന്നാണ് മാനിഫെസ്റ്റോയില്‍ പറയുന്നത്. മെക്‌സിക്കോയുടെ അതിര്‍ത്തിപ്രദേശമായ എല്‍ പാസോ ഹിസ്പാനുകള്‍ക്ക് ഭൂരിപക്ഷമുള്ള സ്ഥലമാണ്.
വളരെ മോശമായ റിപോര്‍ട്ടാണ് ലഭിച്ചിരിക്കുന്നതെന്നും നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ഒരാഴ്ച്ചയ്ക്കുള്ളില്‍ അമേരിക്കയിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ നടക്കുന്ന രണ്ടാമത്തെ വെടിവയ്പ്പാണിത്. കഴിഞ്ഞയാഴ്ച്ച അവസാനം കാലഫോണിയയില്‍ വെടിവയ്പ്പ് നടന്നിരുന്നു.
മരിച്ചവരുടെ എണ്ണത്തെക്കുറിച്ച് വ്യത്യസ്ത റിപോര്‍ട്ടുകളാണു പുറത്തുവരുന്നത്. 19 പേര്‍ കൊല്ലപ്പെട്ടതായും 40 പേര്‍ക്ക് പരിക്കേറ്റതായും എന്‍ബിസി നെറ്റ്‌വര്‍ക്ക് റിപോര്‍ട്ട് ചെയ്തു. 15നും 20നും ഇടയില്‍ ആളുകള്‍ കൊല്ലപ്പെട്ടതായി ടെകസസ് അറ്റോണി ജനറലിനെ ഉദ്ധരിച്ച് സിബിഎസ് റിപോര്‍ട്ട് ചെയ്തു. 18 പേര്‍ കൊല്ലപ്പെട്ടതായാണ് എബിസി ന്യൂസിന്റെ റിപോര്‍ട്ട്. രണ്ട് വയസിനും 82 വയസിനും ഇടയിലുള്ളവര്‍ കൊല്ലപ്പെട്ടവരിലുണ്ടെന്ന് വിവിധ റിപോര്‍ട്ടുകള്‍ പറയുന്നു. സംഭവം നടക്കുന്ന സമയത്ത് 1000നും 3000നും ഇടയില്‍ ഉപഭോക്താക്കള്‍ വാള്‍മാര്‍ട്ടില്‍ ഉണ്ടായിരുന്നു.