ലോക കേരളാ സഭ: നോര്‍ക്ക റൂട്‌സില്‍ വനിതാ സെല്‍ ആരംഭിക്കുമെന്നു മുഖ്യമന്ത്രി
ദുബൈ: പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ ജില്ലകളിലും ജില്ലാ പ്രവാസി പരിഹാര സമിതി രൂപീകരിക്കുമെന്നും നോര്‍ക്ക റൂട്‌സില്‍ വനിതാ സെല്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ദുബൈ ഇത്തിസാലാത്ത് അക്കാദമിയില്‍ ആരംഭിച്ച ലോക കേരള സഭയുടെ ഗള്‍ഫ് മേഖല പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പൊതുനന്മ മുന്‍ നിര്‍ത്തി ലോകത്തെങ്ങുമുള്ള മലയാളികളെ ഒന്നിപ്പിക്കുന്നതാണ് ലോക കേരളാസഭ. പ്രവാസികള്‍ക്കായുള്ള പ്രവാസി ഡിവിഡന്റ് പദ്ധതി സര്‍ക്കാര്‍ നടപ്പാക്കും. അഞ്ചു ലക്ഷമോ അതിന്റെ ഗുണിതങ്ങളോ നിക്ഷേപിച്ചാല്‍ അഞ്ചു വര്‍ഷത്തിന് ശേഷം മാസം തോറും നിശ്ചിത തുക ഡിവിഡന്റ് ആയി ലഭിക്കുന്ന വിധത്തിലാണു പദ്ധതി വിഭാവനം ചെയ്യുക. നോര്‍ക്കയില്‍ അംഗങ്ങളായ പ്രവാസികള്‍ക്കു വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കുന്ന പദ്ധതി വ്യാപിപ്പിക്കും. നിലവില്‍ ഒമാന്‍ എയര്‍ ലൈന്‍സുമായി ഇത്തരത്തില്‍ ഏഴു ശതമാനം ഇളവ് നല്‍കാന്‍ കരാറുണ്ട്. ഖത്തര്‍ എയര്‍ ലൈന്‍സുമായി ഈ മാസം തന്നെ കരാര്‍ ഒപ്പിടും. സംസ്ഥാനത്തു ഓരോ പഞ്ചായത്തിലും പ്രവാസി സഹകരണ സംഘങ്ങള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഎഇ പ്രധാന മന്ത്രിയും വൈസ് പ്രസിഡണ്ടും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മത് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.