ലബ്‌നാന്‍ അധിനിവേശം താല്‍ക്കാലികമായി നിര്‍ത്താന്‍ ഇസ്രായേല്‍; ഇന്ന് മന്ത്രിസഭാ യോഗം
തെല്‍അവീവ്: ലബ്‌നാന്‍ അധിനിവേശം താല്‍ക്കാലികമായി നിര്‍ത്തിവക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ഇസ്രായേല്‍ മന്ത്രിസഭ ഇന്ന് യോഗം ചേരും. രണ്ട് മാസത്തേക്ക് വെടിനിര്‍ത്തുന്ന കാര്യമാണ് മന്ത്രിസഭ ചര്‍ച്ച ചെയ്യുക. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാല്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനോ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണോ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കും. വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപനം എത്രയും വേഗമുണ്ടാവുമെന്ന് യുഎസിലെ വൈറ്റ്ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.
2006ല്‍ ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുണ്ടായ യുദ്ധം അവസാനിപ്പിച്ച ഐക്യരാഷ്ട്ര സഭാ സുരക്ഷാ സമിതിയുടെ 1701ാം നമ്പറിലുള്ള പ്രമേയം വീണ്ടും നടപ്പാക്കുമെന്നാണ് സൂചന. കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ ഇസ്രായേല്‍ സൈന്യം തെക്കന്‍ ലബ്‌നാനില്‍ നിന്ന് പിന്‍മാറും. ഇസ്രായേല്‍ സൈന്യം പിന്‍മാറുന്ന പ്രദേശങ്ങളില്‍ 60 ദിവസത്തിനുള്ളില്‍ ലബ്‌നാന്‍ സൈന്യത്തെ വിന്യസിക്കും. കരാര്‍ നടപ്പാവുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ യുഎസും ഫ്രാന്‍സും അടക്കം അഞ്ച് രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഒരു സമിതിയുമുണ്ടാവും. എന്തു കരാര്‍ ഉണ്ടായാലും തെക്കന്‍ ലെബനാനില്‍ ഹിസ്ബുല്ലക്കെതിരേ ആക്രമണം നടത്താനുള്ള അധികാരം ഇസ്രായേല്‍ നിലനിര്‍ത്തുമെന്ന് യുഎസിലെ അംബാസഡറായ ഡാന്നി ഡാനന്‍ പറഞ്ഞു.
വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിക്കാന്‍ വലിയ തടസങ്ങളൊന്നും ഇല്ലെന്നാണ് ലബ്‌നാന്‍ പാര്‍ലമെന്റിന്റെ ഡപ്യൂട്ടി സ്പീക്കറായ ഏലിയാസ് ബൗ സാബ് പറഞ്ഞത്. അതേസമയം, ഗസയിലെ ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ യുഎസിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധിയായ ബ്രെറ്റ് മക്ഗര്‍ക്ക് ഇന്ന് സൗദിയില്‍ എത്തും.
1701ാം നമ്പര്‍ പ്രമേയം
ഇസ്രായേലി ജയിലുകളില്‍ അടച്ച ലബ്‌നാനികളെ മോചിപ്പിക്കണമെന്ന ഹിസ്ബുല്ലയുടെ ആവശ്യം തള്ളിയ ഇസ്രായേലിന്റെ നടപടിയാണ് 2006ലെ യുദ്ധത്തിന് കാരണമായത്. ഇസ്രായേല്‍-ലബ്‌നാന്‍ അതിര്‍ത്തിയില്‍ പട്രോളിങ് നടത്തുകയായിരുന്ന ഇസ്രായേലി സൈനികരെ ഹിസ്ബുല്ല അറസ്റ്റ് ചെയ്തതോടെയാണ് സംഘര്‍ഷം ആരംഭിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് 34 ദിവസം നീണ്ട യുദ്ധം അവസാനിച്ചത്.
ഇസ്രായേല്‍-ലബ്‌നാന്‍ അതിര്‍ത്തിയില്‍ ഒരു ബഫര്‍ സോണ്‍ രൂപീകരിക്കണമെന്നാണ് പ്രമേയം പറയുന്നത്. ഈ പ്രദേശത്ത് 15,000ത്തോളം യുഎന്‍ സൈന്യത്തെ വിന്യസിക്കുകയും വേണം. ലബ്‌നാനില്‍ നിന്ന് ഇസ്രായേലി സൈന്യം പിന്‍മാറിയെന്നും ഹിസ്ബുല്ലയുമായി സംഘര്‍ഷമില്ലെന്ന് ഉറപ്പാക്കാനും വേണ്ടിയാണ് ഈ സൈന്യത്തെ വിന്യസിക്കുന്നത്. പ്രമേയത്തിലെ പ്രധാന വ്യവസ്ഥകള്‍ താഴെക്കൊടുക്കുന്നു.
1) ലബ്‌നാനിലെ എല്ലാ സായുധ വിഭാഗങ്ങളെയും നിരായുധീകരിക്കണം.
2) ലബ്‌നാനിന് അകത്ത് സര്‍ക്കാരിന് മാത്രമായിരിക്കണം സായുധ അധികാരം.
3) സര്‍ക്കാരിന്റെ അനുമതിയില്ലാതെ മറ്റൊരു രാജ്യത്തിന്റെ സൈന്യവും ലബ്‌നാനില്‍ പ്രവര്‍ത്തിക്കരുത്.
4) ലബ്‌നാന്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒരു രാജ്യവും ലബ്‌നാനിലേക്ക് ആയുധം കടത്തരുത്.
5) നീല രേഖക്കും ലിതാനി നദിക്കും ഇടയില്‍ ഐക്യരാഷ്ട്രസഭാ സേനയും ലബ്‌നാന്‍ സൈന്യവും മാത്രമേ പ്രവര്‍ത്തിക്കാവൂ.
എന്താണ് നീല രേഖ ?
ലബ്‌നാന്റെ തെക്കന്‍ അതിര്‍ത്തിക്കും ഇസ്രായേലിന്റെ വടക്കന്‍ അതിര്‍ത്തിക്കും ഇടയിലുള്ള 120 കിലോമീറ്റര്‍ പ്രദേശമാണ് നീല രേഖയെന്ന് അറിയപ്പെടുന്നത്. ഇവിടെ നിര്‍മാണമോ മറ്റോ ആവശ്യമുണ്ടെങ്കില്‍ ഐക്യരാഷ്ട്രസഭാ സേനയുടെ അനുമതി വേണം. ഇത് ലംഘിച്ചാല്‍ നടപടി സ്വീകരിക്കാം.