പ്രതികൂല സാഹചര്യങ്ങൾ; സാമ്പത്തിക വളർച്ചാനിരക്ക് താഴ്ത്തി ഐഎംഎഫ്
ഒമിക്രോൺ വ്യാപനം, ചൈനയിലെ സാമ്പത്തിക പ്രതിസന്ധി, ഉയർന്ന വിലക്കയറ്റം, ഇന്ധന വിലവർധന തുടങ്ങിയവ പരിഗണിച്ചാണു തിരുത്തൽ.
ന്യൂയോർക്ക്: ഈ വർഷത്തെ ലോക സാമ്പത്തിക വളർച്ചാപ്രതീക്ഷ തിരുത്തി അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്). ആഗോള സാമ്പത്തിക വളർച്ച 4.4 ശതമാനമായിരിക്കുമെന്നാണ് ഐഎംഎഫിന്റെ പുതിയ വിലയിരുത്തൽ. നേരത്തേ 4.9 ശതമാനം വളർച്ചയായിരുന്നു ഐഎംഎഫ് പ്രവചിച്ചിരുന്നത്. ഒമിക്രോൺ വ്യാപനം, ചൈനയിലെ സാമ്പത്തിക പ്രതിസന്ധി, ഉയർന്ന വിലക്കയറ്റം, ഇന്ധന വിലവർധന തുടങ്ങിയവ പരിഗണിച്ചാണു തിരുത്തൽ.
യുഎസിന്റെ വളർച്ചാപ്രതീക്ഷയും ഐഎംഎഫ് തിരുത്തിയിട്ടുണ്ട്. ഈ വർഷം നാലു ശതമാനം വളരുമെന്നാണു പുതിയ വിലയിരുത്തൽ. യുഎസ് 5.2 ശതമാനം വളരുമെന്നായിരുന്നു ഏജൻസിയുടെ മുൻ കണക്കൂകൂട്ടൽ. ചൈനയുടെ വളർച്ചാ പ്രതീക്ഷയും ഐഎംഎഫ് 4.8 ശതമാനമാക്കി.
നടപ്പു ധനകാര്യ വർഷത്തെ ഇന്ത്യയുടെ പ്രതീക്ഷിത വളർച്ച നിരക്കും 9 ശതമാനമായി ഐഎംഎഫ് തിരുത്തി. ഇന്ത്യ 9.5 ശതമാനം വളർച്ച നേടുമെന്നാണ് ഏജൻസി ഒക്ടോബറിൽ പറഞ്ഞത്. നടപ്പു ധനകാര്യ വർഷം ഇന്ത്യൻ ജിഡിപി 9.2 ശതമാനം വളരുമെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ വിലയിരുത്തൽ. ആർബിഐ ആകട്ടെ 9.5 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.