ലോസ് എയ്ഞ്ചലസില്‍ കാട്ടുതീ പടരുന്ന പ്രദേശങ്ങളില്‍ മോഷണവും വ്യാപകമാവുന്നു; 20 പേര്‍ പിടിയില്‍
ലോസ് എയ്ഞ്ചലസ്(യുഎസ്): കാട്ടുതീ പടരുന്ന യുഎസിലെ ലോസ് എയ്ഞ്ചലസില്‍ മോഷണവും വ്യാപകമാവുന്നതായി റിപോര്‍ട്ട്. കൊള്ളക്കാരെ തടയാന്‍ ജനങ്ങള്‍ ഊഴമിട്ട് തെരുവുകളില്‍ കാവല്‍ നില്‍ക്കുകയാണ്. അഗ്നിക്കിരയായ വീടുകളിലും കെട്ടിടങ്ങളിലും മോഷണം നടത്തിയ 20 പേരെ ഇതിനകം അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. തീപിടുത്തമുണ്ടായ പ്രദേശങ്ങളിലേക്ക് അനാവശ്യമായി കടക്കുന്നവരെ പിടികൂടുമെന്നും കൂടുതല്‍ പോലിസിനെ വിന്യസിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
അതിസമ്പന്നരായ ആളുകള്‍ ജീവിക്കുന്ന പ്രദേശങ്ങള്‍ അഗ്നിക്കിരയായതോടെ വിവിധ പ്രദേശങ്ങളിലെ മോഷ്ടാക്കള്‍ അവിടെ എത്തിയതായാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. സര്‍ക്കാര്‍ സഹായം വേണ്ട രീതിയില്‍ ലഭിക്കാത്തതിനാല്‍ നാട്ടുകാരാണ് ഇപ്പോള്‍ കാവല്‍ നില്‍ക്കുന്നതെന്ന് പ്രദേശവാസിയായ ഒരാള്‍ എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഒഴിപ്പിക്കപ്പെട്ട പ്രദേശങ്ങളില്‍ കാണുന്ന എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്ന് പോലിസും പ്രഖ്യാപിച്ചു. ഇത്തരക്കാരുടെ കേസ് വന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ അറ്റോണി നതാന്‍ ഹോക്ക്മാന്‍ പറഞ്ഞു.