ലിസ് ട്രസ്സും പശ്ചിമേഷ്യയും: നിര്‍ണായക വിഷയങ്ങളില്‍ പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ നിലപാട് എന്താവും?

വിദേശകാര്യ സെക്രട്ടറി എന്ന നിലയിലും അന്താരാഷ്ട്ര വ്യാപാര മന്ത്രി എന്ന നിലയിലുമുള്ള ലിസ് ട്രസ്സിന്റെ ട്രാക്ക് റെക്കോര്‍ഡ് ബ്രിട്ടനും പശ്ചിമേഷ്യയും ഉള്‍പ്പെടുന്ന പ്രധാന നയ മേഖലകളില്‍ ട്രസ്സ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോവുന്ന ദിശയിലേക്കുള്ള കൃത്യമായ ചൂണ്ടു പലകയാവും.

Update: 2022-09-06 06:53 GMT

ലണ്ടന്‍: ബ്രിട്ടീഷ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലിസ് ട്രസ്സിനെ പുതിയ നേതാവായും യുനൈറ്റഡ് കിംഗ്ഡത്തിന്റെ അടുത്ത പ്രധാനമന്ത്രിയായും തിരഞ്ഞെടുത്തിരിക്കുകയാണ്. ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായി ഭരണകക്ഷിയുടെ നേതാവാകാനുള്ള മത്സരത്തില്‍ വിജയിച്ചതോടെയാണ് നിലവില്‍ വിദേശകാര്യ മന്ത്രിയായ ട്രസ്സിന് പ്രധാനമന്ത്രി പദത്തിലേക്ക് നറുക്ക് വീണത്. ഇന്നു ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും.അതേസമയം, രാഷ്ട്രീയത്തില്‍ കാര്യങ്ങള്‍ മാറ്റി മറിക്കാന്‍ കഴിവുള്ളവളെന്ന് വിളിക്കപ്പെടുമ്പോള്‍ പോലും 'കറുപ്പും വെളുപ്പും' വീക്ഷണമുള്ള ഒരാളെന്ന ദുഷ് പേരും ലിസ് ട്രസ്സിനുണ്ട്.നാണയപ്പെരുപ്പവും ഊര്‍ജ വിലയും ഉയര്‍ത്തിയ ആഭ്യന്തര ജീവിതച്ചെലവ് സൃഷ്ടിക്കുന്ന പ്രതിസന്ധിയെ പ്രധാനമന്ത്രിയെന്ന നിലയില്‍ അവര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നാവും രാജ്യം ഉറ്റുനോക്കുന്നത്.

എന്നാല്‍, വിദേശകാര്യ സെക്രട്ടറി എന്ന നിലയിലും അന്താരാഷ്ട്ര വ്യാപാര മന്ത്രി എന്ന നിലയിലുമുള്ള ലിസ് ട്രസ്സിന്റെ ട്രാക്ക് റെക്കോര്‍ഡ് ബ്രിട്ടനും പശ്ചിമേഷ്യയും ഉള്‍പ്പെടുന്ന പ്രധാന നയ മേഖലകളില്‍ ട്രസ്സ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോവുന്ന ദിശയിലേക്കുള്ള കൃത്യമായ ചൂണ്ടു പലകയാവും.

ഫലസ്തീന്‍-ഇസ്രായേല്‍ വിഷയത്തിലെ ഇരട്ടത്താപ്പ്

ആഗസ്ത് ആദ്യം ഉപരോധത്തിന് കീഴിലുള്ള ഗസയില്‍ ഇസ്രായേല്‍ ബോംബര്‍ വിമാനങ്ങള്‍ തീതുപ്പി 15 കുട്ടികള്‍ ഉള്‍പ്പെടെ 45 ഫലസ്തീന്‍ സിവിലിയന്‍മാരെ കൊന്നുതള്ളിയപ്പോള്‍ 'യുകെ ഇസ്രായേലിനൊപ്പം നില്‍ക്കുന്നു, അവര്‍ക്ക് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ട്' എന്നാണ് ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് ലിസ് ട്രസ്സ് പ്രഖ്യാപിച്ചത്. ഫലസ്തീന്‍-ഇസ്രായേല്‍ വിഷയത്തില്‍ അവരുടെ ഉള്ളിലിരുപ്പ് കൃത്യമായി അടയാളപ്പെടുത്തുന്നതാണ് ഈ പ്രസ്താവന. നേരത്തേ, പൊതു സ്ഥാപനങ്ങള്‍, കൗണ്‍സിലുകള്‍, അവരുടെ പെന്‍ഷന്‍ ഫണ്ടുകള്‍ എന്നിവ ഇസ്രായേലിലെ നിക്ഷേപങ്ങള്‍ ബഹിഷ്‌ക്കരിക്കുന്നതില്‍നിന്ന് ഇവര്‍ തടയുകയും ചെയ്തിരുന്നു.

