വിടവാങ്ങിയത് ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടനെ ഭരിച്ച ഭരണാധികാരി; അന്ത്യം കിരീടധാരണത്തിന്റെ എഴുപതാം വര്‍ഷികത്തില്‍

ഇന്ന് പ്രാദേശിക സമയം ഉച്ചയോടെ സ്‌കോട്ട്‌ലന്റിലെ ബാല്‍മോറല്‍ കാസിലില്‍വച്ച് 96ാം വയസ്സിലായിരുന്നു അവരുടെ അന്ത്യം.

Update: 2022-09-08 18:19 GMT

ലണ്ടന്‍: ഏറ്റവും കൂടുതല്‍ കാലം ഏറ്റവും ദീര്‍ഘകാലം ബ്രിട്ടീഷ് രാജസിംഹാസനത്തിലിരുന്ന അപൂര്‍വനേട്ടത്തിനുടമയായാണ് എലിസബത്ത് രാജ്ഞി വിടവാങ്ങിയത്. ഇന്ന് പ്രാദേശിക സമയം ഉച്ചയോടെ സ്‌കോട്ട്‌ലന്റിലെ ബാല്‍മോറല്‍ കാസിലില്‍വച്ച് 96ാം വയസ്സിലായിരുന്നു അവരുടെ അന്ത്യം.

കിരീടധാരണത്തിന്റെ എഴുപതാം വര്‍ഷത്തിലാണ് രാജ്ഞിയുടെ വിടവാങ്ങല്‍. ആല്‍ബര്‍ട്ട് രാജകുമാരന്റേയും എലിസബത്ത് ബോവ്‌സിന്റേയും മകളായി 1926 ഏപ്രില്‍ 21നായിരുന്നു രാജ്ഞിയുടെ ജനനം. 1947ല്‍ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി വിവാഹിതയായി. ചാള്‍സ്, ആന്‍, ആന്‍ഡ്രൂ, എഡ്വേര്‍ഡ് എന്നിങ്ങനെ നാല് മക്കളാണ് രാജ്ഞിക്കുള്ളത്.

1952ല്‍ ആയിരുന്നു എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം. 2002ല്‍ രാജഭരണത്തിന്റെ സുവര്‍ണ ജൂബിലിയാഘോഷിച്ചു. 2012 ല്‍ ഡയമണ്ട് ജൂബിലിയും ആഘോഷിച്ചു. 2015ലാണ് എലിസബത്ത് രാജ്ഞി ഏറ്റവും ദീര്‍ഘമായ കാലം ബ്രിട്ടനെ ഭരിച്ച ഭരണാധികാരിയെന്ന റെക്കോര്‍ഡിനുടമയാകുന്നത്. മുതുമുത്തശ്ശി വിക്ടോറിയ രാജ്ഞിയെ മറികടന്നായിരുന്നു അവര്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഈ വര്‍ഷം ലോകത്തെ ഏറ്റവും ദീര്‍ഘകാലം ഒരു ഭരണത്തെ നയിച്ച രണ്ടാമത്തെ വ്യക്തിയുമായി അവര്‍. കഴിഞ്ഞ ജൂണിലാണ് അവരുടെ അധികാരാരോഹണത്തിന്റെ 70ാം വാര്‍ഷികം ബ്രിട്ടന്‍ രാജോചിതമായി ആഘോഷിച്ചത്.

അയര്‍ലന്റ് സന്ദര്‍ശിച്ച ആദ്യത്തെ ബ്രിട്ടിഷ് ഭരണാധികാരിയാണ് രാജ്ഞി. ലോകത്തെ അതിസമ്പന്നരായ വനിതകളില്‍ ഒരാളായിരുന്നു രാജ്ഞി. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. കീരീടാവകാശിയായ ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകള്‍ പ്രിന്‍സസ് ആനിയും ബാല്‍മോറല്‍ കാസിലില്‍ രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു.

Tags:    

Similar News