യുക്രെയ്‌നില്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

Update: 2022-03-13 17:36 GMT

കീവ്: യുക്രെയ്‌നില്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ന്യൂയോര്‍ക്ക് ടൈംസ് മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ബ്രെന്റ് റെനോഡ് (50) എന്ന ഫോട്ടോഗ്രാഫറാണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി എഎഫ്പി റിപോര്‍ട്ട് ചെയ്തു. മൃതദേഹത്തില്‍നിന്ന് ന്യൂയോര്‍ക്ക് ടൈംസ് വീഡിയോ ജേര്‍ണലിസ്റ്റ് എന്ന കാര്‍ഡ് ലഭിച്ചിരുന്നു. എന്നാല്‍, ഇദ്ദേഹം നിലവില്‍ തങ്ങളുടെ ജീവനക്കാരനല്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് അറിയിച്ചു. പ്രഗത്ഭനായ ഫോട്ടോഗ്രാഫറായ ബ്രെന്റ്, ന്യൂയോര്‍ക്ക് ടൈംസില്‍ നിരവധി വര്‍ഷം ജോലി ചെയ്തിരുന്നതായി ഡെപ്യൂട്ടി മാനേജിങ് എഡിറ്റര്‍ ക്ലിഫ് ലെവി ട്വീറ്റ് ചെയ്തു.

കീവിന്റെ വടക്കുപടിഞ്ഞാറന്‍ നഗരമായ ഇര്‍പിനില്‍ ഞായറാഴ്ചയായിരുന്നു സംഭവം. കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു വെടിവയ്പ്പുണ്ടായത്. കഴുത്തില്‍ വെടിയേറ്റ ബ്രെന്റ് തല്‍ക്ഷണം മരിച്ചു. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന യുക്രെയ്ന്‍കാരായ ഒരു മാധ്യമപ്രവര്‍ത്തകനും വെടിയേറ്റു. റഷ്യന്‍ സൈന്യമാണ് വെടിവച്ചതെന്ന് യുക്രെയ്ന്‍ ആരോപിച്ചു. എന്നാല്‍, ആരുടെ ഭാഗത്തുനിന്നാണ് വെടിവയ്പ്പുണ്ടായതെന്ന് വ്യക്തമല്ല.

Tags:    

Similar News