ന്യൂസിലന്റ് വെടിവയ്പ്പ്: ഇരകളെ കൈവിടാതെ ജസീന്ത ആര്‍ഡേന്‍ (വീഡിയോ)
വെടിവയ്പ്പില്‍ പരിക്കേറ്റു ന്യൂസിലന്റിലെ ആശുപത്രിയില്‍ കഴിയുന്ന അഹ്മദാബാദ് സ്വദേശി അഹ്മദ് ഇഖ്ബാല്‍ ജഹാംഗീറിനെ ജസീന്ത സന്ദര്‍ശിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ തരംഗമാവുന്നത്
വെല്ലിങ്ടണ്‍: ക്രിസ്റ്റ്ചര്‍ച്ചിലെ മസ്ജിദുകളിലുണ്ടായ വെടിവയ്പ്പിനെ തുടര്‍ന്നു സാന്ത്വന പ്രവര്‍ത്തനങ്ങളവസാനിപ്പിക്കാതെ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍. വെടിവയ്പ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ആശ്വാസവാക്കുകളും പ്രാര്‍ത്ഥനയുമായെത്തിയ ജസീന്ത ഇപ്പോഴും സ്വാന്തന പ്രവര്‍ത്തനങ്ങളില്‍ വാപൃതയാവുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വരുന്നത്. വെടിവയ്പ്പില്‍ പരിക്കേറ്റു ന്യൂസിലന്റിലെ ആശുപത്രിയില്‍ കഴിയുന്ന അഹ്മദാബാദ് സ്വദേശി അഹ്മദ് ഇഖ്ബാല്‍ ജഹാംഗീറിനെ ജസീന്ത സന്ദര്‍ശിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ തരംഗമാവുന്നത്.
ശിരോവസ്ത്രം ധരിച്ചെത്തിയ ജസീന്ത, അസ്സലാമു അലൈകും എന്നു അഭിവാദനം ചെയ്താണ് ഇഖ്ബാലിനടുത്തെത്തുന്നത്. തുടര്‍ന്നു ഇഖ്ബാലിനോടും സഹോദരന്‍ മുഹമ്മദ് ഖുര്‍ഷീദിനോടും ചികില്‍സാ വിവരങ്ങള്‍ അന്വേഷിക്കുകയും സ്വാന്തനിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. നെഞ്ചില്‍ വെടിയേറ്റ 35കാരനായ ഇഖ്ബാല്‍ സുഖം പ്രാപിക്കുന്നതായും പ്രധാനമന്ത്രി നല്‍കുന്ന പിന്തുണ വളരെ വലുതാണെന്നും സഹോദരന്‍ മുഹമ്മദ് ഖുര്‍ഷീദ് പിന്നീട് മാധ്യമങ്ങളോടു വ്യക്തമാക്കി. ഹൈദരാബാദിലെ അംബര്‍പേട്ട് സ്വദേശിയായ ഇഖ്ബാല്‍ 15 വര്‍ഷം മുമ്പാണ് ന്യൂസിലന്റിലെത്തിയത്. വെടിവപ്പ് നടന്ന അല്‍നൂര്‍ മസ്ജിദിനു സമീപം ഹൈദരാബാദി ബിരിയാണി വില്‍ക്കുന്ന റസ്റ്റോറന്റ് നടത്തുകയാണ് ഇഖ്ബാല്‍.