മുംബൈ- പൂനെ എക്‌സ്പ്രസ് വേയില്‍ കാറിന് മുകളിലേക്ക് ട്രക്ക് പാഞ്ഞുകയറി; ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം
നാല് വയസ്സുളള ആണ്‍കുട്ടിയുള്‍പ്പടെയാണ് മരണപ്പെട്ടത്. ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം നഷ്ടമായ കണ്ടെയ്‌നര്‍ ട്രക്ക് ഹ്യുണ്ടായ് ഐ 10 കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
മുംബൈ: മുംബൈ- പൂനെ എക്‌സ്പ്രസ് വേയില്‍ കണ്ടെയ്‌നര്‍ ട്രക്ക് കാറിന് മുകളിലേക്ക് പാഞ്ഞുകയറി ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. നാല് വയസ്സുളള ആണ്‍കുട്ടിയുള്‍പ്പടെയാണ് മരണപ്പെട്ടത്. ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം നഷ്ടമായ കണ്ടെയ്‌നര്‍ ട്രക്ക് ഹ്യുണ്ടായ് ഐ 10 കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മുന്നോട്ടുനീങ്ങിയ കാര്‍ മുന്നില്‍ സഞ്ചരിക്കുകയായിരുന്ന മറ്റൊരു ട്രക്കില്‍ ചെന്നിടിച്ചാണ് നിന്നത്.
അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപകടത്തെത്തുടര്‍ന്ന് കാറില്‍ തീപടര്‍ന്നു. മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പട്രോളിങ് നടത്തുകയായിരുന്ന ഹൈവേ പോലിസിന്റെ സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി. വാഹനത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന കണ്ടെയ്‌നര്‍ ട്രക്കിന്റെ ഡ്രൈവറെ രക്ഷപ്പെടുത്തിയത് ഇവരാണ്. ഡ്രൈവറെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ ഇന്ത്യയിലുടനീളം 1.5 ലക്ഷം പേരാണ് റോഡ് അപകടങ്ങളില്‍ മരണപ്പെട്ടതെന്നാണ് സര്‍ക്കാരിന്റെ കണക്ക്. ആഗോളതലത്തില്‍ പ്രതിവര്‍ഷം 4.5 ലക്ഷം അപകട സംഭവങ്ങളാണ് റിപോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്്. റോഡപകടത്തെത്തുടര്‍ന്ന് 4.5 ലക്ഷത്തിലധികം ആളുകള്‍ വികലാംഗരാവുകയും ജിഡിപിയുടെ 3.14 ശതമാനം വരെ നഷ്ടം സംഭവിക്കുകയും ചെയ്യുന്നുവെന്ന് ലോക ബാങ്ക് റിപോര്‍ട്ട് ചെയ്യുന്നു.