കൊവിഡ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
വൈദ്യസഹായമില്ലാതെ അദ്ദേഹം ശ്വസിക്കുന്നുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു.
ലണ്ടന്‍: കൊവിഡ് ബാധയെത്തുടര്‍ന്ന് തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. വൈദ്യസഹായമില്ലാതെ അദ്ദേഹം ശ്വസിക്കുന്നുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. ബോറിസ് ജോണ്‍സണ്‍ കരുത്തുറ്റ വ്യക്തിത്വത്തിന് ഉടമയാണെന്നും അദ്ദേഹം സാധാരണ ജീവിതത്തിലേക്ക് അതിവേഗം തിരിച്ചുവരുമെന്നും റാബ് പ്രത്യാശ പ്രകടിപ്പിച്ചു. ജോണ്‍സണ്‍ തനിക്ക് സഹപ്രവര്‍ത്തകന്‍ മാത്രമല്ലെന്നും ഉറ്റചങ്ങാതി കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ ഉയര്‍ന്ന താപനിലയില്‍ കുറവുണ്ടായതായി ഡോക്ടര്‍മാരെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ബോറിസ് ജോണ്‍സന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് അദ്ദേഹത്തിന്റെ വക്താവും പ്രതികരിച്ചു. വെന്റിലേഷന്‍ സംവിധാനത്തിന്റെ ആവശ്യമില്ല. ന്യുമോണിയയും ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 55കാരനായ ബോറിസ് ജോണ്‍സണെ തുടര്‍പരിശോധന നടത്തുന്നതിനായി ഞായറാഴ്ചയാണ് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് ഒരുഘട്ടത്തില്‍ ബോറിസിനെ വെന്റിലേറ്ററിലേക്ക് മാറ്റണമെന്നുവരെ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു. പനി ഭേദമാവാത്തതിനെ തുടര്‍ന്ന് ബോറിസിന്റെ ഐസൊലഷന്‍ നീട്ടുകയായിരുന്നു. രോഗലക്ഷണങ്ങള്‍ ഗുരുതരമല്ലാത്തതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിങ് മുഖേന അദ്ദേഹം യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.