തുര്‍ക്കി തീരത്ത് ചരക്കുകപ്പല്‍ മുങ്ങി മൂന്നുപേര്‍ മരിച്ചു; ആറുപേരെ രക്ഷപ്പെടുത്തി
മോശം കാലാവസ്ഥയെത്തുടര്‍ന്ന് തുര്‍ക്കിയിലെ ബാര്‍ട്ടിന്‍ തുറമുഖത്ത് നങ്കൂരമിടാന്‍ ശ്രമിക്കുമ്പോഴാണു മുങ്ങിയതെന്ന് തീരരക്ഷാ സേന അറിയിച്ചു.
ഇസ്താംബൂള്‍: വടക്കന്‍ തുര്‍ക്കിയിലെ ഇന്‍കുമുവില്‍ കരിങ്കടല്‍ തീരത്ത് ചരക്കുകപ്പല്‍ മുങ്ങി മൂന്നുപേര്‍ മരിച്ചു. ആറുപേരെ തുര്‍ക്കി തീരരക്ഷാസേന രക്ഷപ്പെടുത്തിയതായി തുര്‍ക്കി ഗതാഗതമന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഉക്രെയ്‌നിയന്‍ കപ്പലായ ആര്‍വിനാണ് മുങ്ങിയത്. ബള്‍ഗേറിയയില്‍നിന്ന് ജോര്‍ജിയയിലേക്കു പോവുകയായിരുന്നു കപ്പല്‍. മോശം കാലാവസ്ഥയെത്തുടര്‍ന്ന് തുര്‍ക്കിയിലെ ബാര്‍ട്ടിന്‍ തുറമുഖത്ത് നങ്കൂരമിടാന്‍ ശ്രമിക്കുമ്പോഴാണു മുങ്ങിയതെന്ന് തീരരക്ഷാ സേന അറിയിച്ചു.
12 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരില്‍ രണ്ടുപേര്‍ റഷ്യക്കാരും 10 പേര്‍ ഉക്രെയ്ന്‍കാരുമാണ്. ആറുപേരെ രക്ഷപ്പെടുത്തുകയും രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും ചെയ്തതായി മന്ത്രാലയത്തിന്റെ നാവിക ബ്രാഞ്ച് ട്വിറ്ററില്‍ അറിയിച്ചു. ജോര്‍ജിയയില്‍നിന്ന് ബള്‍ഗേറിയയിലേക്കുള്ള യാത്രാമധ്യേ കനത്ത മഴയും മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും കരിങ്കടല്‍ പ്രദേശത്തെ പ്രതികൂലമായി ബാധിക്കുകയായിരുന്നു.