ലിസ് ട്രൂസോ അതോ ഋഷി സുനക്കോ? ബ്രിട്ടനിലെ പുതിയ പ്രധാനമന്ത്രിയെ ഇന്നറിയാം
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പിന്റെ ഫലം ഇന്ന് പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യന്‍ വംശജനായ മുന്‍ ധനമന്ത്രി ഋഷി സുനകോ അതോ മുന്‍ വിദേശകാര്യമന്ത്രി ലിസ് ട്രൂസോ ആരാവും പ്രധാനമന്ത്രിയാവുകയെന്നതാണ് ലോകം ഉറ്റുനോക്കുന്നത്.
ലണ്ടന്‍: യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രൂസിന്റെയും മുന്‍ ചീഫ് ട്രഷറി സെക്രട്ടറി(ചാന്‍സ് ലര്‍ ഓഫ് എക്‌സ്‌ചെക്കര്‍) ഋഷി സുനക്കിന്റെയും ആറാഴ്ച നീണ്ട പ്രചാരണത്തിനൊടുവില്‍ രാജിവെച്ച ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായി ആര് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തില്‍ അവരോധിക്കപ്പെടുമെന്ന് ഇന്നറിയാം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പിന്റെ ഫലം ഇന്ന് പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യന്‍ വംശജനായ മുന്‍ ധനമന്ത്രി ഋഷി സുനകോ അതോ മുന്‍ വിദേശകാര്യമന്ത്രി ലിസ് ട്രൂസോ ആരാവും പ്രധാനമന്ത്രിയാവുകയെന്നതാണ് ലോകം ഉറ്റുനോക്കുന്നത്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രചാരണ വിഭാഗം ഹെഡ് ഓഫിസിലാണ് വോട്ടെണ്ണല്‍. യുകെയിലെ പ്രാദേശിക സമയം 12:30നും ഇന്ത്യന്‍ സമയം വൈകീട്ട് 5നുമാണ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുക. ഫലപ്രഖ്യാപനത്തിന് 10 മിനിറ്റ് മുമ്പ് വിജയി ആരാണെന്ന് സ്ഥാനാര്‍ത്ഥികളെ അറിയിക്കും. നാളെ നിലവിലുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ സ്ഥാനമൊഴിയും. 2025 ജനുവരി വരെയാണ് പുതിയ പ്രധാനമന്ത്രിക്ക് കാലവധി അവശേഷിച്ചിട്ടുള്ളത്. പുതുതായി സ്ഥാനമേല്‍ക്കുന്ന പ്രധാനമന്ത്രി, വിലക്കയറ്റവും പണപ്പെരുപ്പവും പിടിച്ചു നിര്‍ത്താനും എനര്‍ജി െ്രെപസ് നിയന്ത്രിക്കാനും എന്തുചെയ്യുമെന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്.
ഫലം എങ്ങനെ പ്രഖ്യാപിക്കും?
രാജ്യത്തെ ജനസംഖ്യയുടെ ഒരു ശതമാനത്തിലധികം മാത്രം വരുന്ന ഒരുലക്ഷത്തി അറുപതിനായിരത്തോളം വരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി (ടോറി) അംഗങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ് വോട്ടെടുപ്പ് അവസാനിച്ചത്. പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലെ സര്‍വേ നല്‍കുന്ന സൂചനയനുസരിച്ചു ലിസ് ട്രൂസിനാണ് വിജയസാധ്യത.
കണ്‍സര്‍വേറ്റീവ് ബാക്ക്ബഞ്ച് എംപിമാരുടെ കമ്മിറ്റിയായ 1922 കമ്മിറ്റിയുടെ ചെയര്‍മാന്‍ സര്‍ ഗ്രഹാം ബ്രാഡിയാകും ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തുക. ടോറി അംഗങ്ങള്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം സംബന്ധിച്ച വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് ജയിക്കുന്ന ആള്‍ മാധ്യമങ്ങളെ കാണും.
പ്രഖ്യാപനത്തിന് ശേഷം എന്ത് സംഭവിക്കും?
ജയിക്കുന്ന പാര്‍ട്ടി ലീഡര്‍ പ്രധാനമന്ത്രിയാകാനുള്ള അവകാശവുമായി എലിസബത്ത് രാജ്ഞിയെ സന്ദര്‍ശിക്കും. സ്ഥാനമൊഴിയുന്ന യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനൊപ്പമാവും പുതിയ പ്രധാനമന്ത്രി എലിസബത്ത് രാജ്ഞിയുമായി ബാല്‍മോറലില്‍ കൂടിക്കാഴ്ച നടത്തുക. ബോറിസ് ജോണ്‍സണുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ബ്രിട്ടീഷ് രാജ്ഞി അടുത്ത യുകെ പ്രധാനമന്ത്രിയെ നിയമിക്കും.
