തുര്‍ക്കിയിലെ ഭൂകമ്പം: മരണസംഖ്യ 22 ആയി ഉയര്‍ന്നു; 800 ഓളം പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക. വലിയ കോണ്‍ക്രീറ്റ് പാളികള്‍ മുറിച്ചുമാറ്റിയാണ് കുടുങ്ങിയവരെ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്.

Update: 2020-10-31 01:08 GMT
തുര്‍ക്കിയിലെ ഭൂകമ്പം: മരണസംഖ്യ 22 ആയി ഉയര്‍ന്നു; 800 ഓളം പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

അങ്കാറ: പടിഞ്ഞാറന്‍ തുര്‍ക്കിയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 22 മരണങ്ങളാണ് തുര്‍ക്കി ദുരന്തനിവാരണ ഏജന്‍സിയെ ഉദ്ധരിച്ച് അല്‍ജസീറ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. 800 ഓളം പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. നിരവധിപേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. അതുകൊണ്ട് മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക. രാത്രിവൈകിയും ശനിയാഴ്ച പുലര്‍ച്ചെയും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. വലിയ കോണ്‍ക്രീറ്റ് പാളികള്‍ മുറിച്ചുമാറ്റിയാണ് കുടുങ്ങിയവരെ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്.

വെള്ളിയാഴ്ച പടിഞ്ഞാറന്‍ പ്രവിശ്യയായ ഇസ്മിറിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമണ്ടായത്. ഗ്രീക്ക് ദ്വീപായ സമോസിലെ തുറമുഖത്ത് ചെറിയ സുനാമി ഉണ്ടായതായി റിപോര്‍ട്ടുകളുണ്ട്. ഗ്രീസിന്റെയും തുര്‍ക്കിയുടെയും ഈജിയന്‍ തീരമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തുര്‍ക്കിയിലെ നാശനഷ്ടങ്ങളില്‍ ഭൂരിഭാഗവും സംഭവിച്ചിരിക്കുന്നത് ഈജിയന്‍ റിസോര്‍ട്ട് നഗരമായ ഇസ്മിറിലും പരിസരത്തുമാണ്. മൂന്ന് ദശലക്ഷം ആളുകളാണ് ഇവിടെ താമസിക്കുന്നത്.

ഒപ്പം ഉയര്‍ന്ന അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കുകള്‍ നിറഞ്ഞതുമാണ്. എത്രപേര്‍ അവശിഷ്ടങ്ങളില്‍ കുടുങ്ങിയെന്ന് വ്യക്തമല്ല. ഈജിയന്‍ ദ്വീപായ സമോസിലുണ്ടായ ചെറിയ സുനാമിയെയും ഭൂകമ്പത്തെയും തുടര്‍ന്ന് തുര്‍ക്കിയുടെ പടിഞ്ഞാറന്‍ തീരത്തെ ഒരുപട്ടണത്തില്‍ നദി തന്നെ രൂപപ്പെട്ട അവസ്ഥയിലാണ്. ഗ്രീസില്‍ സമോസ് ദ്വീപില്‍ രണ്ട് കൗമാരക്കാര്‍ കെട്ടിടം തകര്‍ന്ന് മരിച്ചതായി റിപോര്‍ട്ടുണ്ട്. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി രൂപപ്പെട്ടതായും തുര്‍ക്കിയുടെ തീരദേശനഗരങ്ങളില്‍ വലിയതോതില്‍ വെള്ളം കയറിയതായും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിന്റെ നിരവധി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

തുര്‍ക്കി നഗരമായ ഇസ്മിറില്‍ വെള്ളപ്പൊക്കമുണ്ടായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. നിരവധി കെട്ടിടങ്ങളാണ് തകര്‍ന്നുവീണത്. പലരും രക്ഷപ്പെടുന്നതിനായി പരിഭ്രാന്തരായി ഓടിനടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 20 കെട്ടിടങ്ങള്‍ തകര്‍ന്നതായി ഇസ്മിര്‍ മേയര്‍ ടങ്ക് സോയര്‍ സിഎന്‍എന്‍ തുര്‍ക്കിയോട് പറഞ്ഞു. ഏകദേശം 4,5 ദശലക്ഷം ആളുകള്‍ താമസിക്കുന്ന തുര്‍ക്കിയിലെ മൂന്നാമത്തെ വലിയ നഗരമാണിത്.

ഇസ്മിറില്‍ 70 പേരെയെങ്കിലും അവശിഷ്ടങ്ങളില്‍നിന്ന് രക്ഷപ്പെടുത്തിയതായി ഇസ്മിര്‍ ഗവര്‍ണര്‍ യാവൂസ് സലിം കോസ്ഗര്‍ പറഞ്ഞു. ഭൂകമ്പം കുറഞ്ഞത് 25 സെക്കന്‍ഡ് വരെ നീണ്ടുനിന്നതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഏകദേശം 165 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ ഭൂകമ്പം അനുഭവപ്പെട്ടു. ഭൂകമ്പത്തെ തുടര്‍ന്ന് കടല്‍ വലിയതോതില്‍ പ്രക്ഷുബ്ധമായതായും തീരമേഖലയില്‍ കടലാക്രമണമുണ്ടായതായും ദൃക്സാക്ഷികള്‍ പറയുന്നു.

Tags:    

Similar News