മസ്ജിദാക്കി പുനപ്പരിവര്‍ത്തനം നടത്തിയ ഹാഗിയ സോഫിയ ഉര്‍ദുഗാന്‍ സന്ദര്‍ശിച്ചു
പുനപ്പരിവര്‍ത്തന ജോലികള്‍ പരിശോധിക്കാനാണ് ഉര്‍ദുഗാന്‍ ഇവിടം സന്ദര്‍ശിച്ചതെന്ന് പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു
ആങ്കറ: ഇസ്താംബുളിലെ ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫിയയില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സന്ദര്‍ശിച്ചു. ആദ്യത്തെ മുസ്‌ലിം പ്രാര്‍ഥന നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഉര്‍ദുഗാന്റെ അപ്രതീക്ഷിത സന്ദര്‍ശനം. കഴിഞ്ഞ ആഴ്ചയാണ് മസ്ജിദായി ഹാഗിയ സോഫിയ പുനപ്പരിവര്‍ത്തനം ചെയ്തത്.
പുനപ്പരിവര്‍ത്തന ജോലികള്‍ പരിശോധിക്കാനാണ് ഉര്‍ദുഗാന്‍ ഇവിടം സന്ദര്‍ശിച്ചതെന്ന് പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു. 'പ്രാര്‍ത്ഥന സമയങ്ങളില്‍ ഉചിതമായ മാര്‍ഗ്ഗങ്ങളിലൂടെ' ക്രൈസ്തവ ചിഹ്നങ്ങള്‍ മറയ്ക്കുമെന്ന് രാജ്യത്തെ മത അതോറിറ്റിയായ ദിയാനെറ്റ് പറഞ്ഞു. ആദ്യ പ്രാര്‍ത്ഥന നടക്കുമ്പോള്‍ ഹാഗിയ സോഫിയയിലെ ചിത്രങ്ങളും മറ്റും മൂടുശീലകളോ ലേസറുകളോ ഉപയോഗിച്ച് മറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രാര്‍ഥനയ്ക്കായി മുസ്‌ലിംകള്‍ അഭിമുഖീകരിക്കുന്ന കിബ്‌ലയുടെ ദിശയില്‍ സ്ഥാപിച്ചിരിക്കുന്ന മേരിയുടെയും ഗബ്രിയേലിന്റെയും ചില പ്രതിമകള്‍ മൂടുശീലകള്‍ കൊണ്ട് മൂടുമെന്ന് പ്രസിഡന്റിന്റെ വക്താവ് എന്‍ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
86 കൊല്ലം മ്യൂസിയമായി നിലനിന്ന ഹാഗിയ സോഫിയ പള്ളിയാണെന്നും ആരാധനക്ക് തുറന്നുകൊടുക്കണമെന്നും കഴിഞ്ഞദിവസം തുര്‍ക്കി കോടതി വിധി പ്രഖ്യാപിച്ചിരുന്നു. വിധി വന്ന് അധികം വൈകാതെ രാജ്യത്തോട് നടത്തിയ പ്രസംഗത്തില്‍ ഈ മാസം 24 മുതല്‍ ഹാഗിയ സോഫിയയില്‍ ജുമുഅ നമസ്‌കാരം നടക്കുമെന്നും കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കെട്ടിടം പള്ളിയായി പുനപ്പരിവര്‍ത്തനം ചെയ്യുകയാണെന്നും ഉര്‍ദുഗാന്‍ പ്രഖ്യാപിക്കുകയും ചെയ്തു.
ഉസ്മാനിയ്യ ഭരണാധികാരിയായ മുഹമ്മദ് അല്‍ഫതഹ് കോണ്‍സ്റ്റാന്റിനോപ്പോള്‍ കീഴടക്കിയതിനു പിന്നാലെ ക്രിസ്ത്യാനികളില്‍നിന്നു വില കൊടുത്ത വാങ്ങുകയും തുടര്‍ന്ന് മസ്ജിദാക്കി വഖഫ് ചെയ്യുകയും ചെയ്ത കെട്ടിടമാണ് ഹാഗിയ സോഫിയ. വഖഫ് ചെയ്ത വ്യക്തിയുടെ ആഗ്രഹത്തിനു വിരുദ്ധമായി അത് ഉപയോഗിക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുര്‍ക്കി ഉന്നത കോടതി കെട്ടിടം വീണ്ടും പള്ളിയായി പുനര്‍പ്പരിവര്‍ത്തിപ്പിക്കാന്‍ ഉത്തരവിട്ടത്. കെട്ടിടം വിലകൊടുത്ത് വാങ്ങിയതിന്റെ രേഖകളും പുറത്തുവന്നിരുന്നു. ഭരണകൂടം കേവലം സ്വത്തുക്കളുടെ സംരക്ഷകന്‍ മാത്രമാണെന്ന് അടിവരയിട്ട് വ്യക്തമാക്കിയ തുര്‍ക്കി പരമോന്നത കോടതി ഈ സ്വത്തുവകകള്‍ ആരാധനയ്ക്കല്ലാതെ തുര്‍ക്കി നിയമപ്രകാരം അനുയോജ്യമാണെന്ന് കരുതുന്ന മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും വ്യക്തമാക്കിയിരുന്നു. ആഭ്യന്തര നിയമത്തിന് അനുസൃതമായി ഹാഗിയ സോഫിയയുടെ ഉപയോഗം തടയുന്ന കണ്‍വെന്‍ഷനില്‍ (ലോക സാംസ്‌കാരിക, പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട്) വ്യവസ്ഥകളൊന്നുമില്ലെന്നും കോടതി വിലയിരുത്തിയിരുന്നു. വിശ്വാസികള്‍ കയ്യൊഴിഞ്ഞതോടെ യൂറോപ്പിലും അമേരിക്കയിലും ഉള്‍പ്പെടെ ഇത്തരത്തില്‍ നിരവധി ചര്‍ച്ചുകള്‍ ഇതര മതസമൂഹങ്ങള്‍ക്കും മറ്റുമായി വില്‍പ്പന നടത്തിയിട്ടുണ്ട്.