ലണ്ടന്‍: യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. ഇന്ത്യന്‍ വംശജന്‍ ഋഷി സുനക്കിനെ തോല്‍പ്പിച്ചാണ് ലിസ് ട്രസ് പ്രധാനമന്ത്രിസ്ഥാനത്തെത്തിയത്.നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ നാളെ സ്ഥാനമൊഴിയും.
ലിസ് ട്രസിന് 81,326 വോട്ടും ഋഷി സുനക്കിന് 62,399 വോട്ടും ലഭിച്ചു. ബ്രിട്ടന്റെ മൂന്നാമത്തെ വനിതാപ്രധാനമന്ത്രിയാണ് ലിസ് ട്രസ്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പിലാണ് ലിസ് ട്രസിനെ തിരഞ്ഞെടുത്തത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രചാരണ വിഭാഗം ഹെഡ് ഓഫിസിലായിരുന്നു വോട്ടെണ്ണല്‍.
2025 ജനുവരി വരെയാണ് ലിസ് ട്രസിന് കാലവധി അവശേഷിച്ചിട്ടുള്ളത്. പുതിയ പ്രധാനമന്ത്രി വിലക്കയറ്റവും പണപ്പെരുപ്പവും പിടിച്ചു നിര്‍ത്താന്‍ എന്തുചെയ്യുമെന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്.
പ്രധാനമന്ത്രിയാകാനുള്ള അവകാശവുമായി ലിസ് ട്രസ് നാളെ എലിസബത്ത് രാജ്ഞിയെ സന്ദര്‍ശിക്കും. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സനൊപ്പമാവും എലിസബത്ത് രാജ്ഞിയുമായി ബാല്‍മോറലില്‍ കൂടിക്കാഴ്ച നടത്തുക. ബോറിസ് ജോണ്‍സണുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ബ്രിട്ടീഷ് രാജ്ഞി ലിസ് ട്രസിനെ യുകെ പ്രധാനമന്ത്രിയായി നിയമിക്കും.
ആചാരപരമായ ചടങ്ങുകള്‍ക്കുശേഷം ചൊവ്വാഴ്ച വൈകീട്ടോ ബുധനാഴ്ചയോ ആകും ലിസ് ട്രസ് പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുക. എലിസബത്ത് രാജ്ഞി ബക്കിംഗ്ഹാം കൊട്ടാരത്തില്‍ വച്ചാണ് യുകെ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കാറുള്ളത്. എന്നാല്‍, രാജ്ഞി വേനല്‍ക്കാല അവധിക്ക് സ്‌കോട്ട്‌ലന്‍ഡിലായതിനാല്‍ ബല്‍മോറലിലാണ് പ്രഖ്യാപനം നടക്കുക. എലിസബത്ത് രാജ്ഞിയെ കാണാന്‍ സ്‌കോട്ട്‌ലന്‍ഡിലേക്ക് പോകുന്നതിന് മുമ്പ്, സ്ഥാനമൊഴിയുന്ന യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നാളെ ഔദ്യോഗിക വസതിക്ക് പുറത്ത് മാധ്യമങ്ങളെ കാണും.
സ്‌കോട്ട്‌ലന്‍ഡിലെ ഔദ്യോഗിക പദവി കൈമാറ്റത്തിന് ശേഷം, ലിസ് ട്രസ് ലണ്ടനിലേക്കെത്തുകയും ഡൗണിംഗ് സ്ട്രീറ്റില്‍ പ്രസംഗിക്കുകയും ചെയ്യും.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം, കാബിനറ്റ് അംഗങ്ങളെ നിയമിക്കാന്‍ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.