'പാകിസ്താന്റെ സ്വാതന്ത്ര്യ സമരം വീണ്ടും തുടങ്ങുന്നു'; പ്രധാനമന്ത്രി പദത്തില്‍നിന്നു പുറത്തായതിനു ശേഷമുള്ള ആദ്യ പ്രതികരണവുമായി ഇംറാന്‍ ഖാന്‍
ഇസ്‌ലാമാബാദ്: അവിശ്വാസപ്രമേയത്തില്‍ നടന്ന വോട്ടെടുപ്പില്‍ പരാജയപ്പെട്ട് പ്രധാനമന്ത്രി പദത്തില്‍നിന്നു പുറത്തായ പാക് മുന്‍ പ്രധാനമന്ത്രി ഇംറാന്‍ഖാന്‍ വിദേശ ഗൂഢാലോചന ആരോപണവുമായി വീണ്ടും രംഗത്ത്.
'1947ല്‍ ആണ് പാകിസ്താന് സ്വാതന്ത്രം ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണക്രമത്തിനെതിരേ വിദേശ ഗൂഢാലോചന നടന്നിരിക്കുന്നു. ജനാധിപത്യവും പരമാധികാരവും കാത്തുസൂക്ഷിക്കാന്‍ പ്രതിരോധം തീര്‍ക്കും'- ഇംറാന്‍ പറഞ്ഞു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇംറാന്‍ ഖാന്റെ ആദ്യ പ്രതികരണം. ഇതിനിടെ നാളെ ദേശീയ അസംബ്ലിയില്‍ നിന്ന് എല്ലാ അംഗങ്ങളും രാജിവെക്കാന്‍ ഇംറാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹരീകെ ഇന്‍സാഫ് (പിടിഐ) തീരുമാനിച്ചു. ഭാവിയില്‍ ഏത് തരത്തിലുള്ള നടപടികളുമായി മുന്നോട്ടുപോകണമെന്ന് തീരുമാനിക്കാന്‍ പാര്‍ട്ടി കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗവും ഇംറാന്‍ വിളിച്ചുചേര്‍ത്തു.