ജപ്പാനില്‍ ആനിമേഷന്‍ സ്റ്റുഡിയോയ്ക്ക് അക്രമി തീയിട്ടു; 24 മരണം, 35 പേര്‍ക്ക് പരിക്ക്
ക്യോട്ടോ നഗരത്തിലെ മൂന്നുനില സ്റ്റുഡിയോ കെട്ടിടത്തിനാണ് തീപ്പിടിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തില്‍നിന്ന് വലിയതോതില്‍ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നാട്ടുകാരും പോലിസും ഓടിയെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. കത്തിക്കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്.
ടോക്കിയോ: ജപ്പാനിലെ ക്യോട്ടോ നഗരത്തിലെ ആനിമേഷന്‍ സ്റ്റുഡിയോയ്ക്ക് അജ്ഞാതനായ അക്രമി തീയിട്ടു. അപകടത്തില്‍ 24 പേര്‍ മരിച്ചതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 35ലധികം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 10 പേരുടെ നില അതീവഗുരുതരമാണെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ സന്തോഷ് ഫുജിവാര പറഞ്ഞു. തീപ്പിടിത്തമുണ്ടാവുന്ന സമയത്ത് കെട്ടിടത്തില്‍ 70 ഓളം പേര്‍ ജോലി ചെയ്തിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിവരുന്നതേയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.
ക്യോട്ടോ നഗരത്തിലെ മൂന്നുനില സ്റ്റുഡിയോ കെട്ടിടത്തിനാണ് തീപ്പിടിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തില്‍നിന്ന് വലിയതോതില്‍ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നാട്ടുകാരും പോലിസും ഓടിയെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. കത്തിക്കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. 11 പേര്‍ കനത്ത പുകയില്‍ ശ്വാസതടസ്സമുണ്ടായതായാണ് മരിച്ചിരിക്കുന്നത്. ഇതുവരെയായും തീ നിയന്ത്രണവിധേയമാക്കാനായിട്ടില്ലെന്നാണ് പോലിസും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും അറിയിച്ചിരിക്കുന്നത്.
ഫയര്‍ഫോഴ്‌സിന്റെ 35 യൂനിറ്റുകളാണ് ഒരേസമയം തീയണയ്ക്കുന്നതിനായുള്ള കഠിപ്രയത്‌നത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍നിന്ന് വലിയ സ്‌ഫോടനശബ്ദമുണ്ടാവുകയും തീ ആളിക്കത്തുകയായിരുന്നുവെന്നുമാണ് തങ്ങളെ ഫോണില്‍ വിളിച്ചയാള്‍ പറഞ്ഞതെന്ന് ഫയര്‍ഫോഴ്‌സ് വക്താവ് എഎഫ്പി ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. പെട്രോള്‍ കാനുമായെത്തിയ അക്രമിയാണ് സ്റ്റുഡിയോയ്ക്ക് തീയട്ടതെന്നാണ് പോലിസ് പറയുന്നത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്തിനാണ് ഇയാള്‍ കൃത്യം ചെയ്തതെന്നോ ഇയാളുടെ കൂടുതല്‍ വിവരങ്ങളോ പോലിസ് പുറത്തുവിട്ടിട്ടില്ല.