ജറുസലേം: ജറുസലേമിലെ അല്‍ അഖ്‌സ മസ്ജിദില്‍ മുസ്ലിംകളെ വിലക്കി ഇസ്രായേലി പോലിസ്. മാസങ്ങള്‍ക്ക് ശേഷം ആദ്യമായി ഇസ്രായേല്‍ പോലിസ് അധിനിവേശ കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്‌സ മസ്ജിദ് അടച്ചുപൂട്ടുകയും മുസ്ലിം വിശ്വാസികളെ കോമ്പൗണ്ടില്‍ പ്രവേശിക്കുന്നത് തടയുകയും ചെയ്തുവെന്ന് വിശുദ്ധ സ്ഥലത്തിന്റെ ചുമതലയുള്ള ഇസ്ലാമിക് വഖഫ് മന്ത്രാലയം അറിയിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, ഇസ്രായേല്‍ പോലിസ് ജൂതന്മാരെ മസ്ജിദ് കോമ്പൗണ്ടില്‍ പ്രവേശിക്കാന്‍ അനുവദിച്ചു. മുസ്ലിംകള്‍ക്ക് മാത്രം ആരാധന നടത്താന്‍ അനുവാദമുള്ള പള്ളിയിലെ നിലവിലെ സ്ഥിതി ലംഘിച്ച് ജൂത ആരാധകര്‍ കോമ്പൗണ്ടിലേക്ക് പ്രവേശിക്കുകയും ആചാരങ്ങള്‍ നടത്തുകയും ചെയ്തതായി ഫലസ്തീന്‍ വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മക്കയിലെ മസ്ജിദുല്‍ ഹറമിനും മദീനയിലെ പ്രവാചകന്റെ പള്ളിക്കുമൊപ്പം മുസ്ലിംകളുടെ മൂന്നാമത്തെ വിശുദ്ധ ഗേഹമാണ് മസ്ജിദുല്‍ അഖ്സ.
വിശുദ്ധ കോമ്പൗണ്ടിലേക്കുള്ള എല്ലാ ഗേറ്റുകളും പെട്ടെന്ന് അടച്ചുപൂട്ടുകയും എല്ലാ പ്രായത്തിലുമുള്ള മുസ്ലിംകളെയും അതിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്യുകയായിരുന്നുവെന്നും വഫ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാവിലെ മുതല്‍ പ്രായമായവര്‍ക്ക് മാത്രമാണ് ഇസ്രായേല്‍ പോലിസ് പള്ളിയിലേക്ക് പ്രവേശനം നല്‍കിയിരുന്നതെന്നും പിന്നീട് പെട്ടെന്ന് എല്ലാവരെയും തടയുകയായിരുന്നുവെന്നും വാര്‍ത്തയില്‍ പറഞ്ഞു.
അതേസമയം, വ്യോമാക്രമണത്തിലൂടെ ഇസ്രായേല്‍ 24 മണിക്കൂറിനിടെ 704 പേരെ കൊന്നുവെന്ന് ഗസ്സ അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ ഏഴ് മുതലുള്ള അധിനിവേശത്തില്‍ ഗസ്സയില്‍ 5791 പേര്‍ കൊല്ലപ്പെട്ടതായും 16,297 പേര്‍ക്ക് മുറിവേറ്റതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഗസ്സയിലെ മൂന്നില്‍ രണ്ട് ആരോഗ്യ സംവിധാനവും പ്രവര്‍ത്തന ക്ഷമമല്ലെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. 72 ആരോഗ്യ കേന്ദ്രങ്ങളില്‍ 46 എണ്ണവും 35 ആശുപത്രികളില്‍ 12 എണ്ണവും പ്രവര്‍ത്തനം നിര്‍ത്തിയെന്ന് ഡബ്ല്യൂഎച്ച്ഒ പറഞ്ഞു. ഇസ്രായേല്‍ തടസ്സം സൃഷ്ടിച്ചതോടെയുണ്ടായ വൈദ്യുതി- ഇന്ധന ക്ഷാമമാണ് പ്രവര്‍ത്തനം നിലയ്ക്കാന്‍ ഇടയാക്കിയതെന്ന് ഫലസ്തീന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. വ്യോമാക്രമണം കനത്തതും ജനങ്ങള്‍ തിങ്ങിനിറഞ്ഞ ആശുപത്രികള്‍ അടയ്ക്കാന്‍ കാരണമായതായും പറഞ്ഞു.
ഗസ്സ സിറ്റിയിലെ അല്‍വഫ ആശുപത്രി കവാടത്തിലും പരിസരത്തിലും ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. മുന്നറിയിപ്പില്ലാതെയായിരുന്നു ആക്രമണം. രോഗികളെ ഒഴിപ്പിക്കാനാവില്ലെന്നും കൂടുതല്‍പേരും കോമയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗസ്സയിലെ പല ആശുപത്രികളിലെയും ഇന്ധനം തീര്‍ന്നു തുടങ്ങി. വടക്കന്‍ ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ ഇന്തോനേഷ്യന്‍ ആശുപത്രിയിലെ ഇന്ധനം തീര്‍ന്നതോടെ ഇന്‍ക്യുബേറ്ററില്‍ കഴിയുന്ന നിരവധി കുഞ്ഞുങ്ങളുടെ ജീവനാണ് അപകടത്തിലായത്. താല്‍ക്കാലികമായി കുറച്ച് സമയത്തേക്കുള്ള ഇന്ധനം എത്തിച്ചെങ്കിലും എത്രസമയത്തേക്ക് തികയുമെന്ന് നിശ്ചയമില്ല.അതിനിടെ, ഗസ്സയില്‍ ഇസ്രായേലിന് ലക്ഷ്യംകൈവരിക്കാനാകുന്ന യുദ്ധപദ്ധതി ഇല്ലെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. ജനസാന്ദ്രതയേറിയ ഗസ്സയില്‍ ഹമാസ് സങ്കീര്‍ണ്ണമായ തുരങ്ക ശൃംഖലകള്‍ സൃഷ്ടിച്ചിട്ടുണ്ട്. കരയുദ്ധത്തില്‍ ഇതിനെ മറികടക്കുക ഇസ്രായേലിന് എളുപ്പമാവില്ലെന്നും അമേരിക്ക വ്യക്തമാക്കി.