4,139 കോടി യുഎസ് ഡോളര്‍; ട്വിറ്ററിന് വില പറഞ്ഞ് എലോണ്‍ മസ്‌ക്

Update: 2022-04-14 17:41 GMT

വാഷിങ്ടണ്‍ ഡിസി: സമൂഹമാധ്യമമായ ട്വിറ്ററിന് വില പറഞ്ഞത് ശതകോടീശ്വരനും ടെസ്‌ല സിഇഒയുമായ എലോണ്‍ മസ്‌ക്. വ്യാഴാഴ്ചയാണ് അദ്ദേഹം ട്വിറ്റര്‍ വാങ്ങാന്‍ തയ്യാറായി രംഗത്തെത്തിയത്. 4,139 കോടി യുഎസ് ഡോളറാണ് എലോണ്‍ മസ്‌ക് ട്വിറ്ററിന് വിലയിട്ടിരിക്കുന്നത്. ഒരു ഓഹരിക്ക് 54.20 യുഎസ് ഡോളര്‍ നിരക്കില്‍ 41 ബില്യന്‍ ഡോളര്‍ ആകെ മൂല്യം വരുന്ന ഓഹരികള്‍ ഏറ്റെടുക്കാമെന്നാണ് വാഗ്ദാനം നല്‍കിയിരിക്കുന്നത്. ഏപ്രില്‍ ഒന്നിന് ഓഹരി വിപണി അവസാനിച്ചപ്പോഴത്തെ വിലയുടെ 38 ശതമാനം അധികമാണിത്.

ട്വിറ്റര്‍ ചെയര്‍മാന് അയച്ച കത്തിലാണ് വാഗ്ദാനം. നിലവില്‍ ട്വിറ്ററിന്റെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമയാണ് മസ്‌ക്. കഴിഞ്ഞ മാസമാണ് ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികള്‍ എലോണ്‍ മസ്‌ക് വാങ്ങിയത്. ഇതിനുപിന്നാലെ ട്വിറ്റര്‍ ഡയറക്ടര്‍ ബോര്‍ഡിലേക്ക് മസ്‌കിനെ ക്ഷണിച്ചിരുന്നു. ഈ ക്ഷണം നിരസിച്ച മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കാമെന്ന് ചൂണ്ടിക്കാട്ടി ഇന്ന് ചെയര്‍മാന് കത്തയക്കുകയായിന്നു. യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ചസ് കമ്മീഷന്‍ ഫയലിങ്ങിലാണ് മസ്‌ക് തന്റെ നീക്കം വെളിപ്പെടുത്തിയത്.

നിലവിലെ രീതിയില്‍ ട്വിറ്റര്‍ വളരുകയോ അതിന്റെ അഭിപ്രായ സ്വാതന്ത്ര്യനയം മെച്ചപ്പെടുകയോ ചെയ്യില്ലെന്നും മസ്‌ക് ട്വിറ്റര്‍ ബോര്‍ഡിനയച്ച കത്തില്‍ പറയുന്നു. കമ്പനിയെ ഏറ്റെടുത്ത് സമൂലമായ മാറ്റം കൊണ്ടുവരികയാണ് ലക്ഷ്യമെന്നാണ് മസ്‌കിന്റെ വിശദീകരണം. ''മെച്ചപ്പെട്ട ഓഫറാണ് ഞാന്‍ കമ്പനിക്ക് മുമ്പാകെ വച്ചിരിക്കുന്നത്. ഇത് അംഗീകരിച്ചില്ലെങ്കില്‍ മാനേജ്‌മെന്റില്‍ വിശ്വാസമില്ലെന്ന് പ്രഖ്യാപിക്കേണ്ടിവരും. ട്വിറ്ററിന്റെ ഓഹരിയുടമ എന്ന നിലയിലുള്ള പദവിയെക്കുറിച്ച് പുനപ്പരിശോധന നടത്തേണ്ടിവരും. നിലവില്‍ കൈയിലുള്ള ഓഹരികള്‍ ഉപേക്ഷിക്കുന്നത് ആലോചിക്കേണ്ടിവരുമെന്ന ഭീഷണിയും മസ്‌ക് നടത്തുന്നുണ്ട്.

Tags:    

Similar News