'ഹാഗിയ സോഫിയ' മ്യൂസിയം ജൂലൈ 24ന് നമസ്‌കാരത്തിനായി തുറക്കും
മറ്റെല്ലാ മസ്ജിദുകളെയും പോലെ, ഹാഗിയ സോഫിയയുടെ വാതിലുകള്‍ തുര്‍ക്കി പൗരന്‍മാരും വിനോദസഞ്ചാരികളും ഉള്‍പ്പെടെ എല്ലാവര്‍ക്കുമായി തുറന്നിരിക്കും. ആരാധനയ്ക്കായി ജൂലൈ 24ന് ഹാഗിയ സോഫിയ മസ്ജിദ് തുറക്കാന്‍ ഞങ്ങള്‍ ഒരുങ്ങുകയാണ്.
ആങ്കറ: ഇസ്താംബൂളിലെ ചരിത്രപ്രസിദ്ധമായ 'ഹാഗിയ സോഫിയ' മ്യൂസിയം ഈമാസം 24ന് ഇസ്ലാം മതവിശ്വാസികള്‍ക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കും. കെട്ടിടം മ്യൂസിയമാക്കി മാറ്റിയ ആധുനിക തുര്‍ക്കി സ്ഥാപക നേതാവിന്റെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി വിധിച്ചതിനു പിന്നാലെയാണ് ഹാഗിയ സോഫിയ നമസ്‌കാരത്തിനായി തുറന്നുകൊടുക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചത്.
മറ്റെല്ലാ മസ്ജിദുകളെയും പോലെ, ഹാഗിയ സോഫിയയുടെ വാതിലുകള്‍ തുര്‍ക്കി പൗരന്‍മാരും വിനോദസഞ്ചാരികളും ഉള്‍പ്പെടെ എല്ലാവര്‍ക്കുമായി തുറന്നിരിക്കും. ആരാധനയ്ക്കായി ജൂലൈ 24ന് ഹാഗിയ സോഫിയ മസ്ജിദ് തുറക്കാന്‍ ഞങ്ങള്‍ ഒരുങ്ങുകയാണ്. ഹാഗിയ സോഫിയ തുര്‍ക്കിയുടെ അധികാരപരിധിയിലാണ്.
ഞങ്ങളുടെ ജുഡീഷ്യറിയുടെ തീരുമാനത്തോടുള്ള ഏതെങ്കിലും തരത്തിലുണ്ടാവുന്ന എതിര്‍പ്പുകള്‍ നമ്മുടെ പരമാധികാരത്തിന്റെ ലംഘനമായി കണക്കാക്കപ്പെടും- ഉര്‍ദുഗാന്‍ തല്‍സമയസംപ്രേക്ഷണത്തില്‍ വ്യക്തമാക്കി. 1,500 വര്‍ഷം പഴക്കമുള്ള സ്മാരകത്തിന്റെ നിലവിലെ സ്ഥിതി മാറ്റരുതെന്ന അന്താരാഷ്ട്ര അഭ്യര്‍ഥനക്കിടെയാണ് ഇതുസംബന്ധിച്ച് ഉര്‍ദുഗാന്റെ പ്രഖ്യാപനം പുറത്തുവന്നത്.
അയ സോഫിയ മസ്ജിദിന്റെ മാനേജ്മെന്റ്, മതകാര്യ ഡയറക്ടറേറ്റിന് കൈമാറാനും ആരാധനയ്ക്കായി തുറന്നുനല്‍കാനും തീരുമാനിച്ചതായി ഉര്‍ദുഗാന്‍ ഒപ്പുവച്ച ഉത്തരവില്‍ പറയുന്നു. ക്രിസ്ത്യന്‍ ബൈസന്റൈന്‍, മുസ്ലിം ഓട്ടോമന്‍ സാമ്രാജ്യങ്ങളുടെ കേന്ദ്രബിന്ദുവായ യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിലുള്ള കെട്ടിടം മസ്ജിദാക്കി മാറ്റുന്നതിനുള്ള ആലോചന നേരത്തേ തന്നെ ഉര്‍ദുഗാന്‍ മുന്നോട്ടുവച്ചിരുന്നു. ഇപ്പോള്‍ തുര്‍ക്കിയില്‍ ഏറ്റവുമധികമാളുകള്‍ സന്ദര്‍ശിക്കുന്ന സ്മാരകങ്ങളിലൊന്നാണിത്.