ആചാരപരമായ ചടങ്ങുകള്‍ക്കുശേഷം ചൊവ്വാഴ്ച വൈകീട്ടോ ബുധനാഴ്ചയോ ആകും പുതിയ പ്രധാനമന്ത്രി അധികാരമേല്‍ക്കുക. എലിസബത്ത് രാജ്ഞി ബക്കിംഗ്ഹാം കൊട്ടാരത്തില്‍ വച്ചാണ് യുകെ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കാറുള്ളത്. എന്നാല്‍, രാജ്ഞി വേനല്‍ക്കാല അവധിക്ക് സ്‌കോട്ട്‌ലന്‍ഡിലായതിനാല്‍ ബല്‍മോറലിലാണ് പ്രഖ്യാപനം നടക്കുക. എലിസബത്ത് രാജ്ഞിയെ കാണാന്‍ സ്‌കോട്ട്‌ലന്‍ഡിലേക്ക് പോകുന്നതിന് മുമ്പ്, സ്ഥാനമൊഴിയുന്ന യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നാളെ ഔദ്യോഗിക വസതിക്ക് പുറത്ത് മാധ്യമങ്ങളെ കാണും.
പുതിയ യുകെ പ്രധാനമന്ത്രി ഡൗണിംഗ് സ്ട്രീറ്റില്‍ പ്രസംഗിക്കും
സ്‌കോട്ട്‌ലന്‍ഡിലെ ഔദ്യോഗിക പദവി കൈമാറ്റത്തിന് ശേഷം, യുകെയുടെ അടുത്ത പ്രധാനമന്ത്രി ലണ്ടനിലേക്കെത്തുകയും ഡൗണിംഗ് സ്ട്രീറ്റില്‍ പ്രസംഗിക്കുകയും ചെയ്യും.
കാബിനറ്റ് മന്ത്രിമാരെ ബ്രിട്ടീഷ് പ്രധാനമന്ത്രി നിയമിക്കും
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം, പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി അവരുടെ കാബിനറ്റ് അംഗങ്ങളെ നിയമിക്കാന്‍ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത യുകെ പ്രധാനമന്ത്രി ആദ്യം നിയമിക്കുന്ന കാബിനറ്റ് മന്ത്രിമാരില്‍ ചാന്‍സലര്‍ ഓഫ് എക്‌സ്‌ചെക്കര്‍, ആഭ്യന്തര സെക്രട്ടറി, ബിസിനസ് സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി എന്നിവരും ഉള്‍പ്പെടും.
സെപ്തംബര്‍ 7 ന്, പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഉന്നത കാബിനറ്റ് മന്ത്രിമാരെ നിയമിച്ചതിന് ശേഷം ആദ്യ കാബിനറ്റ് യോഗം നടത്തിയേക്കുമെന്ന് വാര്‍ത്താ റിപ്പോര്‍ട്ട്. പകല്‍ സമയത്ത്, ഹൗസ് ഓഫ് കോമണ്‍സില്‍ പ്രധാനമന്ത്രിയുടെ ചോദ്യങ്ങളുടെ ആദ്യ സെഷനില്‍ പുതിയ യുകെ പ്രധാനമന്ത്രി പങ്കെടുക്കും. ഹൗസ് ഓഫ് കോമണ്‍സില്‍ യാഥാസ്ഥിതിക ബാക്ക്‌ബെഞ്ചര്‍മാരില്‍ നിന്നുള്ള പ്രധാനമന്ത്രിയുടെ ചോദ്യങ്ങളുടെ ആദ്യ സെഷനില്‍ സ്ഥാനമൊഴിയുന്ന യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സാക്ഷ്യം വഹിച്ചേക്കും. പുതിയ യുകെ പ്രധാനമന്ത്രി സെപ്തംബര്‍ 7 ന് തന്റെ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരെ നിയമിക്കുന്നത് തുടരും.
ചാന്‍സലര്‍ ഓഫ് എക്‌സ്‌ചെക്കര്‍, ആഭ്യന്തര സെക്രട്ടറി, ബിസിനസ് സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി എന്നീ പദവികള്‍ ഇന്ത്യന്‍ സംവിധാനത്തില്‍ മന്ത്രിമാര്‍ക്ക് തുല്യമാണ്.