ഗള്‍ഫ് പ്രവാസചരിത്രം പഠനവിധേയമാക്കണം: ഷിഹാബുദ്ദിന്‍ പൊയ്ത്തുംകടവ്

അടിസ്ഥാനസൗകര്യവികസനത്തിലും ആരോഗ്യ, വിദ്യാഭ്യാസമേഖലകളിലെ വളര്‍ച്ചയിലും മാത്രമൊതുങ്ങുന്നതല്ല പ്രവാസത്തിന്റെ ഫലങ്ങള്‍. മലയാളിയുടെ രുചികളെയും അഭിരുചികളെയും സാഹിത്യ സാംസ്‌കാരിക വിനിമയങ്ങളെയുമെല്ലാം ആഴത്തില്‍ സ്വാധീനിക്കാന്‍ പ്രവാസത്തിനു കഴിഞ്ഞിട്ടുണ്ട്.

Update: 2022-10-22 17:25 GMT

ജിദ്ദ: മലയാളിയുടെ ഗള്‍ഫ് പ്രവാസത്തിന്റെ തുടക്കവും തുടര്‍ച്ചയും വര്‍ത്തമാനവും കേരളചരിത്രരചനയുടെ ഭാഗമായി മാറേണ്ടതുണ്ടെന്നും, അക്കാദമിക തലങ്ങളില്‍ ഗൗരവപൂര്‍ണമായ ചര്‍ച്ചയ്ക്ക് വഴിവെക്കേണ്ടതുണ്ടെന്നും പ്രശസ്ത എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് അഭിപ്രായപ്പെട്ടു. ജിദ്ദയിലെ സീസണ്‍സ് റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ സമീക്ഷ സാഹിത്യവേദി ഒരുക്കിയ 'സര്‍ഗസമീക്ഷ' എന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളില്‍ ഗള്‍ഫ് പ്രവാസം അരനൂറ്റാണ്ടിനുള്ളില്‍ വരുത്തിയ മാറ്റങ്ങള്‍ പഠനവിധേയമാക്കേണ്ടതാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അടിസ്ഥാനസൗകര്യവികസനത്തിലും ആരോഗ്യ, വിദ്യാഭ്യാസമേഖലകളിലെ വളര്‍ച്ചയിലും മാത്രമൊതുങ്ങുന്നതല്ല പ്രവാസത്തിന്റെ ഫലങ്ങള്‍. മലയാളിയുടെ രുചികളെയും അഭിരുചികളെയും സാഹിത്യ സാംസ്‌കാരിക വിനിമയങ്ങളെയുമെല്ലാം ആഴത്തില്‍ സ്വാധീനിക്കാന്‍ പ്രവാസത്തിനു കഴിഞ്ഞിട്ടുണ്ട്. പൂര്‍വികര്‍ പോരാടി നേടിയെടുത്ത നവോത്ഥാന മൂല്യങ്ങളെ വലിയൊരളവില്‍ സംരക്ഷിച്ചു നിര്‍ത്താന്‍ ഇത് നമ്മെ സഹായിച്ചിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടേതില്‍ നിന്ന് ഭിന്നമായ ഒരു സാംസ്‌കാരികാസ്തിത്വവും താരതമ്യേന ഉയര്‍ന്ന സാമൂഹിക ബോധവും സൂക്ഷിക്കുന്നതിലും വര്‍ഗീയ വിഘടന ശക്തികളെ അകറ്റി നിര്‍ത്തുന്നതിലും ഈ മാറ്റങ്ങള്‍ വലിയ പങ്കു വഹിക്കുന്നുണ്ട്.

തുടര്‍ന്നു നടന്ന സര്‍ഗ്ഗസംവാദത്തില്‍ സദസ്യരുടെ ചോദ്യങ്ങളോട് ജമാല്‍ കൊച്ചങ്ങാടിയും ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവും പ്രതികരിച്ചു. മുന്‍പ്രവാസിയും എഴുത്തുകാരനുമായ കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടിയുടെ പ്രവാസകാലാനുഭവങ്ങളുടെ സമാഹാരമായ 'പറയാതെ പോയത്' എന്ന കൃതിയുടെ പ്രകാശനം മലയാളം ന്യൂസ് എഡിറ്റര്‍ മുസാഫിര്‍ നിര്‍വഹിച്ചു. എഴുത്തുകാരനും സംരംഭകനുമായ ഹംസ പൊന്മള പുസ്തകത്തിന്റെ കോപ്പി ഏറ്റുവാങ്ങി. ഷിബു തിരുവനന്തപുരം പരിപാടിക്ക് ആശംസകളര്‍പ്പിച്ചു. കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സ് അവതരിപ്പിച്ച ഗസല്‍ നിശ പരിപാടിക്ക് മിഴിവേകി.

സമീക്ഷാ ചെയര്‍മാന്‍ ഹംസ മദാരി അധ്യക്ഷത വഹിച്ച യോഗത്തില്‍, കണ്‍വീനര്‍ അസൈന്‍ ഇല്ലിക്കല്‍ സ്വാഗതവും ഷാജു അത്താണിക്കല്‍ നന്ദിയും പറഞ്ഞു. കിസ്മത്ത് മമ്പാട്, നജീബ് വെഞ്ഞാറമൂട്, അദ്‌നു, ബിജു രാമന്തളി, ഫൈസല്‍ മമ്പാട്, ഹാരിസ് ഹസൈന്‍ കണ്ണൂര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Tags:    

Similar News