കൊലയാളിക്കു മാപ്പു നല്‍കുന്നു; തിരിച്ചറിവുണ്ടായേക്കാം: മസ്ജിദില്‍ മരിച്ചുവീണ യുവതിയുടെ ഭര്‍ത്താവ്

Update: 2019-03-18 17:25 GMT

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്റിലെ മസ്ജിദുകളില്‍ വെടിവപ്പു നടത്തി കൊലക്കളം തീര്‍ത്ത അക്രമിക്കു മാപ്പു നല്‍കുന്നതായി ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവ്. അക്രമി വെടിവച്ചു കൊന്ന ഹുസ്‌നാ അഹ്മദ് എന്ന യുവതിയുടെ ഭര്‍ത്താവ് ഫരീദ് അഹ്മദാണ് കൊലയാളിക്കു മാപ്പു നല്‍കുന്നതായും അദ്ദേഹത്തിനായി ദൈവത്തോടു പ്രാര്‍ഥിക്കുന്നതായും വെളിപ്പെടുത്തിയത്. തന്റെ പ്രിയതമയെ കൊന്നയാളാണെങ്കിലും തനിക്കദ്ദേഹത്തോടു സ്‌നേഹം മാത്രമേയുള്ളു. അദ്ദേഹത്തിന്റെ പ്രവൃത്തിയെ അംഗീകരിക്കാന്‍ കഴിയില്ല. എന്നാല്‍ അദ്ദേഹത്തോടു വെറുപ്പോ പകയോ ഇല്ല. അദ്ദേഹത്തിനായി ദൈവത്തോടു പ്രാര്‍ഥിക്കുന്നു. ഒരുനാള്‍ അദ്ദേഹത്തിനും തിരിച്ചറിവു വന്നേക്കാം- ഫരീദ് പറഞ്ഞു. 90കളില്‍ ബംഗ്ലാദേശില്‍ നിന്നും ന്യൂസിലന്റിലേക്കു കുടിയേറിയതാണ് ഹുസ്‌നയും ഫരീദും. ഒരു മകളുണ്ട് ഇവര്‍ക്ക്. വെടിവപ്പു തുടങ്ങിയതോടെ ഹുസ്‌ന നിരവധി പേരെ രക്ഷപ്പെടുത്തിയിരുന്നു. പിന്നീട് ചക്രക്കസേരയില്‍ സഞ്ചരിക്കുന്ന ഭര്‍ത്താവ് ഫരീദിനെ രക്ഷപ്പെടുത്താനായി മസ്ജിദിലേക്കു വീണ്ടും വന്നതോടെയാണ് ഹുസ്‌നക്കു വെടിയേല്‍ക്കുന്നതും മരിക്കുന്നതും. 

Tags:    

Similar News