ഫലസ്തീന്‍ അനുകൂല പ്രതിഷേധം; പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ് അറസ്റ്റില്‍

Update: 2024-09-05 10:07 GMT
ഫലസ്തീന്‍ അനുകൂല പ്രതിഷേധം;   പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ് അറസ്റ്റില്‍


കോപന്‍ഹേഗന്‍: ഫലസ്തീന്‍ അനുകൂല പ്രതിഷേധം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ് അറസ്റ്റില്‍. ഡെന്‍മാര്‍ക്കിലെ കോപന്‍ഹേഗന്‍ യൂണിവേഴ്സിറ്റിക്ക് മുന്നില്‍ പ്രതിഷേധം നടത്തിയ 'സ്റ്റുഡന്‍സ് എഗെയ്ന്‍സ്റ്റ് ഒക്കുപ്പേഷന്‍' എന്ന വിദ്യാര്‍ത്ഥി സംഘടനയിലെ ഗ്രെറ്റ അടക്കമുള്ള ആറ് പേരെ ഡെന്‍മാര്‍ക്ക് പോലിസ് അറസ്റ്റ് ചെയ്തതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഗ്രെറ്റയുടെ അറസ്റ്റ് ഇതുവരെ ഔദ്യോഗികമായി ഡെന്‍മാര്‍ക്ക് പോലിസ് സ്ഥിരീകരിച്ചിട്ടില്ല. ബുധനാഴ്ച കോപ്പന്‍ഹേഗന്‍ യൂണിവേഴ്സിറ്റിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച പ്രക്ഷോഭകരെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഡെന്‍മാര്‍ക്കിലെ പ്രാദേശിക ന്യൂസ് ഔട്ട്ലെറ്റായ എക്സ്ട്രാ ബ്ലാഡെറ്റ് പ്രസിദ്ധീകരിച്ച പത്രത്തില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ അടയാളമായ കെഫിയ ധരിച്ച് കൈവിലങ്ങുകളുമായി നില്‍ക്കുന്ന ഗ്രെറ്റയുടെ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. അതേസമയം പ്രക്ഷോഭകര്‍ പ്രതിഷേധിക്കുന്ന ബില്‍ഡിങ്ങിലേക്ക് പോലിസുകാര്‍ കടക്കുന്ന ഒരു ചിത്രം ഗ്രെറ്റയും പങ്ക് വെച്ചതോടെയാണ് അറസ്റ്റ് സംബന്ധിച്ച അഭ്യൂഹം ശക്തമാവുന്നത്.

എന്നാല്‍ ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യ മനസിലാക്കിയിട്ടും കോപ്പന്‍ഹേഗന്‍ യൂണിവേഴ്സിറ്റി ഇസ്രായേലിലെ വിദ്യാഭ്യാസ സ്ഥാപങ്ങളുമായി സഹകരണം തുടരുന്നു എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് യൂണിവേഴ്സിറ്റി ഉപരോധിച്ചതെന്ന് വിദ്യാര്‍ത്ഥി സംഘടനയുടെ പ്രതിനിധികള്‍ പ്രതികരിച്ചു. അതിനാല്‍ തന്നെ ഈ അക്കാദമിക് സഹകരണം നിരോധിക്കണം എന്നാണ് ഞങ്ങളുടെ ആവശ്യമെന്നും അവര്‍ പറഞ്ഞു.






Tags:    

Similar News