സൗദിക്കും യുഎഇക്കുമെതിരേ മിസൈല്‍ ആക്രമണം ശക്തമാക്കി ഹൂഥികള്‍

അബുദബിയില്‍ ഹൂഥികള്‍ നടത്തിയ ഡ്രോണ്‍മിസൈല്‍ ആക്രമണത്തില്‍ മൂന്ന് സിവിലിയന്മാര്‍ കൊല്ലപ്പെട്ടതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് തിങ്കളാഴ്ചത്തെ ആക്രമണം.

Update: 2022-01-24 15:14 GMT

റിയാദ്: യമനിലെ ഹൂതി വിമതര്‍ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ അബുദബിക്ക് മുകളില്‍വച്ച് തടഞ്ഞ് നശിപ്പിച്ചതായി യുഎഇ. യമനില്‍ ദീര്‍ഘകാലമായി തുടരുന്ന യുദ്ധത്തിലെ ഏറ്റവും ഒടുവിലത്തെ ആക്രമണമാണിത്. അബുദബിയില്‍ ഹൂഥികള്‍ നടത്തിയ ഡ്രോണ്‍മിസൈല്‍ ആക്രമണത്തില്‍ മൂന്ന് സിവിലിയന്മാര്‍ കൊല്ലപ്പെട്ടതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് തിങ്കളാഴ്ചത്തെ ആക്രമണം.

യുഎഇയെ ആക്രമിച്ചതിനു പിന്നാലെ ഹൂഥികള്‍ സൗദി അറേബ്യയ്ക്ക് നേരെ മിസൈലുകള്‍ തൊടുത്തുവിട്ടു. ജിസാനിലെ വ്യാവസായിക മേഖലയിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ രണ്ടു വിദേശികള്‍ക്ക് പരിക്കേറ്റു. ഒരു ബംഗ്ലാദേശിക്കും സുഡാനി പൗരനുമാണ് പരിക്ക്. ഇവിടെയുള്ള വര്‍ക്ക് ഷോപ്പിന് മുകളിലാളിലാണ് മിസൈലുകള്‍ പതിച്ചത്. മറ്റൊരു മിസൈല്‍ സൗദി സഖ്യസേന വെടിവച്ചിട്ടു. ദഹ്‌റാന്‍ ജാനുബിലേക്കെത്തിയ മിസൈല്‍ ആണ് സൈന്യം തകര്‍ത്തത്.

അതേസമയം, ഹൂഥികള്‍ക്ക് യമനിലെ അവരുടെ കേന്ദ്രത്തില്‍ വച്ച് സഖ്യസേന ശക്തമായ തിരിച്ചടി നല്‍കി. യമനി പ്രവിശ്യയായ അല്‍ ജൗഫിലെ ഹൂഥികളുടെ ആയുധ കേന്ദ്രം സഖ്യസേന ബോംബിട്ട് തകര്‍ത്തു. ഇവിടെയുണ്ടായിരുന്ന ബാലസ്റ്റിസ് മിസൈല്‍ ലോഞ്ചറും തകര്‍ത്തവയില്‍ ഉള്‍പ്പെടും. അല്‍ ജൗഫിലെ കേന്ദ്രത്തില്‍ നിന്ന് ഹൂതികള്‍ രണ്ട് ഡ്രോണുകള്‍ തൊടുത്തുവിട്ടിരുന്നു. ഇവ സഖ്യസേന തകര്‍ത്തു.

അറബ് സഖ്യസേന യമനില്‍ ഹൂഥികള്‍ക്കെതിരേയും ഹൂഥികള്‍ സൗദിക്കെതിരേയും ആക്രമണ പ്രത്യാക്രമണങ്ങള്‍ പതിവാണ്. ഓരോ ദിവസവും മിസൈല്‍, റോക്കറ്റ്, ഡ്രോണ്‍ ആക്രമണങ്ങള്‍ സൗദിക്ക് നേരെയുണ്ടാകാറുണ്ട്. എന്നാല്‍ ഒരാഴ്ച്ചയ്ക്കിടെ യുഎഇക്ക് നേരെയും ഹൂഥികള്‍ ആക്രമണം തുടങ്ങി.കഴിഞ്ഞാഴ്ച അബൂദാബിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ടു വിദേശികള്‍ കൊല്ലപ്പെട്ടിരുന്നു.

ഇന്ന് രാവിലെ വീണ്ടും ആക്രമണമുണ്ടായെങ്കിലും മിസൈലുകള്‍ യുഎഇ സൈന്യം തകര്‍ക്കുകയായിരുന്നു. സൈന്യം സ്ഥാപിച്ച താഡ് മിസൈല്‍ പ്രതിരോധ കവചമാണ് മിസൈലുകള്‍ തകര്‍ത്തത്. യുഎസ് നിര്‍മിത മിസൈല്‍ പ്രതിരോധ കവചമാണ് താഡ്.

തിങ്കളാഴ്ച പുലര്‍ച്ചെ ആയിരുന്നു രണ്ട് ബാലസ്റ്റിക് മിസൈലുകള്‍ അബുദബിയെ ലക്ഷ്യമിട്ട് എത്തിയത്. ആകാശത്ത് വച്ച് തന്നെ സൈന്യം മിസൈല്‍ തകര്‍ത്തു. ഇവയുടെ അവശിഷ്ടങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ പതിച്ചു. കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ലെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ ഹൂതികളുടെ ആക്രമണം റിയാദിലേക്ക് വരെ എത്തിയിരുന്നു. ദീര്‍ഘദൂര മിസൈലുകള്‍ നിര്‍മിക്കാനും അവ പ്രയോഗിക്കാനും മറ്റൊരു ശക്തിയുടെ സഹായമില്ലാതെ ഹൂഥികള്‍ക്ക് സാധിക്കില്ല എന്നാണ് സൗദി വിലയിരുത്തുന്നത്. ഇറാനാണ് ഹൂഥികളുടെ പിന്നിലെന്നും സൗദി ആരോപിക്കുന്നു. എന്നാല്‍, ഈ ആരോപണം ഇറാന്‍ നിഷേധിക്കുകയാണ്. യമനിലെ ഷിയാ വിഭാഗക്കാരാണ് ഹൂഥികള്‍.

ഇവര്‍ക്കെതിരേ സൗദി നേതൃത്വത്തിലുള്ള സഖ്യസേന സൈനിക നീക്കം നടത്തിയതോടെയാണ് ഇരുരാജ്യങ്ങളെയും ഹൂഥികള്‍ തിരിച്ച് ആക്രമിക്കാന്‍ ആരംഭിച്ചത്.

Tags:    

Similar News