സിറിയയില്‍ ആഭ്യന്തരകലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 277 ആയി

Update: 2024-11-30 08:14 GMT

അലപ്പോ: സിറിയയില്‍ ആഭ്യന്തരകലാപം രൂക്ഷമാവുന്നു. സിറിയയിലെ അസദ് ഭരണകൂടത്തിന്റെ സൈന്യവും സിറിയന്‍ വിമതരും തമ്മിലുള്ള പോരാട്ടമാണ് കനക്കുന്നത്. ഇതുവരെ കലാപത്തില്‍ കൊല്ലപ്പെട്ടവരും എണ്ണം 277 ആയി. കൊല്ലപ്പെട്ടവരില്‍ 27 പേര്‍ സാധാരണക്കാരാണ്. ഇവരില്‍ എട്ട് കുട്ടികളും ഉള്‍പ്പെടും. ടര്‍ക്കിഷ് സായുധസംഘങ്ങളുടെ പിന്തുണയോടെ സുന്നി സായുധസംഘമായ ഹയാത് തഹ്രീര്‍ അല്‍ ഷാമിന്റെ (എച്ച്.ടി.എസ്.) നേതൃത്വത്തിലാണ് ബശാറുല്‍ അസദിന്റെ സര്‍ക്കാരിനെതിരേയുള്ള സായുധകലാപം അരങ്ങേറിയത്.

ഇദ്‌ലിബില്‍ ദിവസങ്ങളായി സിറിയന്‍ സൈന്യവും സായുധസംഘാംഗങ്ങളും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ നടക്കുകയാണ്. വെള്ളിയാഴ്ചയോടെയാണ് ആയിരക്കണക്കിന് കലാപകാരികള്‍ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ വടക്കുള്ള അലപ്പോയിലെത്തിയത്. 2016-ല്‍ സൈന്യം നഗരം തിരിച്ചുപിടിച്ചശേഷം ആദ്യമായാണ് എച്ച്ടിഎസിന്റെ നേതൃത്വത്തിലുള്ള വിമതര്‍ അലപ്പോ നഗരത്തില്‍ പ്രവേശിക്കുന്നത്.

അലപ്പോയുടെ അഞ്ച് സമീപപ്രദേശങ്ങളുടെ നിയന്ത്രണം വിമതര്‍ ഏറ്റെടുത്തിട്ടുണ്ട്്. ഇദ്‌ലിബിലും അലപ്പോയിലുമായി തന്ത്രപ്രധാനമായ 50 പട്ടണങ്ങളും ഗ്രാമങ്ങളും ഇവര്‍ പിടിച്ചു. അലപ്പോ സര്‍വകലാശാലയ്ക്കുനേരേ വെള്ളിയാഴ്ച നടത്തിയ ആക്രമണത്തില്‍ രണ്ട് വിദ്യാര്‍ഥികളടക്കം നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള 2019-ലെ സമാധാനക്കരാര്‍ വിമതര്‍ ലംഘിച്ചെന്ന് സിറിയന്‍ സൈന്യം ആരോപിച്ചു.




Tags:    

Similar News