കൊവിഡ് ആഗോളവ്യാപനം പ്രതീക്ഷിച്ചതിലും വഷളാവുന്നു; പല രാജ്യങ്ങളിലും രോഗലക്ഷണമില്ലാത്ത കേസുകള്‍: ലോകാരോഗ്യസംഘടന

ഗ്വാട്ടിമാല ഉള്‍പ്പെടെയുള്ള മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ അണുബാധ ഇപ്പോഴും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും അവ സങ്കീര്‍ണമായ പകര്‍ച്ചവ്യാധികളാണെന്നും ലോകാരോഗ്യസംഘടനയുടെ മുന്‍നിര അത്യാഹിതവിദഗ്ധനായ ഡോ. മൈക്ക് റയാന്‍ പറഞ്ഞു.

Update: 2020-06-09 08:31 GMT

ജനീവ: കൊറോണ വൈറസിന്റെ ആഗോളവ്യാപനം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണന്ന് ലോകാരോഗ്യസംഘടന. മധ്യ അമേരിക്കയില്‍ രോഗവ്യാപനത്തിന്റെ തോത് വര്‍ധിക്കുകയാണെന്നും ലോകരോഗ്യസംഘടന പറയുന്നു. അമേരിക്കയിലുള്‍പ്പെടെ നടക്കുന്ന വര്‍ണവിവേചന പ്രതിഷേധങ്ങളില്‍ സുരക്ഷിത അകലവും മറ്റും പാലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച മാത്രം 1,36,000 പുതിയ കൊവിഡ് രോഗികളുണ്ടായി. 72 ലക്ഷത്തോളം ആളുകള്‍ക്കാണ് നിലവില്‍ രോഗം ബാധിച്ചത്. രോഗവ്യാപനം തുടങ്ങിയിട്ട് ആറുമാസത്തിലേറെയായി. എന്നിരുന്നാലും ഒരുരാജ്യവും പ്രതിരോധപ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്നാക്കംപോവരുതെന്നും ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു.

ഗ്വാട്ടിമാല ഉള്‍പ്പെടെയുള്ള മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ അണുബാധ ഇപ്പോഴും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും അവ സങ്കീര്‍ണമായ പകര്‍ച്ചവ്യാധികളാണെന്നും ലോകാരോഗ്യസംഘടനയുടെ മുന്‍നിര അത്യാഹിതവിദഗ്ധനായ ഡോ. മൈക്ക് റയാന്‍ പറഞ്ഞു. സിംഗപ്പൂരില്‍ പുതുതായി കണ്ടെത്തിയ കൊറോണ വൈറസ് കേസുകളില്‍ പകുതിയും രോഗലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെന്ന് സര്‍ക്കാരിന്റെ വൈറസ് ടാസ്‌ക്ഫോഴ്സിന്റെ സഹമേധാവി റോയിട്ടേഴ്സിനോട് പറഞ്ഞു. ബ്രസീലാണ് രോഗത്തിന്റെ നിലവിലെ പ്രഭവകേന്ദ്രങ്ങളിലൊന്ന്. പല രാജ്യങ്ങളിലും രോഗലക്ഷണമില്ലാത്ത വൈറസ് ബാധിതരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

എന്നാല്‍, ഇവരില്‍നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകര്‍ന്നതായി കണ്ടെത്താനായിട്ടില്ലെന്നും ലോകാരോഗ്യസംഘടന പകര്‍ച്ചവ്യാധി വിദഗ്ധനായ വാന്‍ കോര്‍കോവ് വ്യക്തമാക്കി. ഇവരില്‍നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് അപൂര്‍വമായി മാത്രമാണ്. കഴിഞ്ഞ ഒമ്പത് ദിവസവും ഒരുലക്ഷം വീതം ആളുകള്‍ക്ക് പുതിയതായി രോഗബാധയുണ്ടായി. കൂടുതല്‍ ആളുകളിലേക്ക് രോഗം പടരാനുള്ള സാഹചര്യമൊഴിവാക്കണം. കിഴക്കന്‍ ഏഷ്യ, യൂറോപ്പ് എന്നിവയ്ക്ക് ശേഷം അമേരിക്കന്‍ ഭുഖണ്ഡങ്ങളിലാണ് രോഗവ്യാപനം കൂടുതലെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News