ഖഷഗ്ജി വധം: യുഎന്‍ അന്താരാഷ്ട്ര അന്വേഷണ സംഘം തുര്‍ക്കിയിലേക്ക്

ജനുവരി 28 മുതല്‍ ഫെബ്രുവരി മൂന്നുവരെ തുര്‍ക്കി സന്ദര്‍ശിക്കുമെന്ന് യുഎന്‍ അന്വേഷണ സംഘത്തിലെ മേധാവി ആഗ്നസ് കാള്‍ ഇ-മെയിലിലൂടെ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു

Update: 2019-01-24 20:37 GMT

ജനീവ: സൗദി ഭരണകൂട വിമര്‍ശകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ജമാല്‍ ഖഷഗ്ജി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്താരാഷ്ട്രതലത്തില്‍ സ്വതന്ത്ര അന്വേഷണത്തിനായുള്ള യുഎന്‍ വിദഗ്ധനുള്‍പ്പെടുന്ന സംഘം അടുത്ത ആഴ്ച തുര്‍ക്കിയിലെത്തും. അന്താരാഷ്ട്രതല അന്വേഷണം വേണമെന്നും അതിനുള്ള തയ്യാറെടുപ്പ് നടത്തുന്നതായും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ കഴിഞ്ഞ ആഴ്ച പ്രസ്താവിച്ചിരുന്നു. ജനുവരി 28 മുതല്‍ ഫെബ്രുവരി മൂന്നുവരെ തുര്‍ക്കി സന്ദര്‍ശിക്കുമെന്ന് യുഎന്‍ അന്വേഷണ സംഘത്തിലെ മേധാവി ആഗ്നസ് കാള്‍ ഇ-മെയിലിലൂടെ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. കുറ്റകൃത്യത്തിന്റെ സാഹചര്യങ്ങള്‍ വിശദമായി വിലയിരുത്തുമെന്നും കൊലപാതകത്തില്‍ ഏതെങ്കിലും രാജ്യത്തിനോ വ്യക്തികള്‍ക്കോ പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ കണ്ടെത്തലുകളും നിഗമനങ്ങളും 2019 ജൂണില്‍ നടക്കുന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം 21 സൗദി പൗരന്‍മാരെ കസ്റ്റഡിയിലെടുത്തതായി സൗദി പബ്ലിക് പ്രോസിക്യൂട്ടറുടെ വക്താവ് അറിയിച്ചു. 11 പേര്‍ക്കെതിരേ വിചാരണ നടക്കുകയാണ്. കുറ്റവാളികളായ 11 പേരില്‍ അഞ്ചുപേരുടെ വധശിക്ഷ ഈ മാസം തന്നെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ആഗോളതലത്തില്‍ ആവശ്യമുയരുന്നതായി യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ വിലയിരുത്തിയതായാണ് ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയിലെ കൊളംബിയ ഗ്ലോബല്‍ ഫ്രീഡം ഓഫ് എക്‌സ്പ്രഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്്ടര്‍ കാള്‍മാര്‍ട്ട് വ്യക്തമാക്കുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിമര്‍ശകനും വാഷിങ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റുമായി ജമാല്‍ ഖഷഗ്ജി ഇക്കഴിഞ്ഞ ഒക്്‌ടോബര്‍ രണ്ടിനു ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ചാണ് കൊല്ലപ്പെട്ടത്.




Tags:    

Similar News