ഹൂത്തികളില്‍ നിന്ന് ഹൊദൈദ തുറമുഖം പിടിക്കാന്‍ 'യെമന്‍ സര്‍ക്കാര്‍' ശ്രമം തുടങ്ങി; യുഎസിന്റെ സഹായവും തേടി

Update: 2025-04-13 04:05 GMT
ഹൂത്തികളില്‍ നിന്ന് ഹൊദൈദ തുറമുഖം പിടിക്കാന്‍ യെമന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി; യുഎസിന്റെ സഹായവും തേടി

അബൂദബി: യെമനിലെ ഹൂത്തികള്‍ക്കെതിരെ യുഎസ് വ്യോമാക്രമണം നടത്തുന്നതിന്റെ മറവില്‍ ഹൊദൈദ തുറമുഖം പിടിക്കാന്‍ 'യെമന്‍ സര്‍ക്കാര്‍' ശ്രമം തുടങ്ങി. യുഎസിന്റെയും യുഎഇ-സൗദി തുടങ്ങിയ അറബ് രാജ്യങ്ങളുടെയും പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന, ഏദന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യെമന്‍ സര്‍ക്കാരിന്റെ സൈന്യത്തെ പരാജയപ്പെടുത്തി 2021ലാണ് ഹൂത്തികള്‍ ഹൊദൈദ തുറമുഖം സ്വന്തമാക്കിയത്. ഇത് തിരിച്ചുപിടിക്കാന്‍ 80,000 പേര്‍ അടങ്ങിയ പ്രത്യേക സൈനികവിഭാഗത്തെ 'യെമന്‍ സര്‍ക്കാര്‍' സജ്ജമാക്കിയതായി യുഎഇ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള 'ദി നാഷണല്‍' റിപോര്‍ട്ട് ചെയ്യുന്നു.

ഹൊദൈദ തുറമുഖം പിടിക്കാന്‍ കഴിഞ്ഞാല്‍, പടിഞ്ഞാറന്‍ യെമനിലെയും തെക്കന്‍ യെമനിലെയും ചില പ്രദേശങ്ങള്‍ പിടിക്കാന്‍ കഴിയുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നതെന്ന് ഗള്‍ഫ് റിസര്‍ച്ച് സെന്ററിലെ അബ്ദുല്‍ അസീസ് സഗീര്‍ 'ദി നാഷണലിനോട്' പറഞ്ഞു. ഈ പ്രദേശങ്ങള്‍ പിടിച്ചു കഴിഞ്ഞാല്‍ സന്‍ആയിലെത്താന്‍ കഴിയും. ഹൂത്തികള്‍ക്കെതിരെ ആക്രമണം നടത്താന്‍ ആയുധങ്ങള്‍ നല്‍കണമെന്നും വ്യോമാക്രമണ പിന്തുണ നല്‍കണമെന്നുമാണ് 'യെമന്‍ സര്‍ക്കാര്‍' യുഎസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിഷയത്തില്‍ യെമന്‍ സര്‍ക്കാരിന്റെ സൈനിക മേധാവിയായ ലഫ്റ്റനന്റ് ജനറല്‍ ഹമൂദ് അഹ്മദ് അസീസും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവിയായ ജനറല്‍ മൈക്കിള്‍ കുരില്ലയും കൂടിക്കാഴ്ച്ച നടത്തി.

ഹുദൈദ തുറമുഖത്ത് അക്രമങ്ങള്‍ പാടില്ലെന്നാണ് 2018ലെ സ്‌റ്റോക്ക്‌ഹോം കരാര്‍ പറയുന്നത്. യെമന്‍ സര്‍ക്കാര്‍ ആക്രമണം നടത്തിയാല്‍ അത് കരാറിന്റെ ലംഘനമാവും. ഗസയില്‍ ഇസ്രായേല്‍ അധിനിവേശം തുടങ്ങിയ 2023 മുതല്‍ ഹൂത്തികള്‍ ചെങ്കടലിലെ ഇസ്രായേലി ബന്ധമുള്ള കപ്പലുകള്‍ക്കെതിരെ ആക്രമണം നടത്തുന്നുണ്ട്. എന്നാല്‍, റഷ്യയുമായും ചൈനയുമായും അവര്‍ കരാറില്‍ ഏര്‍പ്പെട്ടു. ഈ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് തടസമില്ലാതെ സഞ്ചരിക്കാമെന്നാണ് കരാറിലെ വ്യവസ്ഥ. ഐക്യരാഷ്ട്ര സഭാ സുരക്ഷാ സമിതിയില്‍ വീറ്റോ അധികാരമുള്ള രാജ്യങ്ങളാണ് റഷ്യയും ചൈനയും. അതിനാല്‍, ഐക്യരാഷ്ട്ര സുരക്ഷാ സമിതിയെ ഉപയോഗിച്ച് ഹൂത്തികളെ ആക്രമിക്കാന്‍ യുഎസിന് എളുപ്പമാവില്ല.

യെമനെതിരെ ആക്രമണം നടത്താന്‍ യുഎഇയും സൗദിയും സഹായം നല്‍കിയാല്‍ പ്രത്യാക്രമണമുണ്ടാവുമെന്ന് ഹൂത്തികള്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ദുബൈയും അബൂദബിയുമെല്ലാം ആക്രമണപരിധിയില്‍ ആവുമെന്നാണ് ഹൂത്തികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Similar News