കൊവിഡ് ബാധിതരുടെ എണ്ണത്തിലെ കുറവ്; ന്യൂസിലാന്‍ഡില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കുന്നു
റീട്ടെയില്‍ കടകള്‍, മാളുകള്‍, ഭക്ഷണശാലകള്‍, സിനിമ തിയറ്ററുകള്‍, പൊതു ഇടങ്ങള്‍ തുടങ്ങിയ മേഖലകളിലെല്ലാം ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുതല്‍ ഇവിടങ്ങളിലെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കും.
വെല്ലിങ്ടണ്‍: കൊവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞ സാഹചര്യത്തില്‍ ന്യൂസിലാന്‍ഡില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. 52 ദിവസത്തിനുശേഷമാണ് ന്യൂസിലാന്‍ഡ് സാധാരണനിലയിലേക്കെത്തുകയാണെന്ന പ്രഖ്യാപനം പ്രധാനമന്ത്രി ജസീന്ത ആന്‍ഡേന്‍ നടത്തിയത്. റീട്ടെയില്‍ കടകള്‍, മാളുകള്‍, ഭക്ഷണശാലകള്‍, സിനിമ തിയറ്ററുകള്‍, പൊതു ഇടങ്ങള്‍ തുടങ്ങിയ മേഖലകളിലെല്ലാം ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുതല്‍ ഇവിടങ്ങളിലെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കും. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിലെ കൊവിഡ് കേസുകള്‍ വിലയിരുത്തിയശേഷമാണ് പുതിയ തീരുമാനം.
തിങ്കളാഴ്ച ന്യൂസിലാന്‍ഡില്‍ മൂന്ന് പുതിയ കൊവിഡ് കേസുകള്‍ മാത്രമാണ് റിപോര്‍ട്ട് ചെയ്തത്. ഏറ്റവും പുതിയ കണക്കുകള്‍പ്രകാരം രാജ്യത്ത് 90 വൈറസ് പോസിറ്റീവ് കേസുകളാണുള്ളത്. ഇതില്‍ രണ്ടുപേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. ഈ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണം നീക്കുന്നതിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഈ നേട്ടങ്ങളൊന്നും ഭാഗ്യത്തിലൂടെയല്ല, മറിച്ച് കഠിനാധ്വാനത്തിലൂടെ നേടിയെടുത്തതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രണ്ടാംഘട്ടമെന്ന നിലയില്‍ സാമ്പത്തികരംഗം തുറക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്നും പക്ഷേ കഴിയുന്നത്ര സുരക്ഷിതമായി വേണം അത് ചെയ്യാനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച മുതല്‍ റീട്ടെയില്‍ ബിസിനസുകള്‍, ഹെയര്‍ഡ്രസുകള്‍, കഫേകള്‍, ജിമ്മുകള്‍, സിനിമാശാലകള്‍, മാളുകള്‍, കളിസ്ഥലങ്ങള്‍ എന്നിവ തുറക്കും. കുടുംബത്തിന് പുറത്തുള്ള സുഹൃത്തുക്കളുമായും കുടുംബവുമായും ഇടപഴകാന്‍ അനുവദിക്കും. ഈമാസം 18 മുതല്‍ രാജ്യത്തെ സ്‌കൂളുകള്‍ തുറക്കുകയും ക്ലാസുകള്‍ പതിവുപോലെ പുനരാരംഭിക്കുകയും ചെയ്യും. 21 മുതല്‍ ബാറുകള്‍ തുറക്കും. ശാരീരിക അകലം പാലിച്ചുകൊണ്ടായിരിക്കും ഇതിന് അനുമതി നല്‍കുക. ബാറുകളില്‍ നൃത്തപരിപാടികളോ ആളുകള്‍ ഒത്തുചേരലുകളോ അനുവദിക്കില്ല. റെസ്റ്റോറന്റ്, അത്താഴവിരുന്ന്, വിവാഹം, സംസ്‌കാരം എന്നിവിടങ്ങളില്‍ 10 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ കഴിയൂ എന്നും പുതിയ വ്യവസ്ഥകളില്‍ പറയുന്നു.