ബീജിങ്: ചൈനയില്‍ ഈ മാസമാദ്യം ആരംഭിച്ച കനത്തമഴയെത്തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ മരണം 61 ആയി. കുടിയൊഴിപ്പിക്കല്‍ തുടരുന്ന തെക്കന്‍, മധ്യ ചൈനയില്‍ ഇതിനകം മൂന്നരലക്ഷം ആളുകളെ മാറ്റിപാര്‍പ്പിച്ചു. 9300 വീടുകള്‍ തകരുകയും 3.71 ദശലക്ഷം ഹെക്ടര്‍ കൃഷിഭൂമി നശിച്ചിട്ടുണ്ടെന്നും ചൈനീസ് ദുരന്തനിവാരണ മന്ത്രാലയം അറിയിച്ചു. വെള്ളത്തില്‍ കുടുങ്ങിക്കിടന്ന 4300 ആളുകളെ സുരക്ഷാ പ്രവര്‍ത്തകര്‍ രക്ഷിച്ചിട്ടുണ്ട്.
വെള്ളപ്പൊക്കത്തിന് പുറമെ, മലയിടിച്ചിലും ഉരുള്‍പൊട്ടലുമാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്. തെക്കന്‍ ചൈനയിലെ എട്ട് പ്രവിശ്യകളിലായി 45 ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചതായാണ് കണക്കാക്കുന്നത്. ചിലയിടങ്ങളില്‍ വെള്ളപ്പൊക്കത്തില്‍ രണ്ട് മീറ്ററോളം വെള്ളം പൊങ്ങിയതായി ചൈനയിലെ ദുരന്ത ലഘൂകരണ വിഭാഗം പറയുന്നു. പ്രളയത്തിലാകെ ഇതുവരെ 10 ബില്യണ്‍ യുവാന്‍ നഷ്ടം സംഭവിച്ചതായാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഗ്വാങ്‌ഡോങ് പ്രവിശ്യയിലാണ് പ്രളയം കൂടുതല്‍ ബാധിച്ചത്. കാറുകളും പാലങ്ങളും വീടുകളും വെള്ളത്തില്‍ പൂര്‍ണമായും മുങ്ങി. പ്രളയ ബാധിത പ്രദേശങ്ങളില്‍നിന്ന് ദുരന്തത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.