ഋഷി സുനാക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക്?; നാലാം റൗണ്ടിലും മുന്നില്‍

നാലാം റൗണ്ട് വോട്ടെടുപ്പില്‍ 118 വോട്ടുകളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ ഋഷി സുനാക് നേടിയത്.

Update: 2022-07-19 18:16 GMT

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള വിജയസാധ്യത വര്‍ധിപ്പിച്ച് മുന്നേറുകയാണ് ഇന്ത്യന്‍ വംശജന്‍ ഋഷി സുനാക്. നാലാം റൗണ്ട് വോട്ടെടുപ്പില്‍ 118 വോട്ടുകളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ ഋഷി സുനാക് നേടിയത്. മൂന്നാം റൗണ്ടിനേക്കാള്‍ മൂന്ന് അധിക വോട്ടുകളാണ് നാലാം ഘട്ടത്തില്‍ അദ്ദേഹം നേടിയത്. ഇതോടെ, കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ നേതൃത്വത്തിലേക്കുള്ള നാലാം റൗണ്ട് വോട്ടെടുപ്പിലും ഋഷി സുനക് ഒന്നാം സ്ഥാനം നിലനിര്‍ത്തി.

മുന്‍ വാണിജ്യമന്ത്രി പെന്നി മോര്‍ഡന്റിന് 92 വോട്ടുകളാണ് ലഭിച്ചത്. മുന്‍ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസിന് 86 വോട്ടുകളാണുള്ളത്. ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയവര്‍ ബുധനാഴ്ച നടക്കുന്ന അവസാന റൗണ്ട് വോട്ടെടുപ്പില്‍ മാറ്റുരയ്ക്കും. ഇപ്പോള്‍ 118 എം.പിമാരുടെ പിന്തുണയുള്ള ഋഷി സുനക്, അവസാന രണ്ടില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിമാരുടെ മൂന്നിലൊന്ന് വോട്ടുകള്‍ (120 വോട്ടുകള്‍) ആണ് ജയിക്കാന്‍ ആവശ്യം. രണ്ടു പേരുടെ വോട്ടു കൂടി നേടിയാല്‍ അദ്ദേഹത്തിന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മൂന്നിലൊന്ന് എംപിമാരുടെ പിന്തുണ ലഭിക്കും.

ബുധനാഴ്ച അവസാനഘട്ട വോട്ടെടുപ്പ് നടക്കും. സെപ്തംബര്‍ അഞ്ചിനാണ് പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുക. ഋഷി സുനാക്, ഇന്ത്യന്‍ വംശജ സുവെല്ല ബ്രേവര്‍മാന്‍, ഇറാഖി വംശജന്‍ നധീം സഹാവി എന്നിവരുള്‍പ്പെടെ 11 സ്ഥാനാര്‍ഥികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.

1960ല്‍ താന്‍സാനിയയില്‍നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയതാണ് ഋഷി സുനാകിന്റെ കുടുംബം. 1980 മേയ് 12ന് ഹാംഷെയറിലെ സതാംപ്ടണില്‍ യശ്വീറിന്റെയും ഉഷയുടെയും മകനായാണ് ജനനം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തന്റെ കുടുംബത്തിന്റെ കുടിയേറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമാക്കി ഋഷി തയ്യാറാക്കിയ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. അമ്മ ഉഷ ഫാര്‍മസിസ്റ്റും അച്ഛന്‍ യശ്വീര്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ഉദ്യോഗസ്ഥനുമായിരുന്നു.

Tags:    

Similar News