അള്‍ജിയേഴ്‌സ്: മുന്‍ അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബൂതഫ്‌ലിക്ക (84) അന്തരിച്ചു. അള്‍ജീരിയന്‍ സ്റ്റേറ്റ് ടെലിവിഷനാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നിലവിലെ അള്‍ജീരിയന്‍ അബ്ദുല്‍ മാജിദ് തെബൂണിന്റെ ഓഫിസില്‍നിന്ന് മരണവാര്‍ത്ത സ്ഥിരീകരിച്ചു. മരണകാരണമോ സംസ്‌കാരം സംബന്ധിച്ച വിവരങ്ങളോ ഓഫിസ് പുറത്തുവിട്ടിട്ടില്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ബൂതഫ്‌ലിക്ക രണ്ട് ദശാബ്ദത്തോളം ഉത്തരാഫ്രിക്കന്‍ രാഷ്ട്രമായ അള്‍ജീരിയയില്‍ ഭരണം നടത്തി. 1999 മുതല്‍ 20 വര്‍ഷം ഉത്തരാഫ്രിക്കന്‍ രാഷ്ട്രമായ അള്‍ജീരിയ അടക്കി ഭരിച്ച ബൂതഫ്‌ലിക്ക, സൈന്യത്തിന്റെയും ജനകീയ പ്രക്ഷോഭത്തിന്റെയും സമ്മര്‍ദഫലമായി 2019ല്‍ രാജിവയ്ക്കുകയായിരുന്നു.
അഞ്ചാം തവണയും അധികാരത്തിന്റെ ഭാഗമാവാനുള്ള ശ്രമത്തിനെതിരേ വ്യാപകമായി പ്രതിഷേധം രൂപപ്പെട്ടതിനെ തുടര്‍ന്നാണ് 2019 ഏപ്രിലില്‍ അദ്ദേഹം രാജിവച്ചത്. അക്കാലത്ത്, ജനകീയ ആവശ്യത്തെ അന്തരിച്ച ചീഫ് ഓഫ് സ്റ്റാഫ് അഹമ്മദ് ഗെയ്ദ് സലാഹിന്റെ നേതൃത്വത്തിലുള്ള സൈനിക ജനറല്‍മാര്‍ പിന്തുണച്ചിരുന്നു. രാജിയ്ക്കു ശേഷം ബൂതഫ്‌ലിക്ക പടിഞ്ഞാറന്‍ അള്‍ജിയേഴ്‌സിലെ സെറാള്‍ഡയിലെ അദ്ദേഹത്തിന്റെ വൈദ്യസഹായമുള്ള വസതിയില്‍ ഏകാന്തവാസം നയിച്ചുവരികയായിരുന്നു. മുന്‍ പ്രസിഡന്റ് രണ്ട് വര്‍ഷത്തിലേറെയായി പൊതുയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ട്. 2013ല്‍ പക്ഷാഘാതമുണ്ടായതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു.
രാജ്യം ആഭ്യന്തരയുദ്ധത്തില്‍ മുങ്ങിയപ്പോള്‍ അള്‍ജീരിയയിലെ ആദ്യത്തെ സിവിലിയന്‍ നേതാവായ അബ്ദുല്‍ അസീസ് 1999 ലാണ് അധികാരമേല്‍ക്കുന്നത്. പ്രസിഡന്റിന്റെ രണ്ട് ടേം പരിധി റദ്ദാക്കുന്നതിനായി ശക്തമായ രാഷ്ട്രീയ തന്ത്രത്തിലൂടെ അദ്ദേഹം ഭരണഘടന മാറ്റിയെഴുതി. പിന്നീട് 2004, 2009 ലും 2013 ലും വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്‍ഫ്രാസ്ട്രക്ചര്‍, ഹൈഡ്രോകാര്‍ബണ്‍ പ്രോജക്ടുകള്‍ എന്നിവയെക്കുറിച്ചുള്ള അഴിമതികള്‍ അദ്ദേഹത്തെ വര്‍ഷങ്ങളോളം വേട്ടയാടി. അദ്ദേഹത്തിന്റെ സഹോദരനും രണ്ട് മുന്‍ പ്രധാനമന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഇപ്പോള്‍ അഴിമതിയുടെ പേരില്‍ ജയിലിലാണ്.
വടക്കുപടിഞ്ഞാറന്‍ അള്‍ജീരിയയിലെ തെലംസാനില്‍നിന്നുള്ള കുടുംബത്തില്‍ 1937 മാര്‍ച്ച് 2ന് മൊറോക്കോയിലെ ഔജ്ദയിലാണ് ബൂതഫ്‌ലിക്ക ജനിച്ചത്. 19ാം വയസ്സില്‍, അന്ന് ഫ്രഞ്ച് കൊളോണിയലിസത്തിനെതിരേ പോരാടുന്ന നാഷനല്‍ ലിബറേഷന്‍ ആര്‍മിയില്‍ ചേര്‍ന്നു.1962 ല്‍ അള്‍ജീരിയയുടെ സ്വാതന്ത്ര്യസമയത്ത് അദ്ദേഹത്തിന് 25 വയസ്സേ ഉണ്ടായിരുന്നുള്ളൂ. 1979 വരെ വിദേശകാര്യമന്ത്രിയാവുന്നതിനുമുമ്പ് അദ്ദേഹം സ്‌പോര്‍ട്‌സ്, ടൂറിസം മന്ത്രി സ്ഥാനം വഹിച്ചു.