കൊറോണ: ചൈനയില്‍ നടത്താനിരുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് റദ്ദാക്കി

ഹാങ്ചൗവില്‍ ഫെബ്രുവരി 12, 13 തിയ്യതികളിലാണ് ചാംപ്യന്‍ഷിപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാറില്‍നിന്ന് 600 കിലോമീറ്റര്‍ അകലെയാണ് ഹാങ്ചൗവ്.

Update: 2020-01-27 03:28 GMT

ബെയ്ജിങ്: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ചൈനയില്‍ നടത്താനിരുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് റദ്ദാക്കി. ഏഷ്യന്‍ അത്‌ലറ്റിക്‌സ് അസോസിയേഷനാണ് ചാംപ്യന്‍ഷിപ്പ റദ്ദാക്കുന്ന കാര്യം അറിയിച്ചത്. ഹാങ്ചൗവില്‍ ഫെബ്രുവരി 12, 13 തിയ്യതികളിലാണ് ചാംപ്യന്‍ഷിപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാറില്‍നിന്ന് 600 കിലോമീറ്റര്‍ അകലെയാണ് ഹാങ്ചൗവ്. കൊറോണ വൈറസ് ത്വരിതഗതിയില്‍ വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന ചൈനീസ് പ്രസിഡന്റി ഷീ ചിങ് പിങ്ങിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. മാര്‍ച്ച് 13 മുതല്‍ 15 വരെ ചൈനയിലെ നാന്‍ജിങ്ങില്‍ നടത്താനിരുന്ന ലോക ഇന്‍ഡോര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന്റെ കാര്യത്തിലും ആശങ്ക നിലനില്‍ക്കുകയാണ്. ചാംപ്യന്‍ഷിപ്പിന്റെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നു ലോക അത്‌ലറ്റിക്‌സ് അസോസിയേഷന്‍ പ്രതികരിച്ചു.

ലോകാരോഗ്യസംഘടനയുമായും ഫെഡറേഷനുകളുമായും ചര്‍ച്ചകള്‍ നടക്കുകയാണെന്നും സംഭവങ്ങള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുകയാണെന്നും അസോസിയേഷന്‍ പ്രതികരിച്ചതായി ദി ഗാര്‍ഡിയന്‍ റിപോര്‍ട്ട് ചെയ്തു. നാന്‍ജിങ്ങില്‍ നടക്കാനിരിക്കുന്ന ലോക ഇന്‍ഡോര്‍ ചാംപ്യന്‍ഷിപ്പിനെ കൊറോണ വൈറസ് ബാധ ഏതെങ്കിലും വിധത്തില്‍ ബാധിക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ ഉപദേശം ലഭിച്ചാല്‍ ബന്ധപ്പെട്ടവരെ ഉടന്‍ അറിയിക്കുമെന്ന് സംഘടനയുടെ വക്താവ് പറഞ്ഞു. ചാംപ്യന്‍ഷിപ്പിന്റെ കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നും ചാംപ്യന്‍ഷിപ്പിന് ഏഴ് ആഴ്ചകള്‍ ബാക്കി നില്‍ക്കെ ചൈനയിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ സമയമുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വക്താവ് പറഞ്ഞു. വുഹാറില്‍നിന്ന് 280 മൈല്‍ അകലെയാണ് നാന്‍ജിങ്. 

Tags:    

Similar News