ഗസയില്‍ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ വ്യോമാക്രമണം; 500 ലേറെ പേര്‍ കൊല്ലപ്പെട്ടു
സ്ത്രീകളും കുട്ടികളുമാണ് പരിക്കേറ്റവരില്‍ ഏറെയും.
ഗസ: ഗസ സിറ്റിയില്‍ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ വ്യോമാക്രമണം. 500ലേറെ പേര്‍ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഗസ സിറ്റിയിലെ അല്‍-അഹ്ലി അറബ് ആശുപത്രിക്ക് നേരെയാണ് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതെന്ന് സര്‍ക്കാര്‍ മീഡിയ ഓഫിസ് മേധാവി സലാം മറൂഫ് പറഞ്ഞു. ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റ ആയിരക്കണക്കിന് പേര്‍ ചികിത്സ തേടിയ ആശുപത്രിയാണിത്.
'ആശുപത്രിക്ക് നേരെ ഇസ്രായേല്‍ അധിനിവേശ സൈന്യം യുദ്ധക്കുറ്റം ചെയ്തു. വീടുകളില്‍ നിന്ന് പലായനം ചെയ്ത നൂറുകണക്കിന് ആളുകളും രോഗികളും പരിക്കേറ്റവരും അവിടെ ഉണ്ടായിരുന്നു' -സലാം മറൂഫ് പറഞ്ഞു. ആശുപത്രിക്ക് നേരെ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ആക്രമണത്തില്‍ പരിക്കേറ്റ നിരവധി ആളുകളെ അല്‍-അഹ്ലി അറബ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീകളും കുട്ടികളുമാണ് പരിക്കേറ്റവരില്‍ ഏറെയും.
അതിനിടെ, ഗസ്സയില്‍ ഐക്യ രാഷ്ട്രസഭ നടത്തുന്ന അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 6 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായി യു.എന്‍ റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സി (യു.എന്‍.ആര്‍.ഡബ്ല്യു.എ) ഗസ്സ മുനമ്പിലെ അല്‍-മഗാസി അഭയാര്‍ഥി ക്യാമ്പില്‍ നടത്തുന്ന സ്‌കൂളിന് നേരെയാണ് ആക്രമണം നടന്നത്. ആറ് പേര്‍ കൊല്ലപ്പെട്ടതായി യു.എന്‍ അഭയാര്‍ഥി ഏജന്‍സി സ്ഥിരീകരിച്ചു. കുറഞ്ഞത് 4,000 ആളുകളെങ്കിലും അഭയം പ്രാപിച്ച സ്‌കൂളിന് നേരെയാണ് ആക്രമണം നടന്നതെന്ന് യു.എന്‍.ആര്‍.ഡബ്ല്യു.എ കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസാരിനി പ്രസ്താവനയില്‍ പറഞ്ഞു.