ചരിത്ര നിമിഷം: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് ചുമതലയേറ്റു
സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ലിസ് ട്രസ് രാജി സമര്‍പ്പിച്ചതിന് പിന്നാലെ, ചാള്‍സ് മൂന്നാമന്‍ രാജാവ് സുനകിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിയമിച്ചുകൊണ്ടുള്ള ഉത്തരവിറക്കി. ആധുനക ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 42കാരനായ ഋഷി.
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് അധികാരമേറ്റു. സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ലിസ് ട്രസ് രാജി സമര്‍പ്പിച്ചതിന് പിന്നാലെ, ചാള്‍സ് മൂന്നാമന്‍ രാജാവ് സുനകിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിയമിച്ചുകൊണ്ടുള്ള ഉത്തരവിറക്കി. ആധുനക ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 42കാരനായ ഋഷി.
ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനും വെള്ളക്കാരനല്ലാത്ത ആദ്യത്തെയാളുമാണ് സുനക്. സാമ്പത്തിക സ്ഥിരത ഉറപ്പാക്കലാണ് തന്റെ പ്രഥമ ലക്ഷ്യമെന്ന് 42കാരനായ ഋഷി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പൊതുസഭാ നേതാവും മുഖ്യ എതിരാളിയുമായിരുന്ന പെന്നി മോര്‍ഡന്റ്, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിത്വ മത്സരത്തില്‍നിന്ന് പിന്മാറിയതോടെയാണ് ഋഷിക്ക് അധികാരത്തിലേക്ക് വഴിതുറന്നത്. ഇക്കൊല്ലം ബ്രിട്ടന് ലഭിക്കുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണ് ഋഷി. ബോറിസ് ജോണ്‍സണ്‍ രാജിവെച്ചതിന് പിന്നാലെ ലിസ് ട്രസ് അധികാരം ഏറ്റിരുന്നു. എന്നാല്‍ 45 ദിവസത്തെ ഭരണകാലയളവിന് ശേഷം ലിസിന് രാജിവെക്കേണ്ടിവന്നു. സാമ്പത്തികനയങ്ങളുമായി ബന്ധപ്പെട്ട് രൂക്ഷവിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ലിസിന്റെ രാജി. നേരത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്കുള്ളില്‍ നടന്ന മത്സരത്തില്‍ ഋഷിയെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു ലിസ് പ്രധാനമന്ത്രിയായത്.
സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ലിസ് ട്രസ് രാവിലെ 10.15ന് ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയില്‍ വിടവാങ്ങല്‍ പ്രസംഗം നടത്തി. ബക്കിങ്ഹാം കൊട്ടാരത്തില്‍നിന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പര്‍ വസതിയിലെത്തിയ സുനക്, രാജ്യത്തെ അഭിസംബോധന ചെയ്തു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കടുത്ത നടപടികള്‍ വേണ്ടിവരുമെന്നും വെല്ലുവിളികളുടെ കാഠിന്യം താന്‍ മനസ്സിലാക്കുന്നെന്നും സുനക് പററഞ്ഞു.
ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്ന പ്രവര്‍ത്തനം കാഴ്ചവയ്ക്കും. കൊവിഡ് കാലത്ത് ജനങ്ങളെയും ബിസിനസിനെയും സംരക്ഷിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നത് നിങ്ങള്‍ എല്ലാവരും കണ്ടതാണ്. ഇന്ന് നാം അനുഭവിക്കുന്ന വെല്ലുവിളികളോടും അതേ രീതിയില്‍ പെരുമാറും. കടങ്ങള്‍ നിങ്ങളുടെ കുട്ടികളും കൊച്ചുമക്കളും തീര്‍ക്കേണ്ട സാഹചര്യത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കില്ല എന്നും സുനക് പറഞ്ഞു.