ജെറ്റ് എയര്‍വെയ്‌സ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്: നിരവധി ഗള്‍ഫ് സര്‍വീസുകള്‍ നിര്‍ത്തലാക്കി

Update: 2019-03-19 16:47 GMT

ദുബയ്: കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വെയ്‌സിന്റെ നിരവധി ഗള്‍ഫ് സര്‍വീസുകള്‍ നിര്‍ത്തലാക്കി. വിമാന വാടക കൊടുക്കാന്‍ കഴിയാത്തതും പൈലറ്റ് അടക്കമുള്ള ജീവനക്കാര്‍ക്ക് വേതനം കൊടുക്കാന്‍ കഴിയാത്ത അവസ്ഥയായതിനാലുമാണ് സര്‍വീസുകള്‍ നിര്‍ത്തുന്നത്. മലയാളിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈസ്റ്റ് വെസ്റ്റ് എയര്‍ലൈനിന്റെ തകര്‍ച്ചയോടെയാണ് നരേഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ജെറ്റ്എയര്‍വെയ്‌സ് ഉയര്‍ന്ന് വരുന്നത്. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിമാന കമ്പനിയുടെ സ്ഥാപകനായ തിരുവനന്തപുരം വര്‍ക്കല സ്വദേശി തക്കിയുദ്ദീന്‍ വാഹിദ് മുംബൈയില്‍ വെടിയേറ്റ് മരിച്ചതോടെയാണ് ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍ തകര്‍ന്നത്. ഈ തകര്‍ച്ചയോടെയാണ് ജെറ്റ് എയര്‍വെയ്‌സ് ഉയര്‍ന്ന് വരുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഏതാനും വര്‍ഷം മുമ്പ് അബുദബിയിലെ ഇത്തിഹാദ് എയര്‍വെയ്‌സ് ജെറ്റ് എയര്‍വെയ്‌സിന്റെ 24 ശതമാനം ഓഹരി വാങ്ങിയെങ്കിലും പ്രതിസന്ധിയെ തരണം ചെയ്യാന്‍ കഴിഞ്ഞില്ല. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് ജെറ്റ് എയര്‍വെയ്‌സിനോട് കൂടുതല്‍ ഉദാര സമീപനം സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയം ഇക്കാര്യം ചര്‍ച്ച ചെയ്യാനായി അടുത്ത് തന്നെ ഉന്നത തല യോഗം വിളിക്കാനും പരിപാടിയുണ്ട്. കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കുന്നതോടെ ഇന്ത്യക്കകത്തും പുറത്തേക്കുമുള്ള വിമാന നിരക്കുകള്‍ കുത്തനെ വര്‍ദ്ധിക്കും. പ്രഫുല്‍ പട്ടേല്‍ കേന്ദ്ര വ്യോമയാന മന്ത്രിയായിരിക്കുമ്പോള്‍ എയര്‍ ഇന്ത്യക്ക് നല്ല വരുമാനം ലഭിക്കുന്ന സ്ലോട്ടുകള്‍ ജെറ്റ് എയര്‍വെയ്‌സിന് മറിച്ച് നല്‍കിയിരുന്നു. ദുബയ്-മംഗ്ലൂരു സര്‍വീസുകളെല്ലാം തന്നെ ഇത്തരത്തില്‍ ജെറ്റ് എയര്‍വെയ്‌സിന് മറിച്ച് നല്‍കി കിട്ടിയതാണ്. ബജറ്റ് വിമാനങ്ങളുടെ ബാഹുല്യവും മാനേജ്‌മെന്റിന്റെ പിടിപ്പ് കേടുമാണ് ജെറ്റ് എയര്‍വെയ്‌സിന്റെ തകര്‍ച്ചക്ക് കാരണമായത്. 

Tags:    

Similar News