കൊവിഡ്: അമേരിക്കയിലും ഇറ്റലിയിലും മരണം 20,000 കടന്നു; ലോകത്ത് 19.25 ലക്ഷം വൈറസ് ബാധിതര്‍
ലോകത്താകെ കൊവിഡ് 19 ബാധിച്ചുള്ള മരണം 1.19 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4,903 പേരാണ് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
വാഷിങ്ടണ്‍: ഏറ്റവും കൂടുതല്‍ കൊവിഡ് നാശംവിതച്ചുകൊണ്ടിരിക്കുന്ന അമേരിക്കയിലും ഇറ്റലിയിലും മരണസംഖ്യ 20,000 കടന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത് 23,644 പേരാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ മരണവും രോഗബാധിതരും അമേരിക്കയില്‍തന്നെയാണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 5,87,155 ആണ്. തിങ്കളാഴ്ച മാത്രം അമേരിക്കയില്‍ 1,364 പേരാണ് മരിച്ചത്. അവസാന മണിക്കൂറില്‍ 214 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും നാലുപേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. അമേരിക്കയില്‍ അതിവേഗം വൈറസ് പടരുകയാണ്. ഓരോ ദിവസം കഴിയുന്തോളം രോഗബാധയേല്‍ക്കുന്നവരുടെ നിരക്ക് കൂടിവരികയാണ്.
ആകെ രാജ്യത്ത് 36,948 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 5.26 ലക്ഷം പേരാണ് ചികില്‍സയിലുള്ളത്. ഇതില്‍ 12,772 പേരുടെ നില അതീവഗുരുതരമാണ്. അമേരിക്കയ്ക്ക് പിന്നാലെ ഇറ്റലിയിലും മരണസംഖ്യ 20,000 കടന്നു. 566 പേരാണ് തിങ്കളാഴ്ച ഇറ്റലിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 20,465 ആയി. രാജ്യത്ത് 1,59,516 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,03,616 പേര്‍ ചികില്‍സയിലാണ്. 3,260 പേരുടെ നില ഗുരുതരവുമാണ്. ഇതുവരെ 35,435 പേര്‍ രോഗം ഭേദമായി ജീവിതത്തിലേക്ക് തിരികെയെത്തി. ലോകത്താകെ കൊവിഡ് 19 ബാധിച്ചുള്ള മരണം 1.19 ലക്ഷം കടന്നു.
24 മണിക്കൂറിനിടെ 4,903 പേരാണ് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ലോകത്താകെ മരിച്ചവരുടെ എണ്ണം 1,19,702 ആയി ഉയര്‍ന്നു. 210 രാജ്യങ്ങളിലായി 19,25,224 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 65,151 പേര്‍ക്ക് കൊവിഡ് റിപോര്‍ട്ട് ചെയ്തു. 4,47,948 പേരാണ് രോഗവിമുക്തി നേടിയത്. സ്‌പെയിന്‍ (17,756), ഫ്രാന്‍സ് (14,967), ബ്രിട്ടന്‍ (11,329) എന്നിവിടങ്ങളിലും മരണസംഖ്യ ദിനംപ്രതി ഉയരുകയാണ്. ചൈനയില്‍ തിങ്കളാഴ്ച 108 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇത് വലിയ ആശങ്കകള്‍ക്കാണ് ഇടയാക്കുന്നത്. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയശേഷം ചൈനയില്‍ ഇത് ആദ്യമായാണ് ഇത്രയധികം കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് ബാധയ്ക്ക് തുടക്കംകുറിച്ച ചൈനയില്‍ ഇതുവരെ 3,341 പേരാണ് മരണപ്പെട്ടത്. ആകെ 82,249 പേര്‍ക്കാണ് രാജ്യത്ത് വൈറസ് സ്ഥിരീകരിക്കപ്പെട്ടത്.