മസ്ജിദുല്‍ അഖ്‌സയില്‍ ജൂതന്‍മാര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അനുമതി; ഇസ്രായേല്‍ കോടതി വിധിയെ അപലപിച്ച് ജോര്‍ദാന്‍
അമ്മാന്‍: കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്‌സ മസ്ജിദ് കോമ്പൗണ്ടില്‍ 'ജൂതന്‍മാരെ' പ്രാര്‍ത്ഥിക്കാന്‍ അനുവദിച്ച ഇസ്രായേല്‍ കോടതി വിധിയെ ജോര്‍ദാന്‍ ശക്തമായി അപലപിച്ചു. ഈ തീരുമാനം അസാധുവാണ്. 1967ല്‍ കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇസ്രായേലി അധികാരപരിധി അംഗീകരിക്കുന്നില്ലെന്നും അന്താരാഷ്ട്ര നിയമത്തിന് കീഴില്‍ നിയമപരമായ പദവിയില്ലെന്നും ജോര്‍ദാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഹൈതം അബു അല്‍ ഫൗളിനെ ഉദ്ധരിച്ച് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
വിശുദ്ധ നഗരത്തിന്റെ തല്‍സ്ഥിതി നിലനിര്‍ത്താന്‍ എല്ലാവരെയും പ്രേരിപ്പിക്കുന്ന യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍ ഉള്‍പ്പെടെ, ജറുസലേമുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമസാധുതാ പ്രമേയങ്ങളുടെ നഗ്‌നമായ ലംഘനമായാണ് ഈ തീരുമാനത്തെ കണക്കാക്കുന്നത്. അല്‍ അഖ്‌സ മസ്ജിദ് 'മുസ്‌ലിംകള്‍ക്ക് മാത്രമുള്ള ആരാധനാലയം' ആണ്. ജോര്‍ദാന്‍ ഭരിക്കുന്ന ജറുസലേം ഔഖാഫ്, അല്‍ അഖ്‌സ മോസ്‌ക് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മാത്രമാണ് പള്ളിയുടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ഏക സ്ഥാപനം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.