തുര്‍ക്കിയിലെ ഭൂകമ്പം: മരണം 12 ആയി; 420 പേര്‍ക്ക് പരിക്ക്, ഭീതി വിതച്ച് സുനാമിയും (വീഡിയോ)
ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി രൂപപ്പെട്ടതായും തുര്‍ക്കിയുടെ തീരദേശനഗരങ്ങളില്‍ വലിയതോതില്‍ വെള്ളം കയറിയതായും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിന്റെ നിരവധി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അങ്കാറ: തുര്‍ക്കിയിലെ ഈജിയന്‍ തീരമേഖലയിലുണ്ടായ ഭൂകമ്പം രാജ്യത്ത് വലിയതോതില്‍ നാശംവിതച്ചു. 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തില്‍ 12 പേര്‍ മരിക്കുകയും 420 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി തുര്‍ക്കിയിലെ ഡിസാസ്റ്റര്‍ ആന്റ് എമര്‍ജന്‍സി മാനേജ്മെന്റ് പ്രസിഡന്‍സി (എഎഫ്എഡി) യെ ഉദ്ധരിച്ച് അല്‍ജസീറ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കെട്ടിടങ്ങള്‍ തകര്‍ന്നാണ് പലര്‍ക്കും ജീവന്‍ നഷ്ടമായത്. ഗ്രീസിലും വലിയതോതില്‍ നാശമുണ്ടായി. ഈജിയന്‍ കടലിലാണ് ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം.
Another tsunami footage from the earthquake in Izmir province of Turkey.
— Ragıp Soylu (@ragipsoylu) October 30, 2020
This one is really dangerous pic.twitter.com/62zfddWSi8
ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി രൂപപ്പെട്ടതായും തുര്‍ക്കിയുടെ തീരദേശനഗരങ്ങളില്‍ വലിയതോതില്‍ വെള്ളം കയറിയതായും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിന്റെ നിരവധി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തുര്‍ക്കി നഗരമായ ഇസ്മിറില്‍ വെള്ളപ്പൊക്കമുണ്ടായതായി ദൃക്സാക്ഷികള്‍ പറഞ്ഞു. നിരവധി കെട്ടിടങ്ങളാണ് തകര്‍ന്നുവീണത്. പലരും രക്ഷപ്പെടുന്നതിന് പരിഭ്രാന്തരായി ഓടിനടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഭൂകമ്പം നാശംവിതച്ച നിരവധി പ്രദേശങ്ങളില്‍ പുക ആകാശത്തേക്ക് ഉയര്‍ന്നിരുന്നു.
20 കെട്ടിടങ്ങള്‍ തകര്‍ന്നതായി ഇസ്മിര്‍ മേയര്‍ ടങ്ക് സോയര്‍ സിഎന്‍എന്‍ തുര്‍ക്കിയോട് പറഞ്ഞു. ഏകദേശം 4,5 ദശലക്ഷം ആളുകള്‍ താമസിക്കുന്ന തുര്‍ക്കിയിലെ മൂന്നാമത്തെ വലിയ നഗരമാണിത്. ഇസ്മിറിലെ ആറ് കെട്ടിടങ്ങള്‍ തകര്‍ന്നതായി തുര്‍ക്കി ആഭ്യന്തരമന്ത്രി ട്വീറ്റ് ചെയ്തു. 70 പേരെയെങ്കിലും അവശിഷ്ടങ്ങളില്‍നിന്ന് രക്ഷപ്പെടുത്തിയതായി ഇസ്മിര്‍ ഗവര്‍ണര്‍ യാവൂസ് സലിം കോസ്ഗര്‍ പറഞ്ഞു. നിരവധി പേര്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഭൂകമ്പം കുറഞ്ഞത് 25 സെക്കന്‍ഡ് വരെ നീണ്ടുനിന്നതായാണ് ജനങ്ങള്‍ പറയുന്നത്.
സോഷ്യല്‍ മീഡിയയിലെ ദൃശ്യങ്ങളില്‍ ഫ്രിഡ്ജുകള്‍, കസേരകള്‍, മേശകള്‍, വാഹനങ്ങള്‍ എന്നിവ വെള്ളപ്പൊക്കത്തില്‍ ഒഴുകിനടക്കുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. ഈജിയന്‍ കടലിലെ ദ്വീപായ സാമൊസ് അടക്കം ചിലയിടങ്ങളില്‍ സുനാമി മുന്നറിയിപ്പുണ്ട്. സമീപനഗരങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടതായും കെട്ടിടങ്ങള്‍ തകര്‍ന്നതായും റിപോര്‍ട്ടുണ്ട്. ഏകദേശം 165 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ ഭൂകമ്പം അനുഭവപ്പെട്ടു. ഭൂകമ്പത്തെ തുടര്‍ന്ന കടല്‍ വലിയതോതില്‍ പ്രക്ഷുബ്ധമായതായും തീരമേഖലയില്‍ കടലാക്രമണമുണ്ടായതായും ദൃക്‌സാക്ഷികള്‍ പറയുന്നു.
തുര്‍ക്കിയുടെ തീരത്തുനിന്ന് 33.5 കിലോമീറ്റര്‍ അകലെ ഈജിയന്‍ കടലില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്. (20.8 മൈല്‍) ആണെന്നും യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂകമ്പം അനുഭവപ്പെട്ടതായി ഇസ്താംബൂള്‍ ഗവര്‍ണര്‍ അലി യെര്‍ലികായ സ്ഥിരീകരിച്ചെങ്കിലും അവിടെ നാശനഷ്ടങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വിശദീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഭൂകമ്പസാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് തുര്‍ക്കി. 1999 ആഗസ്തില്‍ ഇസ്താംബൂളിന് തെക്കുകിഴക്കായി ഇസ്മിറ്റില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 17,000 ലധികം ആളുകള്‍ മരിച്ചു. 2011 ല്‍ കിഴക്കന്‍ നഗരമായ വാനിലുണ്ടായ ഭൂകമ്പത്തില്‍ അഞ്ഞൂറിലധികം പേരാണ് മരണപ്പെട്ടത്.