യാത്രക്കാരന് ഹൃദയാഘാതം; ഡല്‍ഹിയിലേയ്ക്കുള്ള ഗോ എയര്‍ വിമാനം പാകിസ്താനില്‍ അടിയന്തരമായി ഇറക്കി

കറാച്ചി വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങിയ ശേഷം യാത്രക്കാരന് സാധ്യമായ എല്ലാ വൈദ്യസഹായങ്ങളും നല്‍കിയെങ്കിലും മരണപ്പെടുകയായിരുന്നു.

Update: 2020-11-20 08:39 GMT

കറാച്ചി: യാത്രക്കാരന് ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് ഡല്‍ഹിയിലേയ്ക്കുള്ള വിമാനം കറാച്ചിയില്‍ അടിയന്തരമായി ഇറക്കി. റിയാദ്- ന്യൂഡല്‍ഹി ജി-6658 ഗോ എയര്‍ വിമാനമാണ് അടിയന്തരമായി പാകിസ്താനിലെ കറാച്ചി വിമാനത്താവളത്തില്‍ ഇറക്കിയത്. 179 യാത്രികരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരന് സാധ്യമായ എല്ലാ വൈദ്യസഹായങ്ങളും നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതെത്തുടര്‍ന്ന് മണിക്കൂറുകള്‍ വൈകിയാണ് വിമാനം ഡല്‍ഹി വിമാനത്താവളത്തിലെത്തിച്ചേര്‍ന്നത്.

റിയാദില്‍നിന്ന് പറന്നുയര്‍ന്ന വിമാനത്തിലെ യാത്രക്കാരന്റെ ആരോഗ്യസ്ഥിതി മോശമാവാന്‍ തുടങ്ങിയതോടെയാണ് അടിയന്തര ലാന്‍ഡിങിന് അഭ്യര്‍ഥന തേടിയത്. ഉടന്‍തന്നെ പാകിസ്താന്‍ അധികൃതര്‍ ഗ്രീന്‍ സിഗ്‌നല്‍ നല്‍കിയെന്ന് ഗോ എയര്‍ അറിയിച്ചു. കറാച്ചി വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങിയ ശേഷം യാത്രക്കാരന് സാധ്യമായ എല്ലാ വൈദ്യസഹായങ്ങളും നല്‍കിയെങ്കിലും മരണപ്പെടുകയായിരുന്നു.

യാത്രക്കാരന് ആരോഗ്യപ്രശ്‌നമുണ്ടായപ്പോള്‍തന്നെ വിമാനത്തിലെ ജീവനക്കാര്‍ ലാന്‍ഡിങ് ചെയ്യുന്നതുവരെ പ്രാഥമിക ചികില്‍സകള്‍ നല്‍കിയിരുന്നതായി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. സൗദി അറേബ്യയില്‍ ദീര്‍ഘകാലമയി ജോലി ചെയ്തുവരികയായിരുന്ന ഉത്തര്‍പ്രദേശ് ബിജ്നോര്‍ സ്വദേശിയായ നൗഷാദ് എന്നയാളാണ് മരിച്ചത്. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നൗഷാദിന്റെ മൃതദേഹം ബുധനാഴ്ച വൈകീട്ടോടെ പാകിസ്താനില്‍നിന്ന് ബിജ്നോറിലെത്തിച്ചിട്ടുണ്ട്.

Tags:    

Similar News