നിരവധി കംപോഡിയന്‍ കുരുന്നുകളെ മയക്കുമരുന്ന് നല്‍കി ക്രൂരപീഡനത്തിനിരയാക്കി; യുഎസ് മുന്‍ മറീന്‍ ക്യാപ്റ്റന് 210 വര്‍ഷം തടവ്
. 2005-06 കാലത്ത് കംബോഡിയയില്‍ നടത്തിയ കൊടുംക്രൂരതകളുടെ പേരിലാണ് യുഎസ് മുന്‍ മറീന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ ജോസഫ് പെപെയെ ദീര്‍ഘകാലം തടവിന് ശിക്ഷിച്ചത്.
വാഷിങ്ടണ്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ മയക്കുമരുന്ന് നല്‍കി കെട്ടിയിട്ട് ബലാല്‍സംഗത്തിനിരയാക്കിയ യുഎസ് മുന്‍ മറീന്‍ ക്യാപ്റ്റന് 210 വര്‍ഷം തടവ്. 2005-06 കാലത്ത് കംബോഡിയയില്‍ നടത്തിയ കൊടുംക്രൂരതകളുടെ പേരിലാണ് യുഎസ് മുന്‍ മറീന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ ജോസഫ് പെപെയെ ദീര്‍ഘകാലം തടവിന് ശിക്ഷിച്ചത്.ഒമ്പതു വയസ്സു പ്രായമുള്ളപ്പോള്‍ പെപെയുടെ കൊടും ക്രൂരമായ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായ എട്ട് കംബോഡിയന്‍ പെണ്‍കുട്ടികളെ യുഎസ് കോടതി വിസ്തരിച്ചു.
മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയശേഷം കെട്ടിയിട്ട ശേഷം, ഇയാള്‍ നടത്തിയ അതിക്രമങ്ങള്‍ ഇരകള്‍ കോടതിക്കു മുന്നില്‍ വിവരിച്ചു. അതിക്രൂരമായ അക്രമങ്ങള്‍ക്കാണ് ഈ കുട്ടികളടക്കമുള്ളവര്‍ ഇരയായതെന്ന് കോടതി നിരീക്ഷിച്ചു. പൈശാചികവും ഭീകരവുമാണ് ഇയാളുടെ കൃത്യങ്ങളെന്ന് കേസില്‍ വിധി പറഞ്ഞ യുഎസ് ജില്ലാ ജഡ്ജ് ഡെയില്‍ എസ് ഫിഷര്‍ വിശേഷിപ്പിച്ചു. പ്രതി ഒരിക്കലും ജയിലില്‍നിന്നും ഇറങ്ങാന്‍ പാടില്ലെന്ന കാര്യമാണ് കുട്ടികളുടെ വിസ്താരത്തില്‍നിന്നും വ്യക്തമായതെന്നും കോടതി പറഞ്ഞു.
ഞെട്ടിപ്പിക്കുന്നതാണ് ഇയാളുടെ ചെയ്തികള്‍. മറീന്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ഇയാള്‍ വിരമിച്ചശേഷമാണ് കംബോഡിയയയിലേക്ക് പോയത്. ഇവിടെ ഒരു സ്‌കൂളില്‍ അധ്യാപകനായി ജോലി നോക്കുകയായിരുന്നു പെപെ. ഇവിടെയുള്ള ഒരു ലൈംഗിക തൊഴിലാളിയുടെ സഹായത്തോടെ സ്‌കൂളിലേക്ക് കുട്ടികളെ സംഘടിപ്പിച്ചശേഷമായിരുന്നു മയക്കുമരുന്ന് നല്‍കി ഇയാള്‍ കൊടും ക്രൂരതകള്‍ കാണിച്ചത്.
നിരവധി പെണ്‍കുട്ടികളെയാണ് ഒരു വര്‍ഷത്തിലേറെ നീണ്ട കാലത്ത് ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചതെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. വീട്ടില്‍വെച്ചും സ്‌കൂള്‍ കെട്ടിടത്തില്‍വെച്ചും കുട്ടികളെ ബോധം കെടുത്തിയശേഷം തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും അതിനുശേഷം മൃഗീയമായി അവരെ ബലാല്‍സംഗം ചെയ്യുകയുമായിരുന്നു. ഒരു ദിവസം തന്നെ പല പെണ്‍കുട്ടികളെ ഇയാള്‍ തന്റെ ക്രൂരതയ്ക്ക് ഇരയാക്കിയിരുന്നതായി കേസ് രേഖകളില്‍ പറയുന്നു.
ഒരു പെണ്‍കുട്ടി ഈ വിവരം ബന്ധുവിനോട് പറഞ്ഞതോടെയാണ് ഈ സംഭവങ്ങള്‍ പുറത്തായത്. തുടര്‍ന്ന് കംബോഡിയന്‍ പോലിസ് ഇയാളെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. അവര്‍ അറിയിച്ചതനുസരിച്ച് യുഎസ് പോലിസും അന്വേഷണത്തില്‍ പങ്കാളികളായി. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പല തരം മയക്കുമരുന്നുകളും കയറുകളും പെണ്‍കുട്ടികളെ നഗ്‌നരാക്കി ഇയാള്‍ ബലാല്‍സംഗം ചെയ്യുന്ന നിരവധി ഫോട്ടോകളും കണ്ടെടുത്തു. അതിനു ശേഷം കംബോഡിയന്‍ പോലിസ് ഇയാളെ അറസ്റ്റ് ചെയ്ത് അമേരിക്കയ്ക്ക് കൈമാറുകയായിരുന്നു. 2006ലായിരുന്നു ഇത്. തുടര്‍ന്ന് 2007ല്‍ അമേരിക്കന്‍ കോടതി ഇയാള്‍ക്കെതിരേ കുറ്റം ചുമത്തി കേസ് നടപടികള്‍ ആരംഭിച്ചു.
2014ല്‍ ഈ കേസിലെ ചില വകുപ്പുകളില്‍ ഒരു കോടതി 210 വര്‍ഷം തടവു ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍, ഇതിനു ശേഷം, ഈ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറും ഇരകളായ പെണ്‍കുട്ടികളുടെ ദ്വിഭാഷിയായി എത്തിയ വിയറ്റ്‌നാമീസ് യുവതിയും തമ്മില്‍ അവിഹിത ബന്ധമുള്ളതായും കേസില്‍ സ്വാധീനം നടന്നിട്ടുണ്ടെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു തുടര്‍ന്ന് 2018ല്‍ കേസ് മേല്‍ക്കോടതി തള്ളി. അതിനെ തുടര്‍ന്ന്, ഇയാള്‍ക്കെതിരെ പുതിയ കുറ്റങ്ങള്‍ ചുമത്തി കേസ് വീണ്ടും തുടങ്ങുകയായിരുന്നു. അതിനു ശേഷമാണ്, കോടതി വീണ്ടും ഈ കേസ് പരിഗണിച്ചത്. കേസില്‍ വീണ്ടും വാദം കേള്‍ക്കുകയും കോടതി ഇയാള്‍ നടത്തിയ ക്രൂരതകള്‍ അക്കമിട്ട് വ്യക്തമാക്കുകയും ചെയ്തു. തുടര്‍ന്നാണ് 214 വര്‍ഷം തടവുശിക്ഷ മേല്‍ക്കോടതി ഇന്നലെ ശരിവെച്ചത്.