കടലില്‍ കുടുങ്ങിയ 24 റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ വിശന്നുമരിച്ചു; 382 പേരെ രക്ഷപ്പെടുത്തി
കൊവിഡ് ഭീഷണിയെത്തുടര്‍ന്ന് മലേസ്യയിലേക്ക് പോവാന്‍ സാധിക്കാതെ കപ്പല്‍ ബംഗ്ലാദേശ് സമുദ്രാതിര്‍ത്തിയില്‍ കഴിഞ്ഞ രണ്ടുമാസമായി നങ്കൂരമിട്ടിരിക്കുകയായിരുന്നു.
ധക്ക: ബംഗ്ലാദേശ് സമുദ്രാതിര്‍ത്തിയില്‍ നങ്കൂരമിട്ടിരുന്ന കപ്പലില്‍ കുടുങ്ങിയ 24 റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ വിശന്നുമരിച്ചു. മ്യാന്‍മറില്‍നിന്നും മലേസ്യയിലേക്ക് പോയ കപ്പലിലെ അഭയാര്‍ഥികളാണ് മരിച്ചത്. കൊവിഡ് ഭീഷണിയെത്തുടര്‍ന്ന് മലേസ്യയിലേക്ക് പോവാന്‍ സാധിക്കാതെ കപ്പല്‍ ബംഗ്ലാദേശ് സമുദ്രാതിര്‍ത്തിയില്‍ കഴിഞ്ഞ രണ്ടുമാസമായി നങ്കൂരമിട്ടിരിക്കുകയായിരുന്നു. കപ്പലില്‍നിന്ന് വിശന്നുതളര്‍ന്ന 382 പേരെയും ബംഗ്ലാദേശ് തീരസംരക്ഷണസേന രക്ഷപ്പെടുത്തി. ഇവരെ ഉടന്‍ മ്യാന്‍മറിലേക്ക് തിരിച്ചയക്കുമെന്ന് തീരസംരക്ഷണസേന അറിയിച്ചു. കടലില്‍ അകപ്പെട്ട കപ്പലില്‍ സ്ത്രീകളും കുട്ടികളുമാണ് കൂടുതലായുണ്ടായിരുന്നത്.
വിശന്നുതളര്‍ന്ന ഇവര്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു. അവര്‍ രണ്ടുമാസത്തോളം കടലില്‍ പട്ടിണിയിലായിരുന്നുവെന്ന് കോസ്റ്റ്ഗാര്‍ഡിലെ ഒരു ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. വിശപ്പ് അസഹനീയമായ പലഘട്ടത്തിലും ആളുകള്‍ തമ്മില്‍ പരസ്പരം വഴക്കുണ്ടായ സാഹചര്യമുണ്ടായിരുന്നുവെന്നും രക്ഷപ്പെട്ട യാത്രക്കാര്‍ പറഞ്ഞു. മ്യാന്‍മര്‍ ഭരണകൂടത്തിന്റെ പീഡനം സഹിക്കവയ്യാതെയാണ് റോഗിന്‍ഗ്യകള്‍ മലേസ്യയിലേക്ക് പോയിക്കൊണ്ടിരിക്കുന്നത്. റോഹിന്‍ഗ്യകളെ പൗരന്‍മാരായി മ്യാന്‍മര്‍ അംഗീകരിക്കുന്നില്ല. അവര്‍ക്ക് വിദ്യാഭ്യാസവും ജോലിയും ആരോഗ്യപരിപാലനവും രാജ്യത്ത് അന്യമാണ്.
തെക്കന്‍ ബംഗ്ലാദേശിലെ അഭയാര്‍ഥിക്യാംപുകളില്‍ ഒരുദശലക്ഷത്തിലധികം റോഗിന്‍ഗ്യകളാണ് താമസിക്കുന്നത്. സംഭവത്തില്‍ മനുഷ്യാവകാശപ്രവര്‍ത്തകരും ഇടപെട്ടിട്ടുണ്ട്. ഫെബ്രുവരിയില്‍ ടെക്‌നാഫിലെ അഭയാര്‍ഥി ക്യാപുകളില്‍ താമസിച്ചിരുന്ന 15 റോഹിന്‍ഗ്യകള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ബോട്ട് മറിഞ്ഞ് മരിച്ചിരുന്നു. ഇവരും മലേസ്യയിലേക്ക് പോവാന്‍ ശ്രമിക്കുന്നതനിടെയാണ് അപകടത്തില്‍പ്പെട്ടതെന്നായിരുന്നു റിപോര്‍ട്ടുകള്‍.Bangladesh rescues hundreds of Rohingya adrift at sea; 24 dead