ഈ നീക്കം 'ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും അനുസൃതമായി പൊതുസ്ഥാപനങ്ങള്‍ക്കും ജനാധിപത്യ സ്ഥാപനങ്ങള്‍ക്കും ധാര്‍മ്മികമായി ചെലവഴിക്കാനും നിക്ഷേപിക്കാനും വ്യാപാരം നടത്താനുമുള്ള കഴിവിനെ ഭീഷണിപ്പെടുത്തുന്നതാണെന്ന് പൗരാവകാശ സംഘടനകള്‍ വിമര്‍ശന മുന്നയിച്ചിട്ടും ഇതില്‍നിന്നു പിന്‍മാറുമെന്ന ഒരു സൂചനയും ട്രസ്സ് ഇതുവരെ നല്‍കിയിട്ടില്ല.

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ (യുഎന്‍എച്ച്ആര്‍സി) ഇസ്രായേലിനെ പിന്തുണച്ചുകൊണ്ട് വിദേശകാര്യ ഓഫീസില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച ബ്യൂറോക്രാറ്റുകളെ സംരക്ഷിച്ചുവെന്ന് പ്രസ്താവിച്ച് ഇസ്രയേലിനുള്ള ഉറച്ച പിന്തുണയും അവര്‍ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

ജൂണില്‍, യുഎന്‍എച്ച്ആര്‍സി അംഗങ്ങള്‍ ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശം സ്ഥിരീകരിക്കുന്നതും കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെ അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലും അധിനിവേശ ഗോലാന്‍ കുന്നുകളിലും അനധികൃത ഇസ്രായേലി കുടിയേറ്റങ്ങളെ അപലപിച്ചും കൊണ്ടുള്ളതായിരുന്നു പ്രമേയങ്ങള്‍. എന്നാല്‍, മറ്റ് അന്താരാഷ്ട്ര സമൂഹവുമായി വലിയ തോതില്‍ വ്യതിചലിച്ച് പ്രമേയങ്ങള്‍ക്ക് എതിരായാണ് യുകെ വോട്ട് ചെയ്തിരുന്നു.

രാജ്യത്തിന്റെ ഇസ്രായേല്‍ എംബസി ജറുസലേമിലേക്ക് മാറ്റുന്നത് 'അവലോകനം' ചെയ്യുമെന്നും അടുത്തിടെ ട്രസ് വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേല്‍-ഫപലസ്തീന്‍ സംബന്ധിച്ച പതിറ്റാണ്ടുകളായി തുടരുന്ന നയത്തില്‍നിന്നുള്ള വ്യതിയാനമാണിത്.

'ഈ വിഷയത്തില്‍ തന്റെ നല്ല സുഹൃത്തായ ഇസ്രായേല്‍ പ്രധാനമന്ത്രി ലാപിഡുമായി താന്‍ നിരവധി സംഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അത് അംഗീകരിച്ചുകൊണ്ട്, തങ്ങള്‍ ഇസ്രായേലിനുള്ളില്‍ ഏറ്റവും ശക്തമായ അടിത്തറയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള നീക്കം അവലോകനം ചെയ്യും'- കണ്‍സര്‍വേറ്റീവ് ഫ്രണ്ട്‌സ് ഓഫ് ഇസ്രായേല്‍ അഭിഭാഷക ഗ്രൂപ്പിന് എഴുതിയ കത്തില്‍ അവര്‍ പറഞ്ഞിരുന്നു.

കൂടാതെ, ട്രസ്സിന് കീഴില്‍, ബ്രിട്ടീഷ് വിദേശകാര്യ ഓഫിസ് ഇസ്രായേലുമായി സ്വതന്ത്ര വ്യാപാര ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള 5 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള വ്യാപാരം വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

യുകെ -ഗള്‍ഫ് ബന്ധം

സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തര്‍, കുവൈറ്റ്, ബഹ്‌റെയ്ന്‍, ഒമാന്‍ എന്നിവ ഉള്‍പ്പെടുന്ന രാഷ്ട്രീയ സാമ്പത്തിക കൂട്ടായ്മയായ ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളുമായി എപ്പോഴെങ്കിലും മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉന്നയിച്ചിട്ടുണ്ടോയെന്ന പാര്‍ലമെന്റ് അംഗങ്ങളുടെ സമിതിയുടെ ചോദ്യത്തിന് മറുപടി നല്‍കുന്നതില്‍ ട്രസ്സ് പരാജയപ്പെട്ടിരുന്നു.

മനുഷ്യാവകാശ ലംഘനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളെ 'കണക്കിന്' പിടിക്കുമെന്ന അവരുടെ മുന്‍ വാഗ്ദാനമുണ്ടായിരുന്നിട്ടും ഗള്‍ഫ് രാജ്യങ്ങളുമായി 'ബിസിനസ്സ് ചെയ്യുക' എന്നത് കൂടുതല്‍ പ്രധാനമാണെന്ന് ട്രസ് വിശ്വസിക്കുന്നു.

വിദേശകാര്യ മന്ത്രിയെന്ന നിലയില്‍ ജിസിസി രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഉറപ്പിക്കുന്നതിനുള്ള യുകെയുടെ ശ്രമങ്ങള്‍ക്ക് അവര്‍ തുടക്കം കുറിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്തിരുന്നു. 'വ്യാവസായികവും തന്ത്രപരവുമായ കാരണങ്ങളാല്‍ ലണ്ടന്റെ താല്‍പ്പര്യത്തിന് ഈ പ്രദേശം നിര്‍ണായകമാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്'- ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസിലെ (ഐഐഎസ്എസ്) അസോസിയേറ്റ് ഫെലോ ഉംബര്‍ട്ടോ പ്രൊഫാസിയോ പറഞ്ഞു.

ഈജിപ്തിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍


മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുമായി വ്യാപാരം നടത്തുമ്പോഴും പ്രധാനമന്ത്രിയാകാനുള്ള തന്റെ നേതൃത്വ മത്സരത്തിന് മുന്‍ഗണന നല്‍കുമ്പോഴും ഈജിപ്തില്‍ സിസി ഭരണകൂടം തുറങ്കിലടച്ച് ബ്രിട്ടീഷ്-ഈജിപ്ഷ്യന്‍ ആക്ടിവിസ്റ്റ് അലാ അബ്ദുല്‍ഫത്താഹിന്റെ ദുരവസ്ഥയെ ലിസ് ട്രസ്സ് അവഗണിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഈജിപ്ഷ്യന്‍ ഭരണകൂടം 2014 മുതല്‍ ഇദ്ദേഹത്തെ വേട്ടയാടിവരികയാണ്. 2019ല്‍ അദ്ദേഹത്തെ അറസ്റ്റുചെയ്ത് ജയിലിലടച്ചു, 2021 ഡിസംബറില്‍ 'തെറ്റായ വാര്‍ത്തകള്‍' പ്രചരിപ്പിച്ചതിന് അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. ഒരു റീട്വീറ്റ് ആയിരുന്നു അദ്ദേഹത്തിനെതിരേ തെളിവായി ഉപയോഗിച്ചത്.

ഇറാനുമായുള്ള ബന്ധം


ചാരവൃത്തി ആരോപിച്ച് ഇറാനില്‍ അഞ്ച് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിഞ്ഞ യുകെ-ഇറാന്‍ ജീവകാരുണ്യ പ്രവര്‍ത്തക നസാനിന്‍ സഗാരി റാറ്റ്ക്ലിഫിനെ സഹായിച്ചതിന് ട്രസ്സ് പ്രകീര്‍ത്തിക്കപ്പെട്ടെങ്കിലും അവരെ ജയിലിടച്ചതിന് ഉത്തരവാദികളാവര്‍ക്കെതിരേ ചെറുവിരല്‍ പോലും അനക്കാന്‍ ട്രസ്സിന് കഴിഞ്ഞില്ലെന്ന് ബ്രിട്ടനിലേക്ക് മടങ്ങുമ്പോള്‍ നസാനിന്റെ ഭര്‍ത്താവ് കുറ്റപ്പെടുത്തിയിരുന്നു. ഇടപാടില്‍ ഉള്‍പ്പെട്ട ഇറാനിലെ വ്യക്തികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്ന വാഗ്ദാനവും ട്രസ് പാലിച്ചില്ലെന്ന് റിച്ചാര്‍ഡ് റാറ്റ്ക്ലിഫ് പറഞ്ഞു. ഇറാനിയന്‍ ആണവ കരാറുമായി ബന്ധപ്പെട്ട സുപ്രധാന വിഷയത്തില്‍ ട്രസ് കൂടുതല്‍ കടുത്ത നിലപാടാണ് സ്വീകരിച്ചത്.

Tags:    

Similar News