ഇന്ധനവില വര്‍ധനവില്‍ ജനരോഷം ആളിക്കത്തുന്നു: കസാഖിസ്താന്‍ സര്‍ക്കാര്‍ രാജിവെച്ചു

പ്രക്ഷോഭകര്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് തീയിടുകയും വ്യാപക അതിക്രമങ്ങള്‍ നടത്തുകയും ചെയ്ത പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്തും പ്രധാനനഗരങ്ങളിലും പ്രവിശ്യകളിലും പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

Update: 2022-01-06 01:15 GMT

നൂര്‍ സുല്‍ത്താന്‍: രാജ്യത്ത് ഇന്ധന വിലവര്‍ധനയ്‌ക്കെതിരായ പ്രക്ഷോഭം അക്രമാസക്തമായതിനു പിന്നാലെ കസാഖിസ്താന്‍ സര്‍ക്കാര്‍ രാജിവെച്ചു. പ്രക്ഷോഭകര്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് തീയിടുകയും വ്യാപക അതിക്രമങ്ങള്‍ നടത്തുകയും ചെയ്ത പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്തും പ്രധാനനഗരങ്ങളിലും പ്രവിശ്യകളിലും  പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കമാണ് അസ്‌കര്‍ മാമിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രസിഡന്റ് ഖാസിം ജൊമാര്‍ട്ട് തൊകയേവിന് രാജിസമര്‍പ്പിച്ചത്. രാജി സ്വീകരിച്ച പ്രസിഡന്റ് അലിഖന്‍ സ്‌മെയ്‌ലോവിനെ താത്കാലിക പ്രധാനമന്ത്രിയായി നിയോഗിച്ചു. ഇന്ധനവില കുറയ്ക്കാനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നാണ്ടാകുമെന്നും പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്.

അതേസമയം, സര്‍ക്കാര്‍ രാജിവെച്ചിട്ടും പ്രക്ഷോഭങ്ങള്‍ തുടരുകയാണ്. ബുധനാഴ്ച പ്രക്ഷോഭകര്‍ കസാഖിസ്താനിലെ പ്രധാനനഗരമായ അല്‍മാറ്റിയിലെ മേയറുടെ ഓഫിസിന് തീയിട്ടു. അടിയന്തരാവസ്ഥ മറികടന്ന് ആയിരക്കണക്കിനാളുകളാണ് തെരുവിലിറങ്ങിയത്. മൊബൈല്‍ ഇന്റര്‍നെറ്റും മെസേജിങ് ആപ്പുകളും സര്‍ക്കാര്‍ തടസ്സപ്പെടുത്തിയിരിക്കുകയാണ്. ഷിംകെന്റ്, തരാസ് മേഖലകളിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കുനേരെ ആക്രമണങ്ങുണ്ടായി. 100 ഓളം പോലിസുദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

200ഓളം പേരെ പോലിസ് പിടികൂടി. തലസ്ഥാനമായ നൂര്‍ സുല്‍ത്താനില്‍ രണ്ടാഴ്ചത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

എണ്ണസമൃദ്ധമായ കസാഖിസ്താനില്‍ സമീപകാലങ്ങളിലൊന്നും ഇത്തരം പ്രക്ഷോഭങ്ങളുണ്ടായിട്ടില്ല. പ്രതിഷേധങ്ങള്‍ വെളിച്ചത്തുവരാതെ നിയന്ത്രിച്ചുകൊണ്ടുപോകുന്നതില്‍ സര്‍ക്കാരും വിജയിച്ചിരുന്നു. എന്നാല്‍, പുതുവത്സരത്തില്‍ എല്‍പിജിയുടെ വില ഏകദേശം ഇരട്ടിയായി വര്‍ധിച്ചതാണ് പെട്ടെന്നുണ്ടായ പ്രകോപനം. ഭൂരിഭാഗവും ആളുകളും എല്‍പിജി കാര്‍ ഉപയോഗിക്കുന്ന പടിഞ്ഞാറന്‍ മേഖലയിലാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.

Tags:    

Similar News