ഫലസ്തീനിയെയും അഫ്ഗാനിയെയും ക്ഷണിച്ചു; ഗ്രേറ്റാ തുന്‍ബെര്‍ഗിനെ വേദിയില്‍ തടഞ്ഞു

Update: 2023-11-13 09:27 GMT

ആംസ്റ്റര്‍ഡാം: ഫലസ്തീനിയെയും അഫ്ഗാന്‍ വനിതയെയും വേദിയിലേക്ക് ക്ഷണിച്ച അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റാ തുന്‍ബെര്‍ഗിനെ പരസ്യമായി തടഞ്ഞു. നെതര്‍ലാന്റ് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നടന്ന കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പ്രതിഷേധത്തിനിടെ ഞായറാഴ്ചയാണ് സംഭവം. പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പരിപാടിയുടെ വേദിയിലേക്ക് സംസാരിക്കാന്‍ ഒരു ഫലസ്തീനിയെയും ഒരു അഫ്ഗാന്‍ വനിതയെയും ക്ഷണിച്ചതിനെയാണ് ഗ്രേറ്റ തുന്‍ബെര്‍ഗിനെ തടസ്സപ്പെടുത്തിയത്. ഗ്രേറ്റ സംസാരിക്കുന്നതിനിടെ വേദിയിലേക്കു കയറിയ ഒരു പുരുഷന്‍ മൈക്ക് തട്ടിയെടുക്കുകയും പ്രതിഷേധിക്കുകയും ചെയ്തത്. ഡച്ച് വാട്ടര്‍ ബോര്‍ഡുകളില്‍ അംഗങ്ങളെ തിരഞ്ഞെടുത്ത വാട്ടര്‍ നാറ്റുര്‍ലിജ്ക് എന്ന ഗ്രൂപ്പിന്റെ പേരുള്ള ജാക്കറ്റാണ് അദ്ദേഹം ധരിച്ചിരുന്നത്. എന്നാല്‍, ഇയാളെ ഉടന്‍ തന്നെ വേദിയിലുള്ള മറ്റുള്ളവര്‍ പിടിച്ചുമാറ്റുകയും ഗ്രേറ്റയ്ക്ക് പ്രസംഗം തുടരാന്‍ സാഹചര്യം ഒരുക്കുകയുമായിരുന്നു. 'കാലാവസ്ഥാ നീതി പ്രസ്ഥാനമെന്ന നിലയില്‍, അടിച്ചമര്‍ത്തപ്പെടുന്നവരുടെ സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി പോരാടുന്നവരുടെ ശബ്ദം നാം കേള്‍ക്കേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം, അന്താരാഷ്ട്ര ഐക്യദാര്‍ഢ്യമില്ലാതെ ഒരു കാലാവസ്ഥാ നീതിയും ഉണ്ടാവില്ലെന്നും ഗ്രേറ്റാ തുന്‍ബര്‍ഗ് ആവര്‍ത്തിച്ചു.

Full View


തുന്‍ബെര്‍ഗ് വേദിയിലെത്തുന്നതിന് മുമ്പ്, ജനക്കൂട്ടത്തിന് മുന്നില്‍ ഒരു ചെറുസംഘം ഫലസ്തീന്‍ പതാകകള്‍ വീശുകയും ഫലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തിരുന്നു. പ്രസംഗത്തിനിടെ വേദിയിലേക്ക് ഫലസ്തീന്‍, അഫ്ഗാന്‍ സ്ത്രീകളെ ക്ഷണിക്കുകയായിരുന്നു. തുടര്‍ന്ന് തുന്‍ബെര്‍ഗ് തന്റെ പ്രസംഗം പുനരാരംഭിച്ചപ്പോഴാണ് ഒരു പുരുഷന്‍ വേദിയിലേക്ക് കടന്നുകയറിയത്. പച്ച നിറത്തിലുള്ള ജാക്കറ്റ് ധരിച്ചെത്തിയ ഇയാള്‍, ഞാന്‍ ഇവിടെ വന്നത് കാലാവസ്ഥാ പ്രകടനത്തിനാണെന്നും രാഷ്ട്രീയ കാഴ്ച്ചപ്പാടിനല്ലെന്നും വിളിച്ചുപറയുന്നുണ്ടായിരുന്നു. അല്‍പ്പനേരം കൈയാങ്കളിയുടെ വക്കിലെത്തിയതോടെ ഇയാളെ സ്‌റ്റേജില്‍ നിന്ന് ഇറക്കിവിട്ടെങ്കിലും കൃത്യമായി തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. ഈ സമയം തടിച്ചുകൂടിയവര്‍ക്കിടയില്‍ നിന്നു ഫ്രീ ഫലസ്തീന്‍, ലോങ് ലിവ് ഫലസ്തീന്‍ തുടങ്ങിയ മുദ്രാവാക്യം വിളിയും ഉയരുന്നുണ്ട്. മാത്രമല്ല, റാലിയില്‍ പങ്കെടുത്തവരില്‍ ഒരു സംഘം ഫലസ്തീന്‍ പതാകയേന്തുകയും ഐക്യദാര്‍ഢ്യം അര്‍പ്പിക്കുകയും ചെയ്തിരുന്നു.

ഡച്ച് ദേശീയ തിരഞ്ഞെടുപ്പിന് 10 ദിവസം മുമ്പ് നടന്ന ജനകീയ പ്രതിഷേധത്തില്‍ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ കൂടുതല്‍ നടപടി ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ആളുകളാണ് ആംസ്റ്റര്‍ഡാമിലെ തെരുവുകളിലൂടെ മാര്‍ച്ച് നടത്തിയത്. 70,000 പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തെന്നും നെതര്‍ലന്‍ഡ്‌സിലെ എക്കാലത്തെയും വലിയ കാലാവസ്ഥാ പ്രതിഷേധമാണിതെന്നും സംഘാടകര്‍ അവകാശപ്പെട്ടു. യൂറോപ്യന്‍ യൂനിയന്‍ മുന്‍ കാലാവസ്ഥാ മേധാവിയും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാവുകയും ചെയ്തിട്ടുള്ള ഫ്രാന്‍സ് ടിമ്മര്‍മന്‍സ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ അഭിസംബോധന ചെയ്തു. 'ഞങ്ങള്‍ ജീവിക്കുന്നത് പ്രതിസന്ധികളുടെ കാലത്താണ്, ഇതെല്ലാം രാഷ്ട്രീയ തിരഞ്ഞെടുപ്പുകളുടെ ഫലമാണെന്നും സംഘാടകരും അഭിപ്രായപ്പെട്ടു. ഗ്രേറ്റാ തുന്‍ബര്‍ഗിന്റെ പ്രസ്ഥാനമായ ഫ്രൈഡേഴ്‌സ് ഫോര്‍ ഫ്യൂച്ചര്‍ യുവജന പ്രസ്ഥാനത്തിലെ അംഗങ്ങളും പ്രതിഷേധത്തില്‍ പങ്കാളികളായിരുന്നു. 'കാലാവസ്ഥാ പ്രതിസന്ധി ആരോഗ്യ പ്രതിസന്ധിയാണന്ന ബാനറുമായി വെളുത്ത കോട്ട് ധരിച്ചാണ് ഒരു വിഭാഗം ഡോക്ടര്‍മാരും പങ്കെടുത്തത്.


ഫലസ്തീനിലെ കുഞ്ഞുങ്ങളെയടക്കം കൊന്നൊടുക്കുന്ന കൊടുംക്രൂരതക്കെതിരേ പ്രതികരിച്ചതിന്റെ പേരില്‍ നേരത്തേ ഇസ്രായേല്‍ ഗ്രേറ്റാ തുന്‍ബര്‍ഗിനെ പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും പിന്‍മാറിയിരുന്നില്ല. ഫലസ്തീനൊപ്പം നില്‍ക്കേണ്ടതിന്റെ ആവശ്യകത വിവരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ ചിത്രവും ഗ്രേറ്റ നേതൃത്വം നല്‍കുന്ന െ്രെഫഡേസ് ഫോര്‍ ഫ്യൂച്ചര്‍ എന്ന പ്രസ്ഥാനത്തിന്റ പ്രസ്താവനയും പങ്കുവച്ചിരുന്നു. ഫലസ്തീനും ഗസയ്ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ട്വിറ്ററില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ ഇസ്രായേല്‍ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് വിമര്‍ശിച്ചത്.


ഗസയ്ക്ക് പിന്തുണ അറിയിച്ചതോടെ മാതൃകാ വ്യക്തിത്വമാവാനുള്ള അര്‍ഹത ഗ്രേറ്റ നഷ്ടപ്പെടുത്തിയെന്ന് പറഞ്ഞ ഇസ്രായേല്‍, സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ഗ്രേറ്റയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ഭാഗങ്ങള്‍ നീക്കംചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷവും ഗ്രേറ്റാ തുന്‍ബെര്‍ഗ് ഫലസ്തീനെ പിന്തുണച്ചു രംഗത്തെത്തുന്നത് ഇസ്രായേലിനും അധിനിവേശ സൈന്യത്തെ പിന്തുണയ്ക്കുന്ന അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കും തലവേദനയാവുന്നുണ്ട്.




Tags:    

Similar News