ബ്യൂണസ് ഐറിസ്: ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അര്‍ജന്റീന. ഹമാസിന്റെ സാമ്പത്തിക സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ അര്‍ജന്റീനന്‍ പ്രസിഡന്റ് ജാവിയര്‍ മിലേ ഉത്തരവിട്ടു. തീവ്ര വലതുപക്ഷ പ്രസിഡന്റ് ജാവിയര്‍ മിലേ ഇസ്രായേലുമായും അമേരിക്കയുമായും കൂടുതല്‍ അടുക്കാനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും റിപ്പോര്‍ട്ടുണ്ട്.
ദക്ഷിണ ഇസ്രായേലില്‍ ഹമാസിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 7-ന് നടന്ന ആക്രമണത്തില്‍ 1,200 പേര്‍ കൊല്ലപ്പെടുകയും 250 പേര്‍ ബന്ദിയാക്കപ്പെടുകയും ചെയ്തതായി തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് മിലേയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. 'അര്‍ജന്റീന ഒരിക്കല്‍ കൂടി പാശ്ചാത്യ നാഗരികതയുടെ ഭാഗമാകണം' എന്നും മിലേയുടെ ഓഫീസ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രസിഡന്റ് എന്ന നിലയില്‍ തന്റെ ആദ്യ വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി മിലേ ഇസ്രായേലിലേക്ക് പറക്കുകയും സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അര്‍ജന്റീന എംബസി ജറൂസലേമിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇത് നെതന്യാഹുവിന്റെ പ്രശംസയും ഫലസ്തീനികളുടെ വിമര്‍ശനവും നേടാന്‍ കാരണമായി.
റോമന്‍ കത്തോലിക്കനായാണ് ജനിച്ചത് വളര്‍ന്നതെങ്കിലും ജൂതമതവുമായി തനിക്ക് ആഴത്തിലുള്ള ആത്മീയ ബന്ധമുണ്ടെന്നും മിലേ പറഞ്ഞിരുന്നു. ഇസ്രായേലിന്റെ ശക്തമായ പിന്തുണ നല്‍കുന്ന തീവ്ര വലതുപക്ഷ നേതാവാണ് മിലേ. ഒക്ടോബര്‍ 7ലെ ഹമാസിന്റെ ആക്രമണത്തെ ഹോളോകോസ്റ്റുമായി താരതമ്യപ്പെടുത്തിയ അദ്ദേഹം ഇത് '21-ാം നൂറ്റാണ്ടിലെ നാസിസം' എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
ഒക്ടോബര്‍ 7 മുതല്‍ ഗസക്കെതിരായ ഇസ്രായേലിന്റെ വംശഹത്യ യുദ്ധത്തില്‍ 38,345 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 88,295 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പതിനായിരക്കണക്കിന് ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ ആണെന്നും പരോക്ഷമായി സംഭവിച്ച മരണങ്ങള്‍ ഉള്‍പ്പെടെ യഥാര്‍ത്ഥ മരണസംഖ്യ 186,000 കവിയുